കൊച്ചി: കാർഷിക മേഖലയിലെ പ്രതിസന്ധി രൂക്ഷമായി തുടരുമ്പോൾ കാർഷിക വിഷയങ്ങളിൽ മുഖം തിരിഞ്ഞു നിൽക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ ശക്തമായി പ്രതികരിക്കുവാനും രാഷ്ട്രീയത്തിനതീതമായി നാനാജാതി മതസ്ഥരെ ഉൾപ്പെടുത്തി ഇന്ത്യൻ ഫാർമേഴ്‌സ് മൂവ്‌മെന്റ ് (ഇൻഫാം) നെ ഇടവകകളും പഞ്ചായത്തുകളും തോറും ശക്തിപ്പെടുത്തുവാനും ആഹ്വാനം ചെയ്തുകൊണ്ട് കേരള കത്തോലിക്കാ മെത്രാൻ സമിതി സർക്കുലർ പുറപ്പെടുവിച്ചു. നാലിന് കേരളത്തിലെ സീറോ മലബാർ, ലാറ്റിൻ, സീറോ മലങ്കര സഭകളിലെ 30 രൂപതകളിലെയും ദേവാലയങ്ങളിൽ സർക്കുലർ വായിക്കും. തുടർന്നുള്ള കർമ്മപരിപാടികളും ഇതോടൊപ്പം പ്രതിപാദിക്കുന്നുണ്ട്.
കേരള കത്തോലിക്കാ മെത്രാൻ സമിതിക്കുവേണ്ടി ഇൻഫാം എപ്പിസ്‌കോപ്പൽ അഡൈ്വസർ കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാർ മാത്യു അറയ്ക്കലാണ് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്.  ജനുവരി 15 കർഷകദിനമായി ആചരിക്കുവാനും ആഹ്വാനം ചെയ്യുന്നു.

കേന്ദ്രസർക്കാരുകളുടെ കർഷകദ്രോഹപരമായ റബർ ഇറക്കുമതി നയംമൂലം റബറിന്റെ വില മുൻ വർഷത്തേക്കാൾ പകുതിയോളമായി ചുരുങ്ങി എന്നത് കർഷകരുടെ സകല പ്രതീക്ഷയേയും കൃഷിയുടെ ഭാവിയേയും തകിടം മറിച്ചിരിക്കുകയാണ്. വ്യവസായ ലോബികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുവാനായി പ്രതിവർഷം ആവശ്യമായ ഇറക്കുമതിയുടെ ഏഴിരട്ടിവരെ റബർ ഇറക്കുമതി ചെയ്യാൻ സർക്കാർ അനുവദിക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു പ്രധാന കാരണം. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ റബറിന്റെ ഇറക്കുമതിയിലെ വികലമായ നയങ്ങൾ ഉടനടി തിരുത്തപ്പെടുന്നില്ലെങ്കിൽ സംസ്ഥാനത്തെ ആയിരക്കണക്കിന് കർഷകകുടുംബങ്ങൾ പട്ടിണിയിലാകും. റബറിനെ വ്യവസായ ഉൽപ്പന്നത്തിൽ നിന്ന് ഒഴിവാക്കി, കാർഷിക ഉൽപ്പന്നമായി കണ്ട് റബർ തടി മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റുമതി ചെയ്യുവാൻ അനുവദിച്ചാൽ റബർ കർഷകർക്ക് അൽപ്പമെങ്കിലും ആദായമാകും. ഉൽപ്പന്നങ്ങളുടെ വിലയിടിവിനു പുറമെ സ്വന്തം കൃഷി ഭൂമിയുടെ സ്വതന്ത്രവിനിയോഗത്തിനുവേണ്ടി ഗാഡ്ഗിൽ, കസ്തൂരിരംഗൻ കമ്മീഷനുകളുടെയും ഉദ്യോഗലോബികളുടെയും ദയാദാക്ഷിണ്യത്തിനു കാത്തുനിൽക്കേണ്ട ഗതികേടും പശ്ചിമഘട്ടത്തിലെ സാധാരണ കർഷകകുടുംബങ്ങൾ നേരിടുന്നുവെന്നും സർക്കുലറിൽ പറയുന്നു.

തീരദേശനിയന്ത്രണ വിജ്ഞാപനത്തിലെ അപാകതകൾ പരിഹരിക്കുമെന്ന സർക്കാർ ഉറപ്പ് ഇതുവരെയും പാലിക്കപ്പെട്ടിട്ടില്ലെന്നും, ഈ വിജ്ഞാപനം മൂലം തീരദേശവാസികൾക്ക് വീടുകൾ പുതുക്കി പണിയുന്നതിനോ പുതിയ വീട് നിർമ്മിക്കുന്നതിനോ സാധ്യമല്ലാത്ത സാഹചര്യമാണെ ന്നും കെസിബിസി സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു. തീരദേശത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയും മത്സ്യസമ്പത്തും സംരക്ഷിക്കപ്പെടണം. എന്നാൽ കടലിന്റെയും കായലുകളുടെയും തീരങ്ങളിൽ വർഷങ്ങളായി താമസിക്കുന്ന ജനങ്ങളെ വിസ്മരിക്കരുത്. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും തീരത്തെ ജനസാന്ദ്രതയും പരിഗണിച്ച് വിജ്ഞാപനത്തിലെ വനനിർമ്മാണത്തിനായുള്ള ദൂരപരിധി നിയന്ത്രണം പൂർണ്ണമായും ഒഴിവാക്കണം. പരമ്പരാഗത ചെറുകിട മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിന് വെല്ലുവിളിയുയർത്തുന്ന നിർദ്ദേശങ്ങൾ ചെറുകിട മത്സ്യമേഖലയെ തകർക്കുന്നതും കടലിൽ സംഘർഷങ്ങൾ സൃഷ്ടിക്കുന്നതുമാണ്. ഈ സാഹചര്യത്തിൽ രക്ഷയ്ക്കുള്ള ഏക പരിഹാരം മലയോരങ്ങളിലും തീരദേശങ്ങളിലും ഇടനാട്ടിലും ജീവിക്കുന്ന ജനസമൂഹം ഒരു മനസ്സോടെ സംഘടിത ശക്തിയാവണമെന്നും ഇൻഫാം ജനറൽ സെക്രട്ടറി ഫാ. ആന്റണി കൊഴുവനാൽ ആഹ്വാനം ചെയ്തു.