കൊച്ചി: സ്വന്തം കൃഷിഭൂമിയിൽ എന്തു കൃഷിചെയ്യണമെന്ന് നിശ്ചയിക്കുവാനുള്ള കർഷകന്റെ അവകാശത്തെ കൂച്ചുവിലങ്ങിട്ട് കാർഷികമേഖലയ്ക്കും ഭൂവിനിയോഗത്തിനും വെല്ലുവിളിയുയർത്തുന്ന സംസ്ഥാന റവന്യൂ കൃഷി വകുപ്പുകളുടെ കർഷകവിരുദ്ധ അജണ്ടകളെയും നിയമനിർമ്മാണശ്രമങ്ങളെയും കർഷകർ ഒറ്റക്കെട്ടായി എതിർക്കുമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

കാർഷികോല്പന്നങ്ങൾക്ക് ഉല്പാദനച്ചെലവ് അടിസ്ഥാനമാക്കി വില നിശ്ചയിക്കാനോ, ഉല്പന്നങ്ങൾ സംഭരിക്കാനോ, സംഭരിച്ച നെല്ലിന് സമയബന്ധിതമായി വിലനൽകുവാനോ, ഉല്പന്ന സംസ്‌കരണത്തിനോ, കാർഷികപ്രതിസന്ധിയിൽ കർഷകനെ സഹായിക്കാനോ ശ്രമിക്കാതെ സർക്കാർ കൃഷിഭൂമി ഏറ്റെടുക്കുവാൻ നിയമനിർമ്മാണവുമായി ഇറങ്ങിത്തിരിക്കുന്നത് വൻ പ്രക്ഷോഭത്തിനിടനൽകും. തങ്ങളുടെ ഉല്പന്നങ്ങൾക്ക് അടിസ്ഥാനവില ലഭിക്കാത്തതാണ് കർഷകർ കൃഷി ഉപേക്ഷിച്ച് ഭൂമി തരിശിടുന്നതിന്റെ അടിസ്ഥാന കാരണം. വിവിധ രാജ്യാന്തര കരാറുകളിലൂടെ കാർഷികവിപണി ആഗോളവൽക്കരിക്കപ്പെട്ടിരിക്കുമ്പോൾ കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന ഉല്പാദനക്കുറവും വിലത്തകർച്ചയുംമൂലം പരമ്പരാഗത കൃഷികളിൽനിന്നും കർഷകർ മാറിച്ചിന്തിക്കേണ്ട സാഹചര്യത്തിൽ അതിനനുസരിച്ച് മത്സരക്ഷമത കൈവരിക്കാൻ കർഷകർക്ക് പ്രോത്സാഹനമേകേണ്ട സർക്കാർ പുത്തൻ കർഷകവിരുദ്ധ നിയമനിർമ്മാണ അജണ്ടകളുമായി നീങ്ങുന്നത് അംഗീകരിക്കില്ല.

ചെറുകിട കർഷകരെപ്പോലെ കാർഷിക വിലയിടിവ് സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധിയിൽ തോട്ടം മേഖലയും തകർന്നിരിക്കുന്നു. തോട്ടങ്ങൾ ചില്ലറവില്ക്കാനോ കൃഷിമാറ്റത്തിനോ സാധിക്കാത്ത നിയമതടസ്സങ്ങൾ നിരവധിയുണ്ട്. കടമെടുത്ത് വൻ സാമ്പത്തിക പ്രതിസന്ധിയിലും തൊഴിലാളികളെ സംരക്ഷിക്കേണ്ട അവസ്ഥയാണിന്ന്. തോട്ടം മേഖലയിലെ കർഷകരുടെ സംഘടിത നീക്കമുണ്ടായില്ലെങ്കിൽ തലമുറകളായി കൈമാറിക്കിട്ടിയതും സ്വയം അദ്ധ്വാനിച്ച് ആർജ്ജിച്ചതുമായ ഭൂസ്വത്തുക്കൾ പുത്തൻ നിയമനിർമ്മാണത്തിലൂടെ സർക്കാർ കയ്യേറുന്ന സ്ഥിതിവിശേഷമുണ്ടാകും. രണ്ടാം ഭൂപരിഷ്‌കരണമെന്ന പേരിൽ വിലത്തകർച്ച സൃഷ്ടിച്ചിരിക്കുന്ന വൻ പ്രതിസന്ധി അതിജീവിക്കാനാവാതെ കർഷകർ തകർന്നടിഞ്ഞിരിക്കുമ്പോൾ നിയമാനുസൃത കൈവശ ഭൂമിപോലും കയ്യേറുവാനുള്ള സംസ്ഥാന സർക്കാർ അജണ്ടയെ എന്തുവിലകൊടുത്തും എതിരിടുമെന്നും ഇതിനായി കർഷകർ സംഘടിക്കണമെന്നും വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.