പെൻസിൽവാനിയ: മൂന്ന് ദിവസം പ്ലാസ്റ്റിക്ക് ബാഗിൽ കഴിയേണ്ടിവന്ന എട്ടു മാസം പ്രായമുള്ള പെൺകുഞ്ഞ് സുഖം പ്രാപിക്കുന്നു. ന്യുയോർക്ക് സ്റ്റേറ്റ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കുന്ന കുഞ്ഞ് അപകട നില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.

ഓഗസ്റ്റ് 5 നായിരുന്നു സംഭവം. ഗാർബേജ് ബാഗിൽ എന്തോ അനങ്ങുന്നതായും ശബ്ദം പുറത്തു വരുന്നതായും ശ്രദ്ധയിൽപെട്ട കെയ്ല സീൽ എന്ന യുവതിയാണ് ബാഗിൽ നിന്നും കുഞ്ഞിനെ പുറത്തെടുത്തത്. ശ്വാസോച്ഛാസം നിലച്ചു തുടങ്ങുകയും കണ്ണുകൾ അടഞ്ഞു പോകുകയും ചെയ്ത കുഞ്ഞിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചു. ശരീരത്തിലെ ജലാംശം മുഴുവൻ നഷ്ടപ്പെട്ട കുഞ്ഞ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. എൽമിറ പൊലീസ് സെർജന്റ് ബിൽ സ്‌കോട്ട് മാധ്യമങ്ങളെ അറിയിച്ചതാണിത്.

പതിനേഴ് വയസ്സുള്ള കുഞ്ഞിന്റെ മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു ചെമംഗ് കൗണ്ടി ജെയിലിൽ അടച്ച യുവതിക്ക് 250,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. ഓഗസ്റ്റ് 14 ന് ഇവരെ കോടതിയിൽ ഹാജരാക്കും. കുറ്റം തെളിയുകയാണെങ്കിൽ 25 വർഷം വരെ ശിക്ഷ ലഭിക്കും. ഈ  സംഭവത്തെക്കുറിച്ചു അറിവുള്ളവർ എൽമിറ പൊലീസ് ഡിപ്പാർട്ട്മെന്റിൽ 607 737 5626
നമ്പറിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.