കൊച്ചി: ഇന്ത്യൻ ഫാർമേഴ്സ് മൂവ്മെന്റി(ഇൻഫാം)ന്റെ ആഭിമുഖ്യത്തിൽ ജനുവരി 15 കർഷകദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലും വിവിധ സംസ്ഥാനങ്ങളിലും ആയിരത്തിൽപരം കേന്ദ്രങ്ങളിൽ കർഷക കൂട്ടായ്മകൾ സംഘടിപ്പിക്കുന്നതാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ അറിയിച്ചു.

കർഷകറാലി, മികച്ച കർഷകരെ ആദരിക്കൽ, യുവജനവിദ്യാർത്ഥി കർഷകർക്ക് അവാർഡുകൾ എന്നിവ ചടങ്ങുകളിലുണ്ടാകും. കാർഷികമേഖലയിലെ വിവിധ വിഷയങ്ങളുടെ പങ്കുവയ്ക്കൽ, ഇടനിലക്കാരില്ലാത്ത കർഷകവിപണികൾ, കർഷകസംരംഭങ്ങൾ, ജൈവകൃഷി പ്രോത്സാഹനപദ്ധതികൾ, രാജ്യാന്തരകരാറും കാർഷികമേഖലയും എന്നീ വിഷയങ്ങളിൽ സെമിനാറുകളും ചർച്ചാസമ്മേളനങ്ങളും കർഷകദിനാചരണത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഇതിനോടനുബന്ധിച്ച് അനാഥമന്ദിരങ്ങളിലും വയോധികസദനങ്ങളിലും ഇൻഫാം പ്രവർത്തകർ വിവിധ കാർഷികോല്പന്നങ്ങൾ വിതരണം ചെയ്യും. കേരളത്തിലെ വിവിധ കർഷകപ്രസ്ഥാനങ്ങൾ ഇൻഫാം കർഷകദിനാചരണത്തിന് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്ന താണ്. കർഷകദിനാചരണത്തിന് ആഹ്വാനം ചെയ്തുകൊണ്ട് കേരള കത്തോലിക്കാ മെത്രാൻസമിതി പ്രത്യേക സർക്കുലർ പുറപ്പെടുവിക്കുകയുണ്ടായി.

ദേശീയതല കർഷകദിനാചരണം കണ്ണൂർ ജില്ലയിലെ പേരാവൂർ കല്ലേമുതിരക്കുന്ന് കർഷക ഗ്രാമത്തിലാണ് സംഘടിപ്പിക്കുന്നത്. മഹാരാഷ്ട്രയിലെ സിന്ധുദുർഗ്, പനവേൽ, കർണ്ണാടകയിലെ മംഗലാപുരം, ചിക്ക്മംഗലൂർ, ഷിമോഗാ, മൈസൂർ എന്നിവിടങ്ങളിലെയും കർഷകപ്രതിനിധികൾ പങ്കെടുക്കും. ദേശീയ ചെയർമാൻ ഫാ.ജോസഫ് ഒറ്റപ്ലാക്കൽ, തലശേരി അതിരൂപതാ ഇൻഫാം ഡയറക്ടർ ഫാ.ജോസ് കാവനാടി, ഫാ.ജെയ്സൺ ആനിക്കാത്തോട്ടം, കണ്ണൂർ ജില്ലാപ്രസിഡന്റ് സ്‌കറിയ നെല്ലംകുഴി, ജില്ലാ സെക്രട്ടറി സ്‌കറിയ കളപ്പുര, ബാബു അടിച്ചിറ എന്നിവരടങ്ങുന്ന സംഘാടകസമിതി ദേശീയ കർഷകദിനാചരണത്തിന് നേതൃത്വം നൽകും.

സംസ്ഥാനതല കർഷകദിനാചരണം മൂവാറ്റുപുഴ വാഴക്കുളത്ത് ജനുവരി 15ന് ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിക്കും. ജ്വാല ഓഡിറ്റോറിയത്തിൽ ചേരുന്ന കർഷകനേതൃസമ്മേളനത്തിൽ മികച്ച കർഷകരെ ആദരിക്കും. തുടന്ന് അമ്മയ്ക്കരുകിൽ പരിപാടിയുടെ ഭാഗമായി വിവിധ വയോധികസദനങ്ങളിൽ ഇൻഫാം പ്രവർത്തകർ കാർഷികോല്പന്നങ്ങൾ വിതരണം ചെയ്യും. മികച്ച കാർഷിക കണ്ടുപിടുത്തങ്ങൾക്ക് ഇൻഫാം ഏർപ്പെടുത്തിയ അവാർഡുകൾ നേടിയവരെ സമ്മേളനത്തിൽ പ്രഖ്യാപിക്കും. ഏപ്രിൽ 20ന് കട്ടപ്പനയിൽ നടക്കുന്ന പതിനായിരം കർഷകരുടെ റാലിയെത്തുടർന്നുള്ള പൊതുസമ്മേളനത്തിൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന് സംസ്ഥാന ഡയറക്ടർ ഫാ.ജോസ് മോനിപ്പള്ളി, കൺവീനർ ജോസ് എടപ്പാട്ട് എന്നിവർ അറിയിച്ചു.