കൊച്ചി: പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിന് വെല്ലുവിളി ഉയർത്തി ഡോ. മീനാ കുമാരി കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിരിക്കുന്ന മത്സ്യബന്ധന നയം പുനഃപരിശോധിക്കണമെന്നും തീരദേശജനതയുടെ ജീവിക്കുവാനുള്ള പോരാട്ടങ്ങൾക്ക് പിന്തുണ നൽകുമെന്നും ഇന്ത്യൻ ഫാർമേഴ്‌സ് മൂവ്‌മെന്റ് (ഇൻഫാം) ദേശീയ സമിതി.

പുതിയ മത്സ്യബന്ധന നയപ്രകാരം കേന്ദ്രസർക്കാർ വിദേശ കപ്പലുകൾക്കായി ഇന്ത്യയുടെ കടൽത്തീരം തീറെഴുതിക്കൊടുക്കുകയാണ്. ഇതിനുള്ള ന്യായവാദമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത് 500 മീറ്റർ ആഴത്തിനപ്പുറത്ത് കടലിൽ നിന്ന് മത്സ്യം പിടിക്കാനുള്ള വൈദഗ്ദ്ധ്യം ഇന്ത്യക്കാർക്കില്ലെന്നാണ്. ഇന്ത്യൻ കടൽത്തീരത്ത് വിദേശ കപ്പലുകളുടെ ഇടപെടലുകൾ, 8460 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യൻ തീരദേശത്ത് മത്സ്യബന്ധനം പരമ്പരാഗതമായി ഉപജീവനമായി സ്വീകരിച്ചിരിക്കുന്ന ജനങ്ങളെ നിത്യദുരിതത്തിലാക്കും. ഇന്ത്യൻ കടലിൽ നിന്ന് വിദേശ കപ്പലുകൾ ഘട്ടംഘട്ടമായി ഒഴിവാക്കുമെന്ന 1997ലെ മൂരാരി കമ്മീഷൻ റിപ്പോർട്ട് കേന്ദ്രസർക്കാർ അംഗീകരിച്ചതാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ആഴക്കടൽ മത്സ്യബന്ധന സാങ്കേതികവിദ്യ പഠിപ്പിക്കണമെന്നും ഈ റിപ്പോർട്ടിലുണ്ട്. പക്ഷേ ഇതിനു വിരുദ്ധമായുള്ള പുതിയ മത്സ്യബന്ധന നയം അംഗീകരിക്കാനാവില്ലെന്നും തീരദേശ ജനതയുടെ പ്രക്ഷോഭങ്ങളിൽ ഇൻഫാം പങ്കുചേരുമെന്നും ദേശീയ സമിതി സൂചിപ്പിച്ചു.

തീരപരിപാലന നിയമത്തിന്റെ പേരിൽ തീരദേശവാസികളുടെ ഭവനനിർമ്മാണത്തിനും പ്രതിബന്ധങ്ങൾ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. മലയോരജനതയെപ്പോലെ തീരദേശവാസികളും കൈവശഭൂമിക്ക് പട്ടയമില്ലാതെ സ്വന്തം മണ്ണിൽ അന്യനെപ്പോലെ ജീവിക്കേണ്ടിവരുന്ന അതീവഗുരുതരാവസ്ഥ നിലനിൽക്കുന്നു. മലനാട്ടിലും ഇടനാട്ടിലുമുള്ള വിവിധ കർഷകപ്രസ്ഥാനങ്ങളുടെ സമ്പൂർണ്ണ പിന്തുണ തീരദേശനിവാസികളുടെ ജീവിക്കാനുള്ള പോരാട്ടത്തിനുണ്ടാകുമെന്ന് ഇൻഫാം വ്യക്തമാക്കി.

ദേശീയ ചെയർമാൻ ഫാ. ജോസഫ് ഒറ്റപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പി സി സിറിയക്, ജനറൽ സെക്രട്ടറി ഫാ. ആന്റണി കൊഴുവനാൽ, ഷെവലിയർ അഡ്വ. വിസി സെബാസ്റ്റ്യൻ, ദേശീയ ട്രസ്റ്റി ഡോ. എം സി ജോർജ്ജ്, അഡ്വ. പിഎസ് മൈക്കിൾ, കെ മൊയ്തീൻ ഹാജി, ജോയി തെങ്ങുംകുടിയിൽ, ഫാ. ജോസ് മോനിപ്പള്ളി, ഫാ. ജോർജ്ജ് പൊട്ടയ്ക്കൽ, ഫാ. ജോസ് തറപ്പേൽ, ബേബി പെരുമാലിൽ, ജോസ് എടപ്പാട്ട്, ടോമി ഇളംതോട്ടം, കെ എസ് മാത്യു മാമ്പറമ്പിൽ എന്നിവർ സംസാരിച്ചു.