കോട്ടയം: വൻ സാമ്പത്തിക സാധ്യതയിൽ ഉൾപ്പെടെ കാർഷിക മേഖല തകർന്നടിയുമ്പോൾ അവസരോചിതമായ അടിയന്തര നടപടികൾക്കുള്ള ക്രിയാത്മക നിർദ്ദേശങ്ങളില്ലാതെ കേരളത്തിലെ ലക്ഷക്കണക്കിന് കർഷകരുടെ പ്രതീക്ഷകളെ തകിടം മറിച്ചുള്ള ഇരുട്ടടിയാണ് മോദി സർക്കാരിന്റെ കേന്ദ്രബജറ്റെന്ന് ഇൻഫാം ദേശീയസമിതി.

വിദേശനിക്ഷേപങ്ങൾക്ക് അവസരമൊരുക്കി കാർഷികമേഖല ആഗോളവൽക്കരിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യയിലെ ചെറുകിട കൃഷിക്കാരെ പെരുവഴിയിലാക്കും.  കാർഷിക മേഖല കൃഷിക്കാരിൽ നിന്ന് കോർപ്പറേറ്റുകളിലേയ്ക്ക് മാറ്റാനുള്ള ശ്രമങ്ങൾ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. റബർ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ കാര്യത്തിൽ കേന്ദ്രബജറ്റിൽ കാണിച്ചിരിക്കുന്ന അവഗണന സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കുന്നതാണ്.

റബർ വിലകുറയുമ്പോഴും എക്‌സൈസ് തീരുവ കൂട്ടി ടയറിന്റെ വില വർദ്ധിപ്പിക്കുന്നത് വിരോധാഭാസമാണ്.  രാഷ്ട്രീയ പരിഗണന നോക്കി മറ്റു സംസ്ഥാനങ്ങൾക്ക് വാരിക്കോരി കൊടുത്തവർ കേരളത്തിലെ കൃഷിക്കാരെ പാടേ അവഗണിച്ചിരിക്കുന്നു.  കരിമ്പിനും ചണത്തിനും ആയിരക്കണക്കിന് കോടി രൂപ അനുവദിച്ച കേന്ദ്രസർക്കാർ കേരളത്തിലെ കർഷകരെ രണ്ടാംതരം പൗരന്മാരായി കണ്ടത് ദുഃഖകരമാണെന്ന് ഇൻഫാം ദേശീയ സമിതി സൂചിപ്പിച്ചു.

കേരളത്തിലെ ജനപ്രതിനിധികൾക്കും വീഴ്ചപറ്റി.  സംസ്ഥാനത്തോടുള്ള അവഗണനയിൽ ഒറ്റക്കെട്ടായി ശക്തമായി പ്രതിഷേധിക്കുവാനുള്ള ആർജ്ജവം കാണിക്കേണ്ടിയിരുന്നവർ പ്രതികരണശേഷി നഷ്ടപ്പെട്ട് പാർലമെന്റിൽ അധഃപതിച്ചത് കർഷകസമൂഹം വേദനയോടെ കാണുന്നു. വഴിപാടു സമരങ്ങൾ നടത്തി ജനങ്ങളെ വിഢികളാക്കിയ രാഷ്ട്രീയ നേതൃത്വങ്ങളും ഉത്തരവാദിത്വങ്ങിൽ നിന്ന് ഒളിച്ചോടിയ സംസ്ഥാന സർക്കാരും മാപ്പർഹിക്കുന്നില്ല. കർഷകസമൂഹത്തോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് കരിദിനമുൾപ്പെടെ പ്രക്ഷോഭങ്ങൾ ശക്തമാക്കുവാൻ എല്ലാ കർഷകപ്രസ്ഥാനങ്ങളേയും ഇൻഫാം ദേശീയസമിതി ആഹ്വാനം ചെയ്തു.

ദേശീയ ചെയർമാൻ ഫാ. ജോസഫ് ഒറ്റപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫാ. ആന്റണി കൊഴുവനാൽ, പിസി സിറിയക്, ഷെവലിയർ അഡ്വ. വിസി സെബാസ്റ്റ്യൻ, ദേശീയ ട്രസ്റ്റി ഡോ. എംസി ജോർജ്ജ്, അഡ്വ. പിഎസ് മൈക്കിൾ, കെ മൈയ്തീൻ ഹാജി, ജോയി തെങ്ങുംകുടിയിൽ, ഫാ. ജോസ് മോനിപ്പള്ളി, ഫാ. ജോർജ്ജ് പൊട്ടയ്ക്കൽ, ഫാ. ജോസ് തറപ്പേൽ, ബേബി പെരുമാലിൽ, ജോസ് എടപ്പാട്ട്, ടോമി ഇളംതോട്ടം, കെഎസ് മാത്യു മാമ്പറമ്പിൽ എന്നിവർ സംസാരിച്ചു.