കോട്ടയം: ബജറ്റിൽ പ്രഖ്യാപിച്ച 300 കോടിയുടെ റബർ സംഭരണം ഇതുവരെ ആരംഭിക്കാത്ത സംസ്ഥാന സർക്കാർ മഴക്കാലത്തിനു ശേഷം കർഷകരിൽ നിന്ന് റബർ നേരിട്ട് സംഭരിക്കുവാൻ പദ്ധതി തയാറാക്കുന്നുവെന്ന വാർത്ത വിരോധാഭാസമാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ. വിസി സെബാസ്റ്റ്യൻ.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുമ്പുള്ള രാഷ്ട്രീയ തന്ത്രമായിട്ട് മാത്രമേ ഇതിനെ കാണാൻ കഴിയുകയുള്ളു. മഴക്കാലത്ത് റബർ ടാപ്പിങ് നടത്താനാവാതെ റബർ ഉത്പാദനം ഏറ്റവും കുറഞ്ഞ അവസ്ഥയിലാവും. ഈ സാഹചര്യത്തിൽ വൻകിട വ്യാപാരികളിൽ മാത്രമായിക്കും റബറിന്റെ സ്റ്റോക്ക് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ നാളുകളിൽ 110-120 രൂപയ്ക്ക് ഇവർ കർഷകരിൽ നിന്നും സംഭരിച്ചിരിക്കുന്ന റബർ 150 രൂപയ്ക്ക് വിറ്റഴിക്കാനുള്ള അവസരം സർക്കാർ സംവിധാനങ്ങൾ ഒരുക്കുകയാണ് ചെയ്യുന്നത്. കർഷകനെ മറയാക്കി ബജറ്റിൽ പ്രഖ്യാപിച്ച 300 കോടി അട്ടിമറിക്കപ്പെടുന്ന സാഹചര്യം ഇതുമൂലം സൃഷ്ടിക്കപ്പെടും.  സർക്കാരിന് ആത്മാർഥത ഉണ്ടെങ്കിൽ മഴക്കാലം അവസാനിക്കുന്നത് കാത്തുനിൽക്കാതെ മെയ്‌ 20 മുതൽ കർഷകരിൽ നിന്നും നേരിട്ട് 150 രൂപയ്ക്ക് റബർ സംഭരിക്കാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുൻവർഷങ്ങളിൽ റബറിന് വില ഉയർന്നുനിന്നപ്പോൾ ഓരോ വർഷവും 700 കോടി രൂപ റബർ കർഷകരിൽ നിന്ന് വാറ്റ് ഇനത്തിൽ സംസ്ഥാന സർക്കാരിന് ലഭിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. കേന്ദ്ര സർക്കാരിന് സെസ് ഇനത്തിൽ 220 കോടി രൂപ വേറെയും ലഭിച്ചു. കേന്ദ്ര സർക്കാരിൽ 1011.69 കോടി രൂപയോളം വിലസ്ഥിരതാ ഫണ്ടും ഉണ്ട്.  ഈ വിലസ്ഥിരതാ ഫണ്ടിൽ കർഷകരിൽ നിന്നും പിരിച്ചെടുത്ത തുകയും ഉൾപ്പെടുന്നു. 1.53 കോടി രൂപ മാത്രമാണ് വിലസ്ഥിരതാഫണ്ടിൽ നിന്ന് കർഷകർക്ക് ഇതിനോടകം നൽകിയിട്ടുള്ളതെന്ന് വാണിജ്യമന്ത്രി വെളിപ്പെടുത്തിയിട്ടുണ്ട്.  വിലസ്ഥിരതാഫണ്ട്  റബർ പ്രതിസന്ധി കലഘട്ടത്തിൽ ഫലപ്രദമായി കർഷകന് നൽകി സഹായിക്കാത്ത കേന്ദ്രസർക്കാരിന്റെ നിഷേധനിലപാടുകൾ കർഷകവഞ്ചനയാണ്. സംസ്ഥാന ഭരണ രാഷ്ട്രീയ നേതൃത്വങ്ങളുടെ നടപടികളില്ലാത്ത തുടർ വാഗ്ദാനങ്ങൾ കർഷകർ മുഖവിലയ്‌ക്കെടുക്കില്ലെന്ന് വിസി സെബാസ്റ്റ്യൻ പറഞ്ഞു.