കോട്ടയം: റബർ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കുവാനെന്ന പേരിൽ നിരന്തരം വിളിച്ചുചേർക്കുന്ന ചർച്ചാസമ്മേളനങ്ങൾ പ്രഹസനങ്ങളായെന്നു ബോധ്യപ്പെട്ടതുകൊണ്ടാണ് പ്രമുഖ കർഷകസംഘടനകളും കർഷകനേതാക്കളും റബർബോർഡ് വിളിച്ചുചേർത്ത സമ്മേളനത്തിൽ പങ്കെടുത്താതിരുന്നതെന്നും കഴിഞ്ഞ ഏഴുവർഷത്തിലേറെയായി തുടരുന്ന റബറിന്റെ വിലത്തകർച്ചയിൽ യാതൊരുനടപടികളുമെടുക്കാതെ മുഖംതിരിഞ്ഞുനിന്നിട്ട് ഇപ്പോൾ വീണ്ടും ചർച്ചകൾ നടത്തി കേന്ദ്രസർക്കാർ കർഷകരെ വിഢികളാക്കുകയാണെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി. സെബാസ്റ്റ്യൻ പറഞ്ഞു.

നയങ്ങളോ പാക്കേജുകളോ പ്രഖ്യാപിച്ചതുകൊണ്ട് റബർകർഷകരെ രക്ഷിക്കാനാവില്ല. മറിച്ച് റബറിന്റെ ഉല്പാദനച്ചെലവ് കണക്കാക്കി അടിസ്ഥാനവില നിശ്ചയിച്ച് സർക്കാർ നേരിട്ട് റബർ സംഭരിക്കുകയാണ് വേണ്ടത്. അടിസ്ഥാനവില നിശ്ചയിക്കുന്നതിനും സംഭരണത്തിനും റബർനയത്തിന്റെ ആവശ്യമില്ല. 1947ലെ റബർ ആക്ടിൽ ഇതിനുള്ള വകുപ്പുകളുണ്ട്. ഈ നിയമപ്രകാരം മുൻകാലങ്ങളിൽ കേന്ദ്രസർക്കാർ തറവിലനിശ്ചയിച്ച് റബർ സംഭരിച്ച് നടപടികളെടുത്തതാണ്. റബർനയം പ്രഖ്യാപിച്ചതുകൊണ്ട് ആഭ്യന്തരവിപണിയിൽ റബർവില ഉയരുമെന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. വാണിജ്യമന്ത്രാലയം പ്രഖ്യാപിക്കുന്ന റബർനയം കർഷകരെയോ റബർ കൃഷിയെയോ സംരക്ഷിക്കുകയില്ലെന്നുള്ളത് ഇനിയെങ്കിലും കർഷകർ തിരിച്ചറിയണം.

സംസ്ഥാന സർക്കാരും രാഷ്ട്രീയ നേതൃത്വങ്ങളും കർഷകസംഘടനകളും റബർ കർഷകർ നേരിടുന്ന വിലത്തകർച്ചയുൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ പ്രധാനമന്ത്രിയെ പലതവണ ധരിപ്പിച്ചതാണ്. കേന്ദ്ര വാണിജ്യമന്ത്രിയായിരുന്ന നിർമ്മല സീതാരാമനുമായി ഇൻഫാം പലതവണ കൂടിക്കാഴ്ച നടത്തി വിഷയങ്ങൾ പറഞ്ഞ് വിശദാംശങ്ങൾ കൈമാറി. വാണിജ്യമന്ത്രി സുരേഷ് പ്രഭുവിനും കേന്ദ്ര കൃഷിവകുപ്പുമന്ത്രിക്കും കേരളം സന്ദർശിച്ചിട്ടുള്ള കേന്ദ്രമന്ത്രിമാർക്കും റബർ പ്രശ്നങ്ങൾ പലതവണ പങ്കുവച്ചതാണ്. പാർലമെന്റിന്റെ ഇരുസഭകളിലും കേരളത്തിന്റെ എംപിമാർ നിരവധി പ്രാവശ്യം റബർ പ്രശ്നങ്ങൾ അവതരിപ്പിച്ചു. എന്നിട്ടും വീണ്ടും റബർകർഷകരുടെ പ്രശ്നങ്ങൾ പഠിക്കാനിറങ്ങിത്തിരിച്ചിരിക്കുന്നവരുടെ ഉദ്ദേശശുദ്ധി കർഷകർക്ക് വിശ്വസനീയമല്ല.

വിവധ റബറുല്പാദനരാജ്യങ്ങളുടേതുപോലെ സർക്കാർ വക റബർ സംഭരണത്തിന് കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. ന്യായവില നിശ്ചയിക്കുന്നില്ല. റബർകൃഷിക്ക് പ്രോത്സാഹനപദ്ധതികളുമില്ല. അടിസ്ഥാന റബർ ഇറക്കുമതി വിലയിലും തീരുമാനമില്ല. ആവർത്തനകൃഷി സബ്സിഡി നിർത്തലാക്കിയിരിക്കുന്നത് കർഷകദ്രോഹമാണ്. റബർബോർഡ് ഓഫീസുകൾ പലതും പൂട്ടി. റബറധിഷ്ഠിത കർഷകസംരംഭങ്ങൾക്ക് പ്രോത്സാഹനമില്ല. റബറുല്പാദകസംഘങ്ങളും വൻസാമ്പത്തിക പ്രതിസന്ധിയിലാണ്. 2014 ജൂൺ 16മുതൽ 2017 ജൂലൈ 17 വരെ നൂറിൽപരം കേന്ദ്രങ്ങളിൽ നിരവധി തവണകളിലായി ചർച്ചചെയ്തിട്ട് അവസാനം പാർലമെന്റിൽ ഉപേക്ഷിച്ച റബർനയം വീണ്ടും കേന്ദ്രമന്ത്രിസഭയുടെ കാലാവധി തീരാൻ ഏതാനും മാസങ്ങൾ അവശേഷിച്ചിരിക്കുമ്പോൾ കർഷകരുടെയിടയിൽ ചർച്ചയ്ക്കെടുക്കുന്നതിന്റെ പിന്നിലുള്ളത് കർഷകരെ വിഢിവേഷം കെട്ടിക്കുന്ന രാഷ്ട്രീയനാടകമാണന്ന് വി സി.സെബാസ്റ്റ്യൻ പറഞ്ഞു.