ആലപ്പുഴ: മുഖ്യമന്ത്രി നേരിട്ടിടപെട്ടിട്ടും കർഷകരിൽനിന്നുള്ള നെല്ലുസംഭരണം അട്ടിമറിക്കപ്പെട്ടിരിക്കുന്നത് നിർഭാഗ്യകരമാണെന്നും മില്ലുടമകളുടെ പിടിവാശിക്കു മുമ്പിൽ സർക്കാർ മുട്ടുമടക്കുന്നത് കർഷകരെ വൻ ജീവിതപ്രതിസന്ധിയിലാക്കുമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

നെല്ലുസംഭരണ അനിശ്ചിതത്വത്തിന് സംസ്ഥാന സർക്കാർ അടിയന്തരപരിഹാരം കാണണം. കഴിഞ്ഞ ഓണസീസണിൽ സംസ്ഥാനത്തെ അരിക്ഷാമം പരിഹരിക്കാൻ ആന്ധ്രായിൽ നിന്ന് അരിവാങ്ങിയ സംസ്ഥാന സർക്കാരിന് സ്വന്തം നാട്ടിലെ കർഷകരുടെ നെല്ല് വാങ്ങുവാൻ തടസ്സങ്ങൾ സൃഷ്ടിക്കുന്നവരെ നിലയ്ക്കുനിർത്താനാവാത്തത് ഭരണപരാജയമാണ്. സംഭരണം അട്ടിമറിക്കുന്നതിനു പിന്നിൽ കൃഷി-ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരും സ്വകാര്യ മില്ലുടമകളും ചേർന്നുള്ള ഗൂഢാലോചനയാണെന്ന് ആക്ഷേപമുയർന്നിരിക്കുന്നത് ഗൗരവമായി കാണണം. നെല്ലുസംഭരണം അട്ടിമറിക്കപ്പെടുമ്പോൾ കൊയ്തെടുത്ത നെല്ല് വിലയിടിച്ച് സ്വകാര്യ മില്ലുടമകൾക്കു വിൽക്കാൻ കർഷകർ നിർബന്ധിതരാകും. ഈ സാഹചര്യം സൃഷ്ടിക്കാനുള്ള കുത്സിതശ്രമം എതിർക്കപ്പെടേണ്ടതാണ്.

കേരളത്തിലെ കർഷകരെ പ്രതിസന്ധിയിലാക്കി നെല്ലുസംഭരണം അട്ടിമറിച്ച് അന്യ സംസ്ഥാനങ്ങളിൽ നിന്ന് നെല്ല് ഇറക്കുമതി ചെയ്ത് കുത്തി അരിയാക്കി ആഭ്യന്തരവിപണിയിൽ വിലകൂട്ടി വിൽക്കുന്ന വൻകിട മില്ലുടമകൾക്കെതിരെ നടപടിയെടുക്കാൻ സർക്കാരിനാ കാത്തത് ദുഃഖകരമാണ്. ഗുണമേന്മ പരിശോധന പാടില്ലെന്നുള്ള മില്ലുടമകളുടെ പിടിവാശിയും ധിക്കാരസമീപനവും അംഗീകരിക്കാനാവില്ല. ഉത്തരേന്ത്യയിലെ കർഷക ആത്മഹത്യകളെ നിരന്തരം അപലപിക്കുന്ന സംസ്ഥാന സർക്കാരിനും അധികാരത്തിലിരിക്കുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും സ്വന്തം നാട്ടിലെ കർഷകരെ സംരക്ഷിക്കുവാൻ സാധിക്കാത്തത് വേദനയുളവാക്കുന്നു.

ഉല്പാദിപ്പിച്ച നെല്ല് കർഷകരിൽനിന്ന് സംഭരിക്കാനോ സംഭരിക്കുന്ന നെല്ലിന്റെ തുക കൃത്യമായി നൽകാനോ സാധിക്കാത്ത കൃഷി-ഭക്ഷ്യവകുപ്പുകൾ നെൽകൃഷി വ്യാപിപ്പിക്കാനും കർഷകരുടെ കൈവശമുള്ള തരിശുഭൂമി ഏറ്റെടുക്കുവാനും നിയമനിർമ്മാണം ഉൾപ്പെടെയുള്ള നടപടികൾ പ്രഖ്യാപിച്ചിരിക്കുന്നത് വിരോധാഭാസമാണെന്നും വി സി.സെബാസ്റ്റ്യൻ സൂചിപ്പിച്ചു.

കൊയ്ത്തു നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുമ്പോൾ മില്ലുടമകളും സർക്കാരും നെല്ലുസംഭരണത്തിൽ തീരുമാനമാകാതെ നിഷേധനിലപാട് തുടരുകയാണെങ്കിൽ കർഷകപ്രസ്ഥാനങ്ങൾ ഏകോപിപ്പിച്ചുള്ള അടിയന്തരനീക്കമുണ്ടാകും. പാലക്കാട്ടും ആലപ്പുഴയിലും ഇൻഫാമിന്റെ നേതൃത്വത്തിൽ വിവിധ കർഷക സംഘടനകളുടെ കൂട്ടായ്മ വിളിച്ചുചേർക്കുമെന്ന് ഇൻഫാം കോർഡിനേറ്റർ ജോസുകുട്ടി കുട്ടംപേരൂർ ആലപ്പുഴയിൽ പറഞ്ഞു.