മുണ്ടക്കയം: ഇന്ത്യ ഇതിനോടകം ഏർപ്പെട്ട കർഷകവിരുദ്ധ രാജ്യാന്തര കരാറുകൾമൂലം കാർഷിക പ്രതിസന്ധി അതിരൂക്ഷമായിരിക്കുന്നതിന്റെ പ്രതിഫലനമാണ് റബറുൾപ്പെടെ വിവിധ വിളകളുടെ വിലത്തകർച്ചയെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

കർഷകർ ഏകവിളയിൽ നിന്ന് ബഹുവിളയിലേയ്ക്ക് മാറണം. ഇടനിലക്കാരില്ലാത്ത വിപണികൾക്ക് കർഷക കൂട്ടായ്മകളിലൂടെ രൂപം നൽകണം. കാർഷികോല്പന്നങ്ങൾക്ക് ഉല്പാദനച്ചെലവുകണക്കാക്കി സർക്കാർ അടിസ്ഥാനവില നിശ്ചയിക്കാത്തത് വഞ്ചനാപരമാണ്. രാഷ്ട്രീയ അടിമകളാകാതെ സംഘടിച്ചുനിന്ന് വിലപേശുവാൻ കർഷകർക്കാകണമെന്നും വി സി.സെബാസ്റ്റ്യൻ ഓർമ്മിപ്പിച്ചു.

തെക്കേമല സെന്റ് മേരീസ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന തെക്കേമല, പാലൂർക്കാവ് മേഖലകളിലെ ഇൻഫാം പ്രവർത്തകസമ്മേളനത്തിൽ ഫാ.ജോസുകുട്ടി ഇടത്തിനകം അധ്യക്ഷത വഹിച്ചു. ബിനോ വർഗീസ്, ജോണി ആക്കാത്ത്, സണ്ണി മറ്റമുണ്ടയിൽ എന്നിവർ പ്രസംഗിച്ചു