കോട്ടയം: മധ്യപ്രദേശിലെ വരൾച്ചാബാധിത പ്രദശങ്ങളിലെ കർഷകർ നടത്തിയ സമരം അടിച്ചമർത്തി കർഷകരെ വിവസ്ത്രരാക്കി മർദ്ദിച്ച ക്രൂരതയ്ക്കെതിരെ ഇന്ത്യയിലെ കർഷകമനഃസാക്ഷി ഉണരണമെന്നും കർഷക ആത്മഹത്യകളുടെ പ്രധാനകാരണം ഉദ്യോഗസ്ഥ പീഡനമാണെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ .വി സി.സെബാസ്റ്റ്യൻ  സൂചിപ്പിച്ചു.

വരൾച്ചയും കടക്കെണിയും വിലത്തകർച്ചയും മൂലം കാർഷികമേഖല തകർന്നടിഞ്ഞ് കർഷക ആത്മഹത്യകൾ രാജ്യത്തുടനീളം പെരുകുകയാണ്. നോട്ടുനിരോധനവും, പുത്തൻ നികുതിവ്യവസ്ഥകളും, രാജ്യാന്തര നികുതിരഹിത കാർഷികോല്പന്ന ഇറക്കുമതിയും സൃഷ്ടിച്ചിരിക്കുന്ന ആഭ്യന്തര കാർഷികതകർച്ച അതിരൂക്ഷമാണ്. കർഷക ആത്മഹത്യകളെ നിസാരവൽക്കരിച്ചുകാണുന്ന കേന്ദ്രസർക്കാരുകളുടെ ധിക്കാരനിലപാട് വളരെ വിചിത്രവും ദ്രോഹപരവുമാണ്.

കേരളത്തിൽ കർഷക ആത്മഹത്യകളില്ലെന്ന് ചില കേന്ദ്രങ്ങൾ ബോധപൂർവ്വം നടത്തുന്ന പ്രചരണം അടിസ്ഥാന രഹിതമാണ്. കടക്കെണിയും കൃഷിത്തകർച്ചയുംമൂലമാണ് ചേർപ്പുളശ്ശേരിയിൽ അയ്യപ്പൻ എന്ന കർഷകൻ കഴിഞ്ഞയാഴ്ച ആത്മഹത്യ ചെയ്തത്. കേരളത്തിലെ ഇതര ആത്മഹത്യകളുടെ പ്രധാനകാരണം ഉദ്യോഗസ്ഥപീഡനമാണ്. ചക്കിട്ടപാറ ജോയിയും വെള്ളരിക്കുണ്ട് അലക്സാണ്ടറും റവന്യൂ-വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നീതിനിഷേധംകൊണ്ട് ആത്മഹത്യചെയ്ത കർഷകരാണ്. പതിറ്റാണ്ടുകളായി കരമടച്ച് കൃഷി ചെയ്യുന്ന കർഷകഭൂമി കൈയേറുന്ന വനംവകുപ്പിന്റെയും കൈവശാവകാശരേഖ റദ്ദുചെയ്യുന്ന റവന്യൂ വകുപ്പിന്റെയും ദ്രോഹനടപടികൾക്കെതിരെ കേരളത്തിലും ശക്തമായ കർഷകപ്രക്ഷോഭം ആസന്നമാണെന്ന് വി സി.സെബാസ്റ്റ്യൻ പറഞ്ഞു.