കോട്ടയം: കഴിഞ്ഞ നാലുബജറ്റുകളിൽ പ്രഖ്യാപിച്ച് നടപ്പിലാക്കുവാൻ സാധിക്കാതിരുന്ന നിർദ്ദേശങ്ങൾ ആവർത്തിച്ച് കർഷകരെ വിഢികളാക്കിയുള്ള കേന്ദ്രബജറ്റ് പഞ്ചസാരയിൽ പൊതിഞ്ഞ പാഷാണമാണെന്നും ഗ്രാമീണമേഖലയുടെ മറവിൽ വൻകിട രാജ്യാന്തര കോർപ്പറേറ്റുകൾക്ക് ഇന്ത്യയുടെ കാർഷികമേഖല തുറന്നുകൊടുക്കുവാൻ കേന്ദ്രസർക്കാർ പച്ചപ്പരവതാനി വിരിച്ചിരിക്കുന്നുവെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആരോപിച്ചു.

കാർഷികോല്പന്നങ്ങളുടെ സംസ്‌കരണത്തിന് 100 ശതമാനം വിദേശനിക്ഷേപത്തിനായി മുൻകാലങ്ങളിൽ തുറന്നുകൊടുത്ത് രാജ്യാന്തരക്കരാറുകളിലൂടെ ഇന്ത്യൻ കാർഷികമേഖല വിദേശകുത്തകകൾ കൈയടക്കിയിരിക്കുന്ന പശ്ചാത്തലത്തിൽ വേണം കേന്ദ്രസർക്കാരിന്റെ പുതിയ ബജറ്റ് നിർദ്ദേശങ്ങളെ കർഷകസമൂഹം വിലയിരുത്തുവാൻ. കാർഷികോല്പാ നത്തിനായി കർഷകനുവരുന്ന ചെലവിന്റെ 50 ശതമാനം കൂടുതൽ ലാഭമായി ലഭ്യമാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിക്കുമ്പോൾ 2007 സെപ്റ്റംബർ 11ലെ ദേശീയ കാർഷികനയത്തിലും, ഡോ.എംഎസ് സ്വാമിനാഥൻ സമർപ്പിച്ച വിവിധ റിപ്പോർട്ടുകളിലും, 2014ലെ എൻഡിഎ തെരഞ്ഞെടുപ്പ് പത്രികയിലും, കഴിഞ്ഞ നാലു ബജറ്റുകളിലും ഇക്കാര്യം ആവർത്തിച്ചു പറഞ്ഞിട്ടും രാജ്യത്ത് നടപ്പിലായിട്ടില്ലന്നോർക്കണം. 2022 നോടുകൂടി കർഷകന്റെ വരുമാനം ഇരട്ടിയാക്കുമെന്ന് കഴിഞ്ഞ ബജറ്റുകളിലെല്ലാം പറഞ്ഞത് വീണ്ടും ആവർത്തിച്ചിരിക്കുമ്പോൾ പഴയവീഞ്ഞ് പുതിയ കുപ്പിയിലായി എന്നല്ലാതെ 2018ലെ കേന്ദ്രബജറ്റിന് കാർഷികമേഖലയ്ക്ക് ഒരു പുതുമയും നൽകാനായിട്ടില്ല.

നോട്ടുനിരോധനത്തിന്റെയും മുന്നൊരുക്കമില്ലാത്ത ജിഎസ്ടി നടപ്പാക്കലിന്റെയും ദുരിതം പേറുന്ന ഗ്രാമീണ കാർഷികമേഖലയ്ക്ക് രക്ഷനേടാനുള്ള പിടിവള്ളികളൊന്നും ഈ ബജറ്റിലില്ല. 100 കോടി വിറ്റുവരവുള്ള കർഷക ഉല്പാദകസംഘങ്ങൾക്ക് നൂറുശതമാനം നികുതിയിളവ് നൽകുമ്പോൾ ഗ്രാമീണമേഖലയിൽ പ്രവർത്തിക്കുന്ന ഉല്പാദകസംഘങ്ങൾക്ക് നിരാശപ്പെടേണ്ടിവരും. കശുവണ്ടി ഉൾപ്പെടെയുള്ള കാർഷികോല്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്നത് സാർക്ക് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി സജീവമാക്കും.

വിവിധ കാർഷികോല്പന്നങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന അടിസ്ഥാനവില വിപണിയിലിപ്പോൾ ലഭിക്കുന്നില്ല. താങ്ങുവില കമ്പോളവിലയേക്കാൾ കുറവെങ്കിലത് സർക്കാർ വഹിക്കുകയല്ല, ഇതര രാജ്യങ്ങിലേതുപോലെ സർക്കാർ ഉല്പന്ന സംഭരണം നടത്തുകയാണ് വേണ്ടത്. കാർഷികോല്പന്നങ്ങൾക്ക് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന താങ്ങുവിലപോലും കർഷകന് ലഭിക്കാതിരിക്കുന്ന സാഹചര്യത്തിൽ താങ്ങുവില ഒന്നരമടങ്ങായി ഉയർത്തുമെന്ന പ്രഖ്യാപനം വിരോധാഭാസമാണ്. 2017ലെ ബജറ്റിനുശേഷം കർഷകർ നേരിട്ട വൻ വിലത്തകർച്ചയും രാജ്യത്തുടനീളമുണ്ടായ കർഷക ആത്മഹത്യകളും കേന്ദ്രധനമന്ത്രി നിസാരവൽക്കരിച്ചുകണ്ടത് വേദനാജനകമാണ്. കാർഷികദുരിതവും തൊഴിലില്ലായ്മയും മറികടക്കാനുള്ള പ്രായോഗിക നിർദ്ദേശങ്ങളും ബജറ്റിലില്ലെന്നു മനസിലാക്കണമെങ്കിൽ കഴിഞ്ഞ നാലു ബജറ്റുകളിലെ പ്രഖ്യാപനങ്ങളുമായി താരതമ്യപഠനം വേണം. ഇടനിലക്കാരില്ലാത്ത കാർഷികവിപണി, ഉല്പന്ന വില്പനയ്ക്കായി ഇ-പ്ലാറ്റ് ഫോം, ഭക്ഷ്യസംസ്‌കരണമേഖലയുടെ നിക്ഷേപങ്ങൾ, വിവിധ ഗ്രാമീണ പദ്ധതികൾ തുടങ്ങിയ പല പദ്ധതികളും കഴിഞ്ഞ ബജറ്റുകളുടെ ആവർത്തനമാണ്. കാർഷികത്തകർച്ചയിൽ നിന്ന് മോചനം തേടി കർഷകരക്ഷയ്ക്കുതകുന്ന പ്രഖ്യാപനങ്ങളില്ലാതെ കേന്ദ്രസർക്കാർ കർഷകരെ അപമാനിച്ചിരിക്കുമ്പോൾ ഗ്രാമങ്ങളിലെ കൃഷി ഉപേക്ഷിച്ച് ജോലിതേടി നഗരങ്ങളിലേ യ്ക്കൊഴുകുന്ന ഇന്ത്യയിലെ കർഷകജനതയ്ക്കും ഗ്രാമീണ യുവാക്കൾക്കും കൃഷിയിൽ കൂടുതൽ പ്രതീക്ഷനൽകാൻ ഈ ബജറ്റിനാവില്ല.

റബറുൾപ്പെടെ വിവിധ കാർഷിക നാണ്യ ഉല്പന്നങ്ങൾക്ക് അടിസ്ഥാനവിലയോ അടിസ്ഥാന ഇറക്കുമതി വിലയോ സംഭരണമോ ഉത്തേജകപദ്ധതികളോ ഇല്ലാതെ 146 കോടി രൂപ റബർബോർഡിന്റെ നിത്യചെലവിനായി മാത്രം മാറ്റിവച്ചിരിക്കുന്ന കേന്ദ്രബജറ്റ് റബർകർഷകരോടും നീതികേടാണ് കാണിച്ചിരിക്കുന്നത്. കേന്ദ്രസർക്കാർ ബജറ്റ് കർഷകരെ അവഗണിച്ചിരിക്കുമ്പോൾ സംസ്ഥാന സർക്കാരിന്റ പുതിയ ബജറ്റിൽ സാമ്പത്തിക പ്രതിസന്ധി അതിജീവിക്കുവാൻ ചെലവുചുരുക്കൽ നടപടികൾ സ്വീകരിക്കാതെ കർഷകരുടെമേൽ കാർഷികാദായ നികുതി, ഭൂനികുതി, കെട്ടിടനികുതി, സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ എന്നീ ഇനങ്ങളിൽ അമിതനികുതി ഏർപ്പെടുത്തിയാൽ ശക്തമായി എതിർക്കും. റബർ കർഷകർക്കായി കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച 500 കോടിയിൽ 50 കോടി രൂപയിൽ താഴെ മാത്രമേ നൽകിയിട്ടുള്ളുവെന്നു സംസ്ഥാന ധനമന്ത്രി മറക്കരുതെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.