കൊച്ചി: കാലാവസ്ഥാവ്യതിയാനംകൊണ്ട് കൃഷിനാശം വന്നവരും ഉൽപ്പന്നങ്ങളുടെ വിലയിടിവുമൂലം സാമ്പത്തിക തകർച്ച നേരിടുന്നവരുമായ സാധാരണ കർഷകൻ വായ്പ തിരിച്ചടയ്ക്കാൻ വൈകുന്നതിന്റെ പേരിൽ ജയിലിലടയ്ക്കുന്ന നിയമം നടപ്പിലാക്കുന്ന പൊതുമേഖലാ ബാങ്കുകൾ വൻകിട വ്യവസായികളുടെയും സമ്പന്നരുടെയും 1.14 ലക്ഷം കോടിയുടെ ലോണുകൾ എഴുതിത്ത്തള്ളിയ നടപടിയിൽ അന്വേഷണം വേണമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ. വിസി സെബാസ്റ്റ്യൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

കാർഷിക പ്രതിസന്ധിയിൽ ജീവിക്കുവാൻ നിവൃത്തിയില്ലാതെ സ്വന്തം കിടപ്പാടം പോലും പണയംവച്ചാണ് തുച്ഛമായ തുകകൾ പൊതുമേഖലാ ബാങ്കുകളിൽ നിന്ന് ചെറുകിട കർഷകർ വായ്പയായി എടുക്കുന്നത്. 5,000 രൂപയിൽ കുറഞ്ഞ തുകയ്ക്കു പോലും പലിശയും പലിശയിന്മേൽ പലിശയും ഈടാക്കി അവസാനം കർഷകനെ ആത്മഹത്യയിലേയ്ക്കു പറഞ്ഞുവിടുന്നവർ കോർപ്പറേറ്റുകളുടെയും സമ്പന്നരുടെയും അതിഭീമമായ ലോണുകൾ എഴുതിത്ത്തള്ളുന്നത് വഞ്ചനാപരവും നാടിന്റെ സാമ്പത്തിക അടിത്തറ തകർക്കുന്നതുമാണ്. പൊതുമേഖലാബാങ്കുകളുടെ ഉന്നതന്മാരും വ്യവസായ സമ്പന്ന ലോബികളും ചേർന്ന് കാർഷികമേഖലയ്ക്കും കർഷകർക്കുമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിക്കുന്ന വൻ ആനുകൂല്യങ്ങളും ക്ഷേമപദ്ധതികളും അട്ടിമറിക്കുന്നു.  
 
1.14 കോടി കിട്ടാക്കടമായി കണക്കാക്കി എഴുതിത്ത്തള്ളുന്ന സാഹചര്യം ബാങ്കിങ് മേഖലയുടെ കെടുകാര്യസ്ഥതയും പ്രവർത്തന വൈകല്യവുമാണ് സൂചിപ്പിക്കുന്നത്. ഈ തുക എഴുതിത്ത്തള്ളുകയല്ല, ഇതനുവദിച്ച ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കുകയാണ് വേണ്ടത്. ഈ നടപടിയിലൂടെ ഇന്ത്യയിലെ സാമ്പത്തിക സ്ഥാപനങ്ങളിന്മേലുള്ള പൊതുസമൂഹത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു. നികുതി വർദ്ധിപ്പിച്ചും വിവിധ പദ്ധതികൾ വെട്ടിച്ചുരുക്കിയും ജനങ്ങളെ പിഴിയുന്ന സർക്കാർ ഈ വൻ സാമ്പത്തിക കൊള്ളയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും കാർഷിക വായ്പകളുടെ പേരിൽ ധനകാര്യസ്ഥാപനങ്ങൾ നടത്തുന്ന ചൂഷണത്തിനെതിരെ കർഷകർ സംഘടിക്കണമെന്നും വിസി സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.