യു.എ.ഇയിൽ നവജാത ശിശുക്കളുടെ വിസ നിയമങ്ങൾ കർശനമാക്കുന്നു. കുഞ്ഞ് ജനിച്ച് നാല് മാസത്തിനുള്ളിൽ വിസ നേടിയില്ലെങ്കിൽ പിഴയും ശിക്ഷയുമാണ് നേരിടേണ്ടി വരിക. ഇതു കൂടാതെ, നവജാതശിശുക്കളെ സ്പോൺസർ ചെയ്യാനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അലവൻസിനൊപ്പം മൂവായിരം ദിർഹം അടിസ്ഥാന വേതനമുണ്ടെങ്കിൽ മാത്രമേ സ്പോൺസർ ചെയ്യാൻ കഴിയൂ.

എല്ലാ പ്രവാസികൾക്കും ബാധകമായ രീതിയിൽ പുറത്തിറക്കിയിരിക്കുന്ന നിയമത്തിൽ സർക്കാർ മേഖലയിലോ സ്വകാര്യമേഖലയിലോ ജോലി ചെയ്യുന്നവർക്ക് മാറ്റങ്ങളുണ്ടാകാം. ഇത്തരത്തിൽ ജോലി ചെയ്യുന്നവർ വിസ ലഭിക്കുവാനായി ടൈപ്പിങ് കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന അപേക്ഷയ്ക്കൊപ്പം രണ്ട് ഫോട്ടോയും കുഞ്ഞിന്റെ അസൽ പാസ്പോർട്ടും ജനന സർട്ടിഫിക്കറ്റും എമിറേറ്റസിന്റെ തിരിച്ചറിയൽ രേഖകളും നൽകണം. സ്പോൺസർ ചെയ്യുന്ന രക്ഷിതാവിന്റെയും അമ്മയുടെയും താമസ വിസ പേജും പാസ്പോർട്ട് പകർപ്പും ഇതോടൊപ്പം നൽകേണ്ടതുണ്ട്.

അപേക്ഷ നൽകി മൂന്ന് ദിവസത്തിനകം തന്നെ വിസ ലഭ്യമാകും. ഇത്തരത്തിൽ വിസ നേടിയില്ലെങ്കിൽ ദിനം പ്രതി 25 ദിർഹം എന്ന തോതിൽ പിഴ നൽകേണ്ടി വരും.