കോട്ടയം: വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് കർഷകരെ വിലപറഞ്ഞ് വിൽക്കുവാനും വിഢികളാക്കി നേട്ടം കൊയ്യുവാനും ഒരു രാഷ്ട്രീയ നേതൃത്വങ്ങളെയും അനുവദിക്കില്ലെന്നും സർക്കാരിന്റെ നടപടികളില്ലാത്ത ഉറപ്പുകളും ഉത്തരവുകളും വിലപ്പോവില്ലെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ. വിസി സെബാസ്റ്റ്യൻ പ്രസ്താവിച്ചു.

കേന്ദ്രസർക്കാർ 2016 മാർച്ച് 31 വരെ റബർ ഇറക്കുമതി പൂർണ്ണമായും നിരോധിച്ചുവെന്ന് ചില കേന്ദ്രങ്ങൾ നടത്തുന്ന പ്രചരണങ്ങൾ അടിസ്ഥാനരഹിതവും  വഞ്ചനാപരവും അങ്ങേയറ്റം പ്രതിഷേധാർഹവുമാണ്. അഡ്വാൻസ് ഓതറൈസേഷൻ സ്‌കീം എന്ന പേരിൽ അറിയപ്പെടുന്ന പദ്ധതിപ്രകാരം ഇന്ത്യയിലെ റബ്ബർ വ്യവസായികൾക്ക് നികുതികൊടുക്കാതെ റബ്ബർ ഇറക്കുമതി ചെയ്യാൻ നിയമമുണ്ട്. ഈ ഇറക്കുമതി എസ്‌ഐഒഎൻ (സ്റ്റാന്റേർഡ് ഇൻപുട്ട് ആൻഡ് ഔട്ട്പുട്ട് നോം) പ്രകാരമാണ്. ഇങ്ങനെ ഇറക്കുമതി ചെയ്യുന്ന റബ്ബർ ഇപ്പോൾ ഇന്ത്യയിൽ നിലവിലുള്ള നിയമപ്രകാരം 6 മാസത്തിനുള്ളിൽ ഉൽപ്പന്നമായി കയറ്റുമതി ചെയ്യണം. ഈ ആനുകൂല്യമാണ് മാർച്ച് 31 വരെ കേന്ദ്രസർക്കാർ റദ്ദുചെയ്തിരിക്കുന്നത്. ഈ രീതിയിൽ ഇറക്കുമതി ചെയ്യുന്ന ഒരു കിലോ റബ്ബർ പോലും ഇന്ത്യയിലെ പൊതുമാർക്കറ്റിൽ വരുന്നതല്ലന്നുള്ളതാണ് യാഥാർത്ഥ്യം. അതുകൊണ്ട് ഇതിന്റെ പേരിൽ റബ്ബർ വിലയിൽ യാതൊരു വ്യത്യാസവും ഉണ്ടാവുകയില്ലെന്ന് ഈ ദിവസങ്ങളിൽ കർഷകർക്ക് ബോധ്യപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന്  വിസി സെബാസ്റ്റ്യൻ സൂചിപ്പിച്ചു.

രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന കർഷകസമരങ്ങളെ കർഷകപ്രസ്ഥാനങ്ങൾ പലപ്പോഴും പിന്തുണയ്ക്കുന്നത് അതിരൂക്ഷമായ ഈ പ്രതിസന്ധിയിൽ കർഷകർക്ക് എന്തെങ്കിലും നേട്ടമുണ്ടാക്കാകട്ടെ എന്ന സദുദ്ദേശത്തോടെയാണ്. ഇതിന്റെ മറവിൽ രാഷ്ട്രീയ മുതലെടുപ്പിന് ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നത് കർഷകവഞ്ചനയാണ്. റബറുൾപ്പെടെ കാർഷികമേഖലയിലെ വിലത്തകർച്ച ഒരു ദിവസത്തെ സൃഷ്ടിയല്ല. 1990 മുതലുള്ള യുപിഎ സർക്കാരിന്റെ അന്താരാഷ്ട്ര കരാറുകളുടെ ബാക്കിപത്രമായി കഴിഞ്ഞ 3 വർഷക്കാലമായി രൂപപ്പെട്ട പ്രതിസന്ധിയാണ്. കാർഷികപ്രതിസന്ധിയിൽ ഇന്നലെവരെ ചെറുവിരലനക്കാത്തവർ ഇന്ന് കർഷകരുടെ സംരക്ഷകരായി സ്വയം പ്രഖ്യാപിക്കുന്നതിന്റെ കാപട്യം കർഷകർ തിരിച്ചറിയണം.

വേനൽക്കാറ്റും ഇലപൊഴിച്ചിലും മൂലം സാധാരണരീതിയിൽ ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കർഷകർ റബർ ടാപ്പിങ് ചെയ്യാറില്ല. അതിനാൽ ഉല്പാദനവുമില്ല. ഈ അവസരം മുതലാക്കിയാണ് സർക്കാരിന്റെ പ്രഖ്യാപനങ്ങളേറെയും. എന്നിട്ടുപോലും വിപണിയിൽ വില ഉയർന്നിട്ടില്ല. റബർ വ്യാപാരവും നടക്കുന്നില്ല. വ്യവസായികളുടെ പക്കൽ വൻ റബർ സ്റ്റോക്കിരിക്കുമ്പോൾ സർക്കാർ നടത്തുന്ന പ്രഖ്യാപനങ്ങൾ കർഷകരെ കബളിപ്പിക്കുന്നതാണ്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 300 കോടിയുടെ സഹായധനത്തിന്റെ മൂന്നിലൊന്നുപോലും കർഷകരിലെത്തിയിട്ടില്ല. 3.5 ലക്ഷത്തോളം കർഷകർ പദ്ധതിയിൽ അംഗങ്ങളാണ്. 2015 മാർച്ച് 13 ന് പ്രഖ്യാപിച്ച 300 കോടിയുടെ റബർ സഹായധനപദ്ധതി  ഫലപ്രദമായി നടപ്പിലാക്കുവാൻ സാധിക്കാത്തവർ 500 കോടിയുടെ തുടർപ്രഖ്യാപനം നടത്തിയുള്ള തെരഞ്ഞെടുപ്പ് തന്ത്രം കർഷകരുടെയടുക്കൽ വിലപ്പോവില്ലെന്നും വിസി സെബാസ്റ്റ്യൻ പറഞ്ഞു.