കോട്ടയം: കടക്കെണിയും വിലത്തകർച്ച മൂലം കർഷക ആത്മഹത്യകൾ പെരുകുമ്പോഴും പ്രഖ്യാപനങ്ങൾക്കപ്പുറം നടപടികളൊന്നുമില്ലാത്ത കേന്ദ്രസർക്കാരിന്റെ കർഷക നീതി നിഷേധ നിലപാടുകൾക്കെതിരെയുള്ള വിവിധ കർഷകസംഘടനകളുടെ ദേശീയ കർഷക പ്രക്ഷോഭത്തിന് ഇൻഫാം പിന്തുണ നൽകുമെന്ന് ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

കാർഷികോല്പന്നങ്ങൾക്ക് ഉല്പാദനച്ചെലവും അതിന്റെ 50 ശതമാനവും ചേർത്ത് സംഭരണവില നൽകുക, കടക്കെണിയിലായ കർഷകരുടെ കാർഷിക വായ്പകൾ എഴുതിത്ത്തള്ളുക, പലിശരഹിത കാർഷികവായ്പകൾ ലഭ്യമാക്കുക, കന്നുകാലികളെ കാലിച്ചന്തകളിൽ വിൽക്കുന്നത് നിരോധിച്ച കേന്ദ്രസർക്കാർ വിജ്ഞാപനം റദ്ദാക്കുക, തൊഴിലുറപ്പ് പദ്ധതിയെ കാർഷികമേഖലയുമായി ബന്ധിപ്പിക്കുന്നത് വ്യാപകമാക്കുക, 60 വയസിനു മുകളിലുള്ള കർഷകർക്ക് 10,000 രൂപ മാസപെൻഷൻ ഉറപ്പാക്കുക, കർഷകവിരുദ്ധ രാജ്യാന്തരകരാറുകളിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറുക, ബാങ്കുകളുടെ കർഷകചൂഷണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് കേന്ദ്രസർക്കാരിനുമുമ്പിൽ ഇൻഫാം ഇതിനോടകം സമർപ്പിച്ചിരിക്കുന്നത്.

കേരളത്തിലെ ഇതര കർഷകപ്രസ്ഥാനങ്ങളുമായും കർഷകാഭിമുഖ്യമുള്ള രാഷ്ട്രീയ പാർട്ടികളുമായും പൊതുവായ കാർഷിക പ്രശ്‌നങ്ങളിൽ ഇൻഫാം സഹകരിച്ചു പ്രവർത്തിക്കും. ജി.എസ്.ടി, റബറുൾപ്പെടെ കാർഷിക മേഖലയിൽ കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കും. 20 ലക്ഷത്തിൽ കൂടുതൽ ക്രയവിക്രയമുള്ള റബറുല്പാദക സംഘങ്ങൾക്ക് ജിഎസ്ടി ബാധകമാകുമ്പോൾ കർഷകന് ഇക്കാലമത്രയും ആശ്രയമായിരുന്ന ഉൽപാദക സംഘങ്ങൾ കൂടി പൂട്ടിക്കെട്ടും. സെസ് എടുത്തുകളഞ്ഞ് വ്യവസായികളെ സഹായിക്കുമ്പോൾ റബർ ബോർഡിനും തിരിച്ചടിയാകും. രാസവളത്തിനു സബ്‌സിഡിയില്ലാതെ മുഴുവൻ തുക അടയ്ക്കുവാൻ കർഷകർ നിർബന്ധിതരായിരിക്കുന്നു. ജിഎസ്ടി മൂലം വളങ്ങളുടെ വില ഉയർന്നിരിക്കുന്നതും കാർഷികമേഖലയ്ക്ക് ഇരുട്ടടിയായിരിക്കുന്നുവെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.