കൊച്ചി: ചെറുകിട കർഷകർക്ക് റബർ വിലത്തകർച്ചയിൽ ആശ്വാസമായ സംസ്ഥാന സർക്കാരിന്റെ റബർ ഉത്തേജകപദ്ധതി അട്ടിമറിക്കാൻ അനുവദിക്കില്ലെന്നും സമയ ബന്ധിതമായി പദ്ധതി തുടരുവാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും മാസങ്ങളായി മുടങ്ങിക്കിടക്കുന്ന പദ്ധതി അടിയന്തരമായി പുനർജ്ജീവിപ്പിക്കണമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

റബർ ഉത്തേജകപദ്ധതിയുടെ മൂന്നാം ഘട്ടമാണിപ്പോൾ. ആദ്യഘട്ടത്തിൽ കഴിഞ്ഞ സർക്കാർ 300 കോടിയും ഈ സർക്കാർ രണ്ടാംഘട്ടത്തിൽ 500 കോടിയും കഴിഞ്ഞ ബജറ്റിൽ 500 കോടിയും അനുവദിച്ചതുൾപ്പെടെ 1300 കോടിയാണ് ഇതിനോടകം പദ്ധതിയിൽ വകയിരുത്തിയത്. 4.4 ലക്ഷം കർഷകർ രജിസ്റ്റർ ചെയ്തെങ്കിലും 3.44 ലക്ഷം കർഷകർ മാത്രമാണ് പദ്ധതിയിൽ പരിഗണിക്കപ്പെട്ടിട്ടുള്ളത്. 2017 ജൂൺ വരെ 28 ലക്ഷത്തോളം ബില്ലുകളിലൂടെ, വിപണിവിലയും സർക്കാർ പ്രഖ്യാപിച്ച അടിസ്ഥാനവിലയായ 150 രൂപയും തമ്മിലുള്ള വ്യത്യാസം കർഷകരുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് എത്തിച്ചേർന്നിട്ടുണ്ട്. എന്നാൽ ജൂൺമാസം മുതലുള്ള ബില്ലുകൾ ലിസ്റ്റുപോലും ചെയ്യപ്പെട്ടിട്ടില്ല. മെയ് മുതലുള്ള പണം കർഷകർക്ക് ലഭിച്ചിട്ടില്ല. രണ്ടു ഘട്ടങ്ങളിലായി 776.24 കോടി രൂപയാണ് വിതരണം ചെയ്തിട്ടുള്ളതായി കണക്കുകൾ വ്യക്തമാക്കുന്നത്. രണ്ടാംഘട്ടത്തിന്റെ ബാക്കിയായ 23.76 കോടി രൂപ ഇതുവരെയും കർഷകർക്ക് ലഭിച്ചിട്ടില്ല.

വിറ്റഴിച്ച റബറിന്റെ ബില്ലുകൾ ആർപിഎസുകൾ വഴി കർഷകർ കൃത്യമായി എത്തിക്കുമ്പോഴും ജിഎസ്ടിയും സാങ്കേതിക തകരാറുകളുമുൾപ്പെടെ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർ പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്നത് അനീതിയും കർഷകദ്രോഹവുമാണ്. ചെറുകിട റബർ വ്യാപാരികൾക്ക് ജിഎസ്ടി ബാധകമല്ല. പ്രശ്നങ്ങൾ അതീവ ഗുരുതരമായിട്ടും ഇതൊന്നും ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നുള്ള സസ്ഥാന സർക്കാരിന്റെ വെളിപ്പെടുത്തൽ മുഖവിലയ്ക്കെടുക്കാനാവില്ല. കേന്ദ്രസർക്കാരും റബർബോർഡും മുഖം തിരിഞ്ഞു നിൽക്കുമ്പോഴും സംസ്ഥാന സർക്കാരിന്റെ റബർ സബ്സിഡിയുടെ പിൻബലത്തിൽ മാത്രമാണ് ചെറുകിട കർഷകർ റബറുല്പാദനം തുടരുന്നത്. സബ്സിഡിക്കുകൂടി തടസ്സം നേരിട്ടാൽ കർഷകർ റബർകൃഷി ഉപേക്ഷിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും. ഇങ്ങനെ ആഭ്യന്തര ഉല്പാദനം തകർത്ത് ഇറക്കുമതിക്കുള്ള അവസരം സൃഷ്ടിക്കാനുള്ള കർഷകവിരുദ്ധരുടെ ശ്രമങ്ങൾക്ക് ഉദ്യോഗസ്ഥരും സർക്കാർ സംവിധാനങ്ങളും ഒത്താശചെയ്യുന്നത് നീതികേടാണ്. ഉല്പാദനം കൃത്രിമമായി ഉയർത്തിക്കാട്ടി വിപണിവിലയിടിക്കാനുള്ള നീക്കത്തിൽ നിന്ന് റബർബോർഡും പിന്മാറണം. കഴിഞ്ഞ അഞ്ചു മാസമായി റബർ സബ്സിഡി മുടങ്ങിയിരിക്കുന്നതുകൊണ്ടും കർഷകർ മഴമൂലം ടാപ്പിംഗിൽനിന്ന് പിന്മാറിയിരിക്കുന്നതുമൂലവും വിപണിയിൽ വ്യാപാരംകുറഞ്ഞ് ചെറുകിട റബർ വ്യാപാരികളും പ്രതിസന്ധിയിലാണ്. ഉല്പാദന ഇടിവുമൂലമാണ് രാജ്യാന്തരവിലയേക്കാൾ അല്പം മെച്ചമായിട്ടിപ്പോൾ ആഭ്യന്തരവിപണി നിലനിൽക്കുന്നത്.

കഴിഞ്ഞ 5 മാസങ്ങളിലെ റബർ ഉത്തേജകപദ്ധതി വിഹിതം കർഷകർക്ക് ലഭ്യമാക്കുവാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടിയെടുക്കണമെന്നും തുടർന്നും കർഷകർക്ക് പണം ലഭിക്കുവാനുള്ള കാലതാമസം ഒഴിവാക്കണമെന്നും പദ്ധതി അംഗങ്ങളായ കർഷകരുടെയും റബർ ഉല്പാദക സംഘങ്ങളുടെ പ്രതിനിധികളുടെയും കൂട്ടായ്മകൾ സംസ്ഥാനത്തെ 14 ജില്ലകളിലും നവംബറിൽ ഇൻഫാം വിളിച്ചുചേർക്കുമെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.