കൊച്ചി: കാർഷികമേഖലയിലെ വിവിധ പ്രശ്നങ്ങളുന്നയിച്ചുകൊണ്ടും പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിച്ചും കർഷകർ സംഘടിച്ചുനീങ്ങി രാഷ്ട്രീയ നിലപാടുകളെടുത്ത് കർഷക സംരക്ഷണത്തിനായി ഭരണത്തിൽ പങ്കാളികളാകേണ്ട ആവശ്യകത ചൂണ്ടിക്കാട്ടിയും കേരള കത്തോലിക്കാ മെത്രാൻ സമിതി സർക്കുലർ പുറപ്പെടുവിച്ചു. 2018 ജനുവരി 7-ാം തീയ്യതി ഞായറാഴ്ച ഈ സർക്കുലർ കേരളത്തിലെ സീറോ മലബാർ, ലത്തീൻ, മലങ്കര കത്തോലിക്കാ സഭകളിലെ എല്ലാ ദൈവാലയങ്ങളിലും, ദിവ്യബലി അർപ്പിക്കപ്പെടുന്ന എല്ലാ സ്ഥാപനങ്ങളിലും വായിക്കുകയോ, ഇതിലെ ആശയങ്ങൾ വിശ്വാസിസമൂഹത്തിന് വിശദീകരിച്ചുകൊടുക്കുകയോ ചെയ്യേണ്ടതാണെന്നും നിർദ്ദേശിക്കുന്നു.

ഇന്ത്യൻ ഫാർമേഴ്സ് മൂവ്മെന്റി(ഇൻഫാം)ന്റെ ആഭിമുഖ്യത്തിൽ ജനുവരി 15ന് കർഷക ദിനമായി ആചരിക്കാനും കർഷകർ സംഘടിച്ചുനീങ്ങേണ്ടത് വളരെ അടിയന്തരമാണെന്നും ഇൻഫാം എപ്പിസ്‌കോപ്പൽ അഡൈ്വസർ കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാർ മാത്യു അറയ്ക്കൽ പുറപ്പെടുവിച്ച സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു.

ആഗോളവൽക്കരണത്തിന്റെയും കമ്പോളവൽക്കരണത്തിന്റെയും ഈ കാലഘട്ടത്തിൽ കാർഷികമേഖലയിൽ പരിഹരിക്കപ്പെടേണ്ട നിരവധി പ്രശ്നങ്ങൾ ഇൻഫാം സർക്കുലർ ചൂണ്ടിക്കാട്ടുന്നു. കാർഷികോല്പന്നങ്ങളുടെ വില തകർന്നടിഞ്ഞുകൊണ്ടിരിക്കുന്നു. ഉല്പാദനച്ചെലവ് വർദ്ധിക്കുന്നു. തൊഴിലാളി ക്ഷാമം രൂക്ഷമാണ്. വന്യമൃഗശല്യംമൂലം വിളകൾ നശിപ്പിക്കപ്പെടുന്നു. കാലാവസ്ഥാവ്യതിയാനം കാർഷികമേഖലയെ പ്രതികൂലമായി ബാധിച്ച് ഉല്പാദനത്തിലും വൻ ഇടിവ് സൃഷ്ടിച്ചിരിക്കുന്നു. കടബാധ്യത കർഷകന്റെ ഉറക്കംകെടുത്തുകമാത്രമല്ല ജീവനും തട്ടിയെടുക്കുന്നു. കീടബാധമൂലം വിളകൾ നശിക്കുന്നു.

പകലന്തിയോളം പണിയെടുത്ത് രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ആവശ്യമായ ഭക്ഷ്യവസ്തുക്കളും വ്യവസായങ്ങൾക്ക് ആവശ്യമായ അസംസ്‌കൃതവസ്തുക്കളും ഉല്പാദിപ്പിക്കുന്ന കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെങ്കിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അടിയന്തരവും ഫലപ്രദവുമായ ഇടപെടൽ അനിവാര്യമാണെന്നും സൂചിപ്പിക്കുന്നു.

കാർഷികോല്പന്നങ്ങൾക്ക് വിലസ്ഥിരത ഉറപ്പുവരുത്തണം. മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ നിർമ്മാണത്തിലൂടെ കർഷകർക്ക് അധികവരുമാനം ലഭ്യമാക്കണം. മലയോരമേഖലയിലെ വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കണ്ടെത്തണം. കാർഷിക കടങ്ങൾ എഴുതിത്ത്തള്ളണം. കർഷകന് പലിശരഹിതവായ്പ ലഭ്യമാക്കണം. നാടിനുവേണ്ടി സേവനം ചെയ്യുന്ന കർഷകന് വാർദ്ധക്യാവസ്ഥയിൽ പ്രതിമാസം പതിനായിരം രൂപ പെൻഷൻ നൽകണമെന്ന 2015 ലെ സംസ്ഥാന കാർഷികനയത്തിലെ നിർദ്ദേശം നടപ്പിലാക്കണം. കേന്ദ്രസംസ്ഥാന സർക്കാരുകൾ കാർഷിക ബഡ്ജറ്റ് അവതരിപ്പിക്കണം. കർഷകപ്രതിനിധികളെ ഉൾപ്പെടുത്തി കാർഷിക കമ്മീഷൻ രൂപീകരിക്കണം. ഇത്തരം ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കണമെങ്കിൽ ജാതിമതഭേദമെന്യേ കർഷകർ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഹ്വാനം ചെയ്യുന്നു.

കാർഷികവൃത്തിയോടുള്ള യുവജനതയുടെ അവഗണനയും ഗൗരവപൂർവ്വം ചർച്ചചെയ്യപ്പെടേണ്ട വിഷയമാണ്. ആദായകരമല്ലാത്തതുകൊണ്ടും കർഷകർക്ക് അർഹമായ പരിഗണന ലഭിക്കാത്തതുകൊണ്ടും യുവജനങ്ങൾ കാർഷികവൃത്തിയിൽ നിന്നും അകന്നുനിൽക്കുകയാണിന്ന്. ഇത് ആശങ്കാജനകമായ അവസ്ഥയാണ്. വരുംതലമുറകളും കാർഷികവൃത്തിയിൽ തുടർന്നാൽമാത്രമേ രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുവാൻ സാധിക്കുകയുള്ളൂവെന്നും സർക്കുലർ പറയുന്നു.

അവകാശങ്ങൾ നേടിയെടുക്കുവാനുള്ള പോരാട്ടങ്ങളോടൊപ്പം സ്വയം പര്യാപ്തത കൈവരിക്കാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും കർഷകർ ചിന്തിക്കേണ്ടതുണ്ട്. ഏകവിളയിൽ നിന്നും ബഹുവിളകൃഷിയിലേയ്ക്ക് കർഷകർ മാറണം. ജൈവകൃഷിരീതി അവലംബിക്കണം. അടുക്കളത്തോട്ടങ്ങളിൽ വിഷരഹിത പച്ചക്കറികൾ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ ഉല്പാദിപ്പിച്ച് ഭക്ഷ്യസുരക്ഷയും ആരോഗ്യസുരക്ഷയും ഉറപ്പുവരുത്തണം. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാൻ ഇടവകതോറും ഞായറാഴ്ച ചന്തകൾ ആരംഭിക്കണം. പാഴായിപ്പോകുന്ന ചക്ക, കശുമാമ്പഴം തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ മൂല്യവർദ്ധിത ഉല്പന്നങ്ങളാക്കി മാറ്റുവാനുള്ള സംരംഭങ്ങൾ തുടങ്ങണം. പശുവളർത്തൽ, കോഴിവളർത്തൽ തുടങ്ങിയ സംരംഭങ്ങളിലൂടെ അധികവരുമാനം ഉറപ്പുവരുത്തണം. ഗ്രാമസഭകളിൽ സജീവമായി പങ്കെടുക്കുകയും കാർഷികപ്രശ്നങ്ങൾ അവതരിപ്പിക്കുകയും വേണം. സർക്കാർ ആനുകൂല്യങ്ങൾ നേടിയെടുക്കാൻ പ്രാദേശികതലത്തിൽ കർമ്മസമിതികൾ രൂപീകരിക്കണം. തൊഴിലാളിക്ഷാമം പരിഹരിക്കാനും ഉല്പദനച്ചെലവ് കുറയ്ക്കാനും ലക്ഷ്യമിട്ടുകൊണ്ട് പണ്ടുകാലത്ത് ഉണ്ടായിരുന്ന മാറ്റാൾപണി പുനരാരംഭിക്കണം. ഇത്തരം ക്രിയാത്മക മാർഗ്ഗങ്ങളിലൂടെ നമുക്ക് ഒരു പരിധിവരെ സ്വയം പര്യാപ്തത കൈവരിക്കാൻ കർഷകർക്ക് സാധിക്കണമെന്നും സർക്കുലർ സൂചിപ്പിക്കുന്നു.

കാർഷികമേഖലയോടൊപ്പം സഭാവിശ്വാസികൾ ഉപജീവനത്തിനായി ഏറെ ആശ്രയിക്കുന്ന മത്സ്യബന്ധനമേഖലയും നമ്മുടെ വിചിന്തനത്തിന് വിധേയമാക്കണമെന്ന് ഞാൻ കരുതുന്നു. കടലിന്റെ മക്കൾ ഇന്ന് അനുഭവിക്കുന്ന അരക്ഷിതാവസ്ഥ ആശങ്കാജനകവും ഭീതിജനകവുമാണ്. അടുത്തനാളിൽ കേരളത്തിലുൾപ്പെടെ വീശിടയിച്ച ഓഖി ചുഴലിക്കാറ്റിന്റെ ദുരന്തങ്ങൾ ഏറെ അനുഭവിച്ചത് മത്സ്യത്തൊഴിലാളികളാണ്. തീരദേശജനതയുടെ പുനരുദ്ധാരണത്തിന് ഒറ്റക്കെട്ടായി കൈകോർക്കാൻ കെസിബിസി ആഹ്വാനം ചെയ്യുന്നു. വീടുകൾ നഷ്ടപ്പെട്ടവരുടെ പുനരധിവാസം സർക്കാർ ഉറപ്പുവരുത്തണം. വള്ളവും വലയും ബോട്ടും നഷ്ടമായവർക്ക് പൂർണ്ണനഷ്ടപരിഹാരം ലഭ്യമാക്കണം. മത്സ്യത്തൊഴിലാളികളുടെ കടങ്ങൾ എഴുതിത്ത്തള്ളണം. മേലിൽ ഇത്തരം വൻ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനാവശ്യമായ മുന്നറിയിപ്പുകൾ യഥാസമയം നൽകണം. ന്യായമായ ഈ ആവശ്യങ്ങൾ അംഗീകരിക്കാൻ ജനകീയ സർക്കാരിന് ധാർമ്മികബാധ്യതയുണ്ടെന്ന കാര്യം ബോധ്യപ്പെടുത്തട്ടെ. മലയോര തീരദേശ കർഷകസമൂഹം സംഘടിച്ചുനീങ്ങേണ്ടതും സഹകരിച്ചുപ്രവർത്തിക്കേണ്ടതും അടിയന്തരമാണ്.

ആഗോളതലത്തിലെ കാർഷിക വ്യാപാരമാറ്റങ്ങളെയും കരാറുകളെയും നമ്മൾ നോക്കിക്കാണുകയും പഠിക്കുകയും വിലയിരുത്തുകയും വേണം. രാജ്യാന്തര കാർഷികവിപണിയായി ഇന്ത്യ മാറുമ്പോൾ ഈ മണ്ണിലെ കർഷകരും സംരക്ഷിക്കപ്പെടണം. ലോകവിപണികളുമായി മത്സരിക്കുവാനുള്ള കരുത്ത് നാം ആർജിക്കണം. ഇതിനായി സംഘടിച്ചുനീങ്ങുന്നതിനോടൊപ്പം രാഷ്ട്രീയ നിലപാടുകളും ഭരണപങ്കാളിത്തങ്ങളും കർഷകർക്കുണ്ടാകണമെന്നും സൂചിപ്പിക്കുന്നു.

കേരള കത്തോലിക്കാ മെത്രാൻസമിതിയുടെ തീരുമാനപ്രകാരം 2010 മുതൽ എല്ലാവർഷവും ജനുവരി 15 ഇൻഫാം കർഷകദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഈ വർഷവും വിപുലമായ പരിപാടികളാണ് കർഷദിനത്തോടനുബന്ധിച്ചുള്ളത്. കർഷകസെമിനാറുകളും പൊതുയോഗങ്ങളും സംഘടിപ്പിച്ചുകൊണ്ട് കാർഷികപ്രശ്നങ്ങൾ ഭരണാധികാരികളുടെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധയിൽപെടുത്തുവാനും വിഘടിച്ചുനിൽക്കാതെ സംഘടിച്ചുനീങ്ങേണ്ടതിന്റെ ആവശ്യകത കർഷകരെ ബോധ്യപ്പെടുത്തുവാനും കർഷകദിനത്തിൽ പദ്ധതികളുണ്ട്.

കർഷകരോടൊപ്പം കത്തോലിക്കാസഭ നിലകൊള്ളുമെന്ന് ആവർത്തിച്ചുപറയുന്നതിനോടൊപ്പം ജീവിക്കുവാൻ വേണ്ടിയുള്ള ഇന്നലകളിലെ കുടിയേറ്റ കാലഘട്ടങ്ങളിലും സർക്കാരുകളുടെ അതിക്രൂരമായ കുടിയിറക്കുവേളകളിലും അഭിവന്ദ്യരായ സഭാപിതാക്കന്മാരും, വൈദികരും, അല്മായരും പ്രവാചകധീരതയോടെ കർഷകർക്കൊപ്പം നിലകൊണ്ട് പോരാടിയ ചരിത്രം സർക്കുലറിൽ പ്രത്യേകം സ്മരിക്കുന്നു.