വാഴക്കുളം: മണ്ണിൽ പണിയെടുക്കുന്ന കർഷകരെ നിരന്തരം ചൂഷണം ചെയ്യുന്നവർക്കെതിരെ ശക്തമായി പ്രതികരിക്കുകയും സമൂഹത്തിലെ അദ്ധ്വാനവർഗ്ഗത്തെ കൈപിടിച്ചുയർത്തുവാൻ ഒന്നര പതിറ്റാണ്ടുകളായി അക്ഷീണം പരിശ്രമിക്കുകയും ചെയ്യുന്ന കർഷക പ്രസ്ഥാനമായ ഇൻഫാം ശബ്ദമില്ലാത്തവരുടെ ശബ്ദവും അസംഘടിത കർഷക സമൂഹത്തിന്റെ പ്രതീക്ഷയുമാണെന്ന് ദേശീയ രക്ഷാധികാരി ബിഷപ്പ് മാർ മാത്യു അറയ്ക്കൽ.

മൂവാറ്റുപുഴ, വാഴക്കുളം സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന ഇൻഫാമിന്റെ സംസ്ഥാനതല കർഷകദിനാചരണത്തിൽ മാർ അറയ്ക്കൽ സന്ദേശം നൽകി. കർഷകർ ഉൽപ്പാദന പ്രക്രിയയിൽ മാത്രം ശ്രദ്ധിച്ചാൽ മതിയാകില്ലെന്നും സംസ്‌ക്കരണ വിപണന സാധ്യതകളും തന്ത്രങ്ങളും ആവിഷ്‌ക്കരിച്ചു നടപ്പിലാക്കണമെന്നും കർഷകരുടെ നന്മകൾ തിരിച്ചറിയാത്ത രാഷ്ട്രീയ ഭരണനേതൃത്വങ്ങളേയും അവരെ നിയന്ത്രിക്കുന്ന കർഷകവിരുദ്ധ ശക്തികളേയും സധൈര്യം നേരിടുവാൻ ഒറ്റക്കെട്ടായി മുന്നോട്ടു നീങ്ങി കരുത്തുനേടണമെന്ന് കർഷകനെ ബോധ്യപ്പെടുത്തി അവന്റെ ഹൃദയത്തിന്റെ ഉള്ളറകളിലേയ്ക്ക് വികസന വിപണന സ്വപ്‌നങ്ങൾ കൈമാറുകയാണ് ഇൻഫാമിന്റെ ലക്ഷ്യമെന്നും സന്ദേശത്തിൽ പറഞ്ഞു. വിത്തുകളുടെ നിയന്ത്രണം പൂർണ്ണമായും കർഷകനു വേണമെന്നാണ് ഇൻഫാമിന്റെ നിലപാട്. കാർഷിക പുരോഗതി കർഷകന്റെ കണ്ടുപിടുത്തങ്ങളിൽ നിന്നാണുണ്ടാകേണ്ടത്. പ്രഗത്ഭരായ കർഷക ശാസ്ത്രജ്ഞന്മാരുടെ മണ്ണാണ് കേരളം. കർഷകന്റെ അറിവും ബുദ്ധിയും കഴിവും ശാസ്ത്രത്തിന്റെ പിൻബലത്തോടെ കർമ്മനിരതമാക്കാനുള്ള പദ്ധതികൾക്ക് ഇൻഫാം രൂപം കൊടുക്കുമെന്നും മാർ അറയ്ക്കൽ സൂചിപ്പിച്ചു.

ഇൻഫാം സ്ഥാപകൻ ഫാ. മാത്യു വടക്കേമുറിയുടെ അനുസ്മരണത്തോടെ കർഷകദിനാചരണ ചടങ്ങുകൾക്ക് തുടക്കമായി. ബാങ്കിങ് മേഖലയും കർഷകരും എന്ന വിഷയത്തിന്മേലുള്ള സെമിനാർ റിസർവ്വ് ബാങ്ക് ജനറൽ മാനേജർ സിവി ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ഇൻഫാം ദേശീയ ട്രസ്റ്റി ഡോ. എംസി ജോർജ്ജ്, കേരളത്തിലെ വിവിധ പ്രമുഖ ബാങ്കുകളുടെ പ്രതിനിധികളായ വി ആനന്ദ്, സേവ്യർ ജെയിംസ്, അനീഷ് ജോർജ്ജ്, കെവി ജോർജ്ജ്, ഡോമിനിക് ജോൺ, രശ്മി തങ്കം എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഇൻഫാം സെൻട്രൽ റീജിയണൽ ഓഫീസ് അഡ്വ. ജോയിസ് ജോർജ്ജ് എംപി ഉദ്ഘാടനം ചെയ്തു. മേഖല രക്ഷാധികാരി ഫാ. പോൾ നെടുംപുറത്ത് ഓഫീസിന്റെ ആശീർവാദകർമ്മം നിർവ്വഹിച്ചു. തുടർന്ന് റീജിയണൽ പ്രസിഡന്റ് ജോസ് എടപ്പാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ ഇൻഫാമിന്റെ കാർഷിക ഇടപെടലുകളും സംഘടനാ പ്രമേയവും ഷെവലിയർ അഡ്വ. വിസി സെബാസ്റ്റ്യൻ അവതരിപ്പിച്ചു. പിസി തോമസ് എക്‌സ് എംപി, ഫ്രാൻസിസ് ജോർജ്ജ് എക്‌സ് എംപി, പിസി ജോസഫ് എക്‌സ് എംഎൽഎ, നാഷണൽ സെക്രട്ടറി ഫാ. ജോർജ്ജ് പൊട്ടയ്ക്കൽ, ഇൻഫാം പാലാ രൂപതാ ഡയറക്ടർ ഫാ. ജോസ് തറപ്പേൽ, ഹൈറേഞ്ച് സംരക്ഷണ സമിതി ചെയർമാൻ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ, ഫാ. ജോൺ തോട്ടത്തിമാലിൽ, ദേശീയ വൈസ് ചെയർമാൻ കെ മൊയ്തീൻ ഹാജി, ട്രഷറർ ജോയി തെങ്ങുംകുടി, കോതമംഗലം ആർപിഎസ് റീജിയണൽ പ്രസിഡന്റ് പിവി ഏലിയാസ്, വിവിധ ജില്ലാ പ്രസിഡന്റുമാരായ അഡ്വ. പിഎസ് മൈക്കിൾ, കെഎസ് മാത്യു, ജോയി പള്ളിവാതുക്കൽ, മേഖലാ പ്രസിഡന്റുമാരായ എംടി ഫ്രാൻസിസ്, റോയി വള്ളമറ്റം, കെവി വർക്കി, ഫാർമേഴ്‌സ് ക്ലബ്ബ് പ്രസിഡന്റുമാരായ ജോണി നെല്ലിക്കുന്നേൽ, തോമസ് പാലക്കോട്ടിൽ, മാത്യു ആശാരിക്കുടിയിൽ, ജോസ് കൂട്ടുങ്കൽ, ചെറിയാൻ കുന്നപ്പള്ളി, സിപിഎസ് പ്രസിഡന്റുമാരായ സണ്ണി കുറുന്താനം, വിസി ജോസഫ്, കെസി ജോസഫ്, ജെയിംസ് പള്ളിക്കമാലിൽ, ബേബി ആണ്ടൂർ, റീജിയണൽ സെക്രട്ടറി ഒഎം ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.