കാഞ്ഞിരപ്പള്ളി: ഇന്ത്യൻ ഫാർമേഴ്സ് മൂവ്മെന്റ് (ഇൻഫാം) കർഷകദിനാചരണം കാഞ്ഞിരപ്പള്ളി രൂപതയിൽ14,15 തീയതികളിൽ നടക്കുന്നു. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽപ്പെട്ട രൂപതയിലെ 78 കേന്ദ്രങ്ങളിൽ കർഷകദിനത്തോടനുബന്ധിച്ച് കർഷകകൂട്ടായ്മകൾ സംഘടിപ്പിക്കുന്നതാണെന്ന് രൂപതാ ഡയറക്ടർ ഫാ.തോമസ് മറ്റമുണ്ടയിൽ അറിയിച്ചു. വിവിധ യൂണിറ്റുകളിൽ കർഷകരുടെ നേതൃത്വത്തിൽ ശ്രമദാനങ്ങൾ, മികച്ച കർഷകരെ ആദരിക്കൽ, കാർഷിക വിഷയങ്ങളെക്കുറിച്ചുള്ള സെമിനാറുകൾ എന്നിവ നടത്തപ്പെടും.

ഇൻഫാം ഫൊറോന ഡയറക്ടർമാരായ ഫാ.സെബാസ്റ്റ്യൻ പെരുനിലം-കാഞ്ഞിരപ്പള്ളി, ഫാ.വർഗീസ് കുളംപള്ളിയിൽ-പൊൻകുന്നം, ഫാ.മാത്യു പനച്ചിക്കൽ-മുണ്ടക്കയം, ഫാ.മാത്യു നിരപ്പേൽ-എരുമേലി, ഫാ.സിൽവാനോസ് മഠത്തിനകം-റാന്നി, ഫാ.തോമസ് നല്ലൂർകാലായിപ്പറമ്പിൽ-പത്തനംതിട്ട, ഫാ.ദേവസ്യ തുമ്പുങ്കൽ-കുമിളി, ഫാ.ഇമ്മാനുവേൽ മടുക്കക്കുഴി-അണക്കര, ഫാ.ജോൺ പനച്ചിക്കൽ-ഉപ്പുതറ, ഫാ.റോബിൻ പട്രക്കാലായിൽ-കട്ടപ്പന എന്നിവർ വിവിധ ഫൊറോനകളിലെ പരിപാടികൾക്ക് നേതൃത്വം നൽകും.

കർഷകദിനാചരണത്തിന് മുന്നോടിയായി പാറത്തോട് മലനാട് ഡവലപ്പ്മെന്റ് സൊസൈറ്റി കോൺഫ്രൻസ് ഹാളിൽ ചേർന്ന ഫൊറോന ഡയറക്ടർമാരുടെ സമ്മേളനത്തിൽ മാർ മാത്യു അറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. കർഷകരെ പൊതുസമൂഹത്തിന്റെ മുഖ്യധാരയിൽ ശക്തിപ്പെടുത്തുവാൻ ഇൻഫാം വഹിക്കുന്ന ശക്തമായ നേതൃത്വത്തെ മാർ അറയ്ക്കൽ അഭിനന്ദിച്ചു. രൂപതാ ഡയറക്ടർ ഫാ.തോമസ് മറ്റമുണ്ടയിൽ പ്രവർത്തനപരിപാടികൾ വിശദീകരിച്ചു. സംസ്ഥാന ഡയറക്ടർ ഫാ.ജോസ് മോനിപ്പള്ളി, ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ, കൺവീനർ ജോസ് എടപ്പാട്ട് എന്നിവർ സംസാരിച്ചു.