ആലപ്പുഴ: സമയബന്ധിതമായി കർഷകരിൽനിന്ന് നെല്ല് സംഭരിക്കാനോ, സംഭരിച്ച നെല്ലിന്റെ വില കൃത്യമായി നൽകുവാനോ നിലവിലുള്ള നെൽകർഷകരെ സംരക്ഷിക്കുവാനോ സാധിക്കാതെ സ്വന്തം കർഷകരുടെ നെല്ല് പാടത്ത് നശിച്ചുവീഴുമ്പോൾ സംസ്ഥാനത്ത് വിതരണം ചെയ്യുവാൻ ആന്ധ്രയിൽ നിന്ന് അരിവാങ്ങുന്ന സർക്കാർ കോടികളുടെ ഉദ്യോഗസ്ഥ അഴിമതിക്ക് കൂട്ടുനിൽക്കുകയാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആരോപിച്ചു. ഇൻഫാം ആലപ്പുഴ ജില്ലാസമിതി ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൻ അരിമില്ലുടമകളുടെ ഏജന്റുമാരായി ഭക്ഷ്യകൃഷിവകുപ്പുകൾ മാറിയിരിക്കുന്നത് കർഷകസമൂഹത്തിന് അപമാനകരമാണ്. മെത്രാൻകായലിൽ വിത്തെറിഞ്ഞ് നെൽകൃഷി വ്യാപിപ്പിക്കുവാൻ ഇവന്റ് മാനേജ്മെന്റിനെക്കൊണ്ട് നടത്തുന്ന പ്രചരണം വിരോധാഭാസമാണ്. മെത്രാൻ കായലിൽ വിത്തെറിയുവാൻ സംസ്ഥാന കൃഷി ജലസേചനവകുപ്പുകൾക്ക് രണ്ടുവർഷങ്ങളായി ചെലവായിട്ടുള്ള കോടികളുടെ കണക്കുകൾ പരസ്യപ്പെടുത്തണം. മെത്രാൻകൃഷിയിൽ നിന്ന് സാമ്പത്തികമായി എന്തുനേട്ടമുണ്ടായെന്ന് പൊതുസമൂഹത്തെ അറിയിക്കണം. ഉല്പാദനക്ഷമതയുള്ള വിത്ത് കൃത്യമായി കർഷകർക്ക് നൽകുന്നതിലും കൃഷിവകുപ്പ് പരാജയപ്പെട്ടു. വിളഇൻഷ്വറൻസ് പദ്ധതിയുടെ വീതംപറ്റുന്നവരായി കൃഷിഉദ്യോഗസ്ഥർ മാറിയിരിക്കുന്നു. നിലവിലുള്ള 1100 രൂപ കർഷകപെൻഷൻ എല്ലാമാസവും നൽകുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടിരിക്കുമ്പോൾ കർഷക പെൻഷൻ 10,000 രൂപയാക്കണമെന്ന കാർഷികവികസന നയശുപാർശ നടപ്പിലാക്കുമെന്നുള്ള കൃഷിമന്ത്രിയുടെ പ്രഖ്യാപനം മുഖവിലയ്ക്കെടുക്കാനാവില്ലെന്നും സെബാസ്റ്റ്യൻ ചൂണ്ടിക്കാട്ടി.

ഇൻഫാം കോർഡിനേറ്റർ ജോസുകുട്ടി കുട്ടംപേരൂർ അധ്യക്ഷതവഹിച്ചു. ജില്ലാ നേതാക്കളായ എൻ.ജെ.ജേക്കബ് നെല്ലാംകുന്നേൽ, രവീന്ദ്രൻ നായർ, ആന്റണി ജോസഫ് എന്നിവർ സംസാരിച്ചു. ഇൻഫാം ജില്ലാ കർഷക നേതൃസമ്മേളനം നവംബർ 18ന് 4 മണിക്ക് ആലപ്പുഴയിൽ ചേരുമെന്ന് കോർഡിനേറ്റർ ജോസുകുട്ടി കുട്ടംപേരൂർ അറിയിച്ചു.