കോട്ടയം: ഇന്ത്യയിലെ ആഭ്യന്തരവിപണിയിലേയ്ക്കുള്ള റബർ ഇറക്കുമതിക്ക് ലോകവ്യാപാര സംഘടനാ കരാറുപ്രകാരം കേന്ദ്രസർക്കാർ ഈടാക്കുന്ന ഇറക്കുമതിച്ചുങ്കം റബർ കർഷകർക്ക് അവകാശപ്പെട്ടതാണെന്നും കർഷകർക്കിത് ലഭ്യമാക്കുവാൻ കേന്ദ്രവാണിജ്യമന്ത്രാലയം അടിയന്തരനടപടികൾ സ്വീകരിക്കണമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

രാജ്യസഭയിൽ ജോയി എബ്രാഹം എംപിയുടെ ചോദ്യത്തിനുത്തരമായി 2017-18 സാമ്പത്തിക വർഷത്തിലെ നവംബർ 30 വരെയുള്ള കണക്കനുസരിച്ച് മൂന്ന് ലക്ഷത്തോളം ടൺ റബർ ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്തിട്ടുണ്ടെന്ന് സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. കിലോഗ്രാമിന് 100 മുതൽ 150 രൂപവരെ വിലവച്ച് 3500 കോടി രൂപയുടെ ഇറക്കുമതിയാണ് ഇക്കാലയളവിൽ നടന്നതെന്നും സൂചിപ്പിച്ചു. നിലവിലുള്ള ഇറക്കുമതിച്ചുങ്കമനുസരിച്ച് 25% അടിസ്ഥാന ഇറക്കുമതി നികുതിയും 3% കസ്റ്റംസ് സെസ്സും, 3% എക്സൈസ് സെസ്സും 4% കൗണ്ടർ വെയ്ലിങ് ഡ്യൂട്ടിയും ഉൾപ്പെടെ 35% നികുതിയാണ് ഇറക്കുമതി ചെയ്യുന്ന റബർ വ്യവസായികൾ സർക്കാരിലേയ്ക്ക് അടയ്ക്കുന്നത്. ഇതനുസരിച്ച് കഴിഞ്ഞ എട്ടുമാസത്തിനുള്ളിൽ റബർ നികുതിയിനത്തിലൂടെ 1225 കോടിരൂപയാണ് കേന്ദ്രസർക്കാർ ഖജനാവിലേയ്ക്ക് എത്തിച്ചേർന്നിരിക്കുന്നത്. റബർ കർഷകർ വിലത്തകർച്ചയിലൂടെ നേരിടുന്ന പ്രതിസന്ധി അതിരൂക്ഷമായി തുടരുമ്പോൾ ചുങ്കമായി ഖജനാവിലേയ്ക്ക് വന്നുചേർന്നിരിക്കുന്ന ഈ തുക റബർ കർഷകർക്ക് വിലസ്ഥിരതാപദ്ധതിയിലൂടെ ലഭ്യമാക്കുവാൻ കേന്ദ്ര വാണിജ്യമന്ത്രാലയം തയ്യാറാകണം.

കുരുമുളകിനും അടയ്ക്കായ്ക്കും ഉരുക്കിനും അടിസ്ഥാന ഇറക്കുമതിവില പ്രഖ്യാപിച്ച കേന്ദ്രസർക്കാർ റബറിന് അടിസ്ഥാന ഇറക്കുമതിവില പ്രഖ്യാപിക്കുന്നതിൽനിന്ന് ഒളിച്ചോടുന്ന കർഷകവിരുദ്ധ നിലപാട് തിരുത്തണം. കേരളത്തിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങൾ ഒറ്റക്കെട്ടായി ഈ വിഷയങ്ങളുയർത്തി കർഷകർക്കുവേണ്ടി വാദിക്കാൻ മുന്നോട്ടുവരണം.

കഴിഞ്ഞ നാളുകളിൽ റബർവില 150 രൂപയിലേയ്ക്കു താഴ്ന്നപ്പോൾ റബർബോർഡിനു മുമ്പിൽ ധർണ്ണയും പിക്കറ്റിംഗും ഉപവാസവും നടത്തിയവർ പലരും ഇപ്പോൾ റബർവില ആഭ്യന്തരവിപണിയിൽ 125 രൂപയായി കുറഞ്ഞിട്ടും നിശബ്ദസേവനം നടത്തുന്നത് കർഷകവഞ്ചനയാണ്. റബറിന് അടിസ്ഥാന ആഭ്യന്തരവിലയും അടിസ്ഥാന ഇറക്കുമതിവിലയും പ്രഖ്യാപിക്കുവാനും റബർ സംഭരണത്തിനുമായി കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തുവാൻ കേരളത്തിൽനിന്നുള്ള പാർലമെന്റംഗങ്ങൾ തയ്യാറാകണമെന്നും കാർഷികവിഷയങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്തുന്ന ജനപ്രതിനിധികളെ കർഷകർ പിന്തുണയ്ക്കുമെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.