- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർഷിക മേഖലയെ തകർക്കുന്ന രാജ്യാന്തര കരാറുകളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണം: ഇൻഫാം ദേശീയ സമിതി
കാഞ്ഞിരപ്പള്ളി: ഗാട്ട്, ആസിയാൻ കരാറുകളുടെ ബാക്കിപത്രമായി ഇന്ത്യയുടെ കാർഷികമേഖല തകർന്നടിയുമ്പോൾ ആഗോളകമ്പോളമായി ഇന്ത്യയെ തുറന്നുകൊടുക്കുവാനുള്ള സംയോജിത സാമ്പത്തിക പങ്കാളിത്ത ഉടമ്പടിയായ ആർസിഇപി ഉൾപ്പെടെയുള്ള രാജ്യാന്തരക്കരാറുകളിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് ഇൻഫാം ദേശീയസമിതി ആവശ്യപ്പെട്ടു. വിവിധ രാജ്യങ്ങൾ വൻ സബ്സിഡി നൽകി കാർഷികമേഖലയെ പ്രോത്സാഹിപ്പിക്കുകയും കർഷകരുടെ ഉല്പാദനച്ചെലവിന് ആനുപാതികമായി ഉല്പന്നങ്ങൾക്ക് വില ഉറപ്പാക്കുകയും ചെയ്യുമ്പോൾ ഇന്ത്യയിൽ മാറിമാറി ഭരിച്ച സർക്കാരുകൾ കർഷകനെ പാടേ അവഗണിക്കുകയാണ്. ജയ് ജവാൻ ജയ് കിസാൻ മുദ്രാവാക്യത്തിൽ നിന്ന് "കിസാൻ' ഇന്ന് പുറന്തള്ളപ്പെട്ടിരിക്കുന്നു. കൃഷി ചെയ്യാൻ വായ്പകളും സബ്സിഡിയും പ്രഖ്യാപിച്ച് കാർഷിക സംസ്കാരത്തിലേയ്ക്ക് ഒരു ജനവിഭാഗത്തെ മുഴുവൻ ഇറക്കിവിട്ടതിനുശേഷം പ്രതിസന്ധികളുണ്ടാകുമ്പോൾ അവരെ സഹായിക്കാൻ ധാർമ്മിക ഉത്തരവാദിത്
കാഞ്ഞിരപ്പള്ളി: ഗാട്ട്, ആസിയാൻ കരാറുകളുടെ ബാക്കിപത്രമായി ഇന്ത്യയുടെ കാർഷികമേഖല തകർന്നടിയുമ്പോൾ ആഗോളകമ്പോളമായി ഇന്ത്യയെ തുറന്നുകൊടുക്കുവാനുള്ള സംയോജിത സാമ്പത്തിക പങ്കാളിത്ത ഉടമ്പടിയായ ആർസിഇപി ഉൾപ്പെടെയുള്ള രാജ്യാന്തരക്കരാറുകളിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് ഇൻഫാം ദേശീയസമിതി ആവശ്യപ്പെട്ടു.
വിവിധ രാജ്യങ്ങൾ വൻ സബ്സിഡി നൽകി കാർഷികമേഖലയെ പ്രോത്സാഹിപ്പിക്കുകയും കർഷകരുടെ ഉല്പാദനച്ചെലവിന് ആനുപാതികമായി ഉല്പന്നങ്ങൾക്ക് വില ഉറപ്പാക്കുകയും ചെയ്യുമ്പോൾ ഇന്ത്യയിൽ മാറിമാറി ഭരിച്ച സർക്കാരുകൾ കർഷകനെ പാടേ അവഗണിക്കുകയാണ്. ജയ് ജവാൻ ജയ് കിസാൻ മുദ്രാവാക്യത്തിൽ നിന്ന് "കിസാൻ' ഇന്ന് പുറന്തള്ളപ്പെട്ടിരിക്കുന്നു. കൃഷി ചെയ്യാൻ വായ്പകളും സബ്സിഡിയും പ്രഖ്യാപിച്ച് കാർഷിക സംസ്കാരത്തിലേയ്ക്ക് ഒരു ജനവിഭാഗത്തെ മുഴുവൻ ഇറക്കിവിട്ടതിനുശേഷം പ്രതിസന്ധികളുണ്ടാകുമ്പോൾ അവരെ സഹായിക്കാൻ ധാർമ്മിക ഉത്തരവാദിത്വമുള്ള സർക്കാരുകൾ ഒളിച്ചോടുന്നത് ശരിയായ നടപടിയല്ല. ജീവനക്കാർക്കും, പെൻഷൻകാർക്കും വർഷംതോറും സാമ്പത്തിക വർദ്ധനവ് ഏർപ്പെടുത്തുന്ന ഭരണനേതൃത്വങ്ങൾ, പ്രവർത്തനവൈകല്യം മൂലം സാമ്പത്തിക തകർച്ച നേരിടുന്ന സർക്കാർവക സ്ഥാപനങ്ങളുടെയും കമ്പനികളുടേയും ബോർഡുകളുടേയും കടങ്ങളും നഷ്ടങ്ങളും എഴുതിത്തള്ളുകയും ചെയ്യുന്നവർ ഇടനാട്ടിലും മലയോരങ്ങളിലുമുള്ള പാവപ്പെട്ട കർഷകരെയും, തീരദേശങ്ങളിലെ മത്സ്യത്തൊഴിലാളികളെയും സാധാരണക്കാരെയും പ്രതിസന്ധികളിൽ നിർദ്ദയം അവഗണിക്കുന്നത് അനീതിയാണെന്ന് ദേശീയസമിതി കുറ്റപ്പെടുത്തി.
ഭക്ഷ്യധാന്യങ്ങളുടെ പൊതുസംഭരണവും, വിതരണവും, കർഷകർക്ക് ന്യായവിലയ്ക്കുള്ള ഒരു നിശ്ചിത കമ്പോളം ഉറപ്പുവരുത്തിക്കൊണ്ടുള്ള ഉല്പാദന വർദ്ധനവിനുള്ള സാഹചര്യവും ഇന്ന് ഇല്ലാതായിരിക്കുന്നു. കർഷകർക്കുള്ള വിത്തും വളവും വൻതോതിൽ വെട്ടിക്കുറച്ചതും വളം, വൈദ്യുതി തുടങ്ങിയവയ്ക്ക് ഉണ്ടായിരുന്ന സബ്സിഡികൾ പിൻവലിച്ചതും കാർഷികരംഗത്ത് വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. സ്ഥിരതയുള്ള ഉല്പന്നകമ്പോളം നഷ്ടപ്പെടുക മാത്രമല്ല കാർഷികോല്പന്ന വ്യാപാരത്തിലെ അന്തർദ്ദേശീയ കരാറുകളും കൈകടത്തലുകളും ഉദാരവൽക്കരണവും കൂടി നമ്മെ ചതിക്കുഴിയിലുമാക്കിയിരിക്കുന്നുവെന്ന് കർഷകർ തിരിച്ചറിയുന്നു.
സ്വന്തം ഉല്പന്നത്തിന് വിലനിശ്ചയിക്കാൻ സാധിക്കാത്ത അവസ്ഥ കർഷകനു മാത്രമേയുള്ളൂ. വ്യവസായികളും വ്യാപാരികളുമടങ്ങുന്ന വൻ ലോബികളുടെ സംഘടിതശക്തിക്കുമുന്നിൽ ഭരണസംവിധാനങ്ങൾ മുട്ടുമടക്കിയിരിക്കുമ്പോൾ കർഷകർ വിഘടിച്ചുനിൽക്കാതെ സംഘടിച്ചാൽ മാത്രമേ അവന്റെ വിയർപ്പിന് വിലകിട്ടുകയുള്ളൂ. ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്ന് കർഷകരെയും സമൂഹത്തെയും രക്ഷിക്കുവാൻ കർഷക ഓപ്പൺ മാർക്കറ്റുകൾ വ്യാപകമാക്കുവാനും ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുവാനും കർമ്മപദ്ധതികൾ ദേശീയസമിതി ആവിഷ്കരിച്ചു.
മണ്ണിൽ പണിയെടുക്കുകയും മരങ്ങൾ വച്ചുപിടിപ്പിക്കുകയും ചെയ്യുന്ന കർഷകരാണ് യഥാർത്ഥ പരിസ്ഥിതി സംരക്ഷകരെന്നിരിക്കെ വിവിധ പദ്ധതികളിലൂടെ വിദേശസഹായധനം സ്വീകരിച്ച് പരിസ്ഥിതി മൗലികവാദികൾ കർഷകനെയും കാർഷികമേഖലയേയും വിദേശശക്തികൾക്ക് തീറെഴുതുവാൻ ശ്രമിക്കുന്നത് അനുവദിക്കുകയില്ല. പശ്ചിമഘട്ടമേഖലകളിൽ നിന്ന് കർഷകനെ കുടിയിറക്കി കടുവാ ആവാസവ്യവസ്ഥ സൃഷ്ടിക്കുവാൻ അന്തർദ്ദേശീയ സാമ്പത്തിക ഏജൻസികളുടെ സഹായംപറ്റി ചില കേന്ദ്രങ്ങൾ നടത്തുന്ന ഗൂഢശ്രമങ്ങൾക്കെതിരെ വിവിധ കർഷകസംഘടനകളുടെ ഐക്യവേദിയായ ദ പീപ്പിളിനോട് ചേർന്ന് വിവിധ കേന്ദ്രങ്ങളിൽ കർഷക അവകാശ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതാണ്.
കാഞ്ഞിരപ്പള്ളി പാറത്തോട് മലനാട് ഡെവലപ്പ്മെന്റ് ഹാളിൽ ചേർന്ന ദേശീയസമിതി ദേശീയ രക്ഷാധികാരി ബിഷപ് മാർ മാത്യു അറയ്ക്കൽ ഉദ്ഘാടനം ചെയ്തു. ദേശീയ വൈസ്ചെയർമാൻ കെ.മൈതീൻ ഹാജി അദ്ധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് പി.സി.സിറിയക്, ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി.സി.സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ഫാ.ആന്റണി കൊഴുവനാൽ, സംസ്ഥാന ഡയറക്ടർ ഫാ.ജോസ് മോനിപ്പള്ളി, കൺവീനർ ജോസ് എടപ്പാട്ട്, ദേശീയ ട്രസ്റ്റി ഡോ.എം.സി.ജോർജ്, ട്രഷറർ ജോയി തെങ്ങുംകുടി, ഫാ.ജോർജ് പൊട്ടയ്ക്കൽ, മുൻ എം.എൽ.എ.ജോർജ് ജെ. മാത്യു, കെ.യു.ജോസഫ് കാര്യാങ്കൽ, അഡ്വ.പി.എസ്.മൈക്കിൾ, ഫാ.തോമസ് മറ്റമുണ്ടയിൽ, ജോയി പള്ളിവാതുക്കൽ, ബേബി സ്കറിയ പാല എന്നിവർ സംസാരിച്ചു. കർഷകനേതാവും ഫാർമേഴ്സ് റിലീഫ് ഫോറം ചെയർമാനുമായിരുന്ന എ.സി.വർക്കിയുടെ നിര്യാണത്തിൽ ദേശീയസമിതി അനുശോചനം രേഖപ്പെടുത്തി