കോട്ടയം: കർഷകരക്ഷയ്ക്കായി കേന്ദ്ര വിലസ്ഥിരതാ ഫണ്ട് നേടിയെടുക്കുവാനോ, റബർ ഇറക്കുമതി നിയന്ത്രിക്കുവാനോ, സംരക്ഷിത ചുങ്കം ഏർപ്പെടുത്തുവാനോ, റബറിന് അടിസ്ഥാനവിലയോ അടിസ്ഥാന ഇറക്കുമതി വിലയോ നിശ്ചയിക്കാനോ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി നടപടികളെടുക്കാത്ത റബർ ബോർഡ് റബർ കർഷകരെ സംരക്ഷിക്കുന്നതിൽ വൻ പരാജയമാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആരോപിച്ചു.

കഴിഞ്ഞ വർഷത്തേതിൽ നിന്ന് റബറുല്പാദനം ഈ വർഷം വർദ്ധിച്ചുവെന്ന് റബർ ബോർഡ് കണക്കുകൾ നിരത്തുമ്പോൾ ഇതിന്റെ പിന്നിൽ സംസ്ഥാന സർക്കാരിന്റെ വിലസ്ഥിരതാഫണ്ടിന്റെ പിൻബലമാണെന്നുള്ളത് മറക്കരുത്. യുഡിഎഫ് സർക്കാരിന്റെ 300 കോടിയിൽ നിന്ന് എൽഡിഎഫ് സർക്കാർ 500 കോടിയായി അതു വർദ്ധിപ്പിച്ചിട്ടും കേന്ദ്രസർക്കാർ മുഖംതിരിഞ്ഞുനിൽക്കുമ്പോൾ കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന റബർ ബോർഡ് കർഷകരെ മറന്ന് നിശബ്ദസേവനം നടത്തുന്നത് അതീവദുഃഖകരമാണ്.

മലേഷ്യ, തായ്‌ലണ്ട്, ഇന്തോനേഷ്യ തുടങ്ങി മികച്ച റബറുൽപാദകരാജ്യങ്ങൾ കർഷകർക്ക് സബ്‌സിഡി വർദ്ധിപ്പിക്കുകയും ഉല്പാദനച്ചെലവിന് ആനുപാതികമായി സർക്കാർ വില നിശ്ചയിച്ച് റബർ സംഭരിക്കുകയും ചെയ്യുമ്പോൾ കേന്ദ്രസർക്കാരിൽ കർഷകർക്കുവേണ്ടി വാദിക്കേണ്ട റബർ ബോർഡ് ഇത്തരം ശ്രമങ്ങൾക്ക് മുതിരാതെ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ്. ലേബർ ബാങ്ക്, ആഴ്ചയിൽ ഒരു വെട്ട് തുടങ്ങിയ ബോർഡിന്റെ അപ്രായോഗിക പദ്ധതികളെ കർഷകർ തള്ളിക്കളഞ്ഞിരിക്കുന്നു. നികുതി രഹിതമായി റബറുല്പന്നങ്ങളുടെ ഇന്ത്യൻ വിപണിയിലേയ്ക്കുള്ള ഇറക്കുമതി തുടരുമ്പോൾ ഇവയ്ക്ക് ഒത്താശ ചെയ്യുന്ന റബർ ബോർഡ് തന്നെ കർഷകരെ ചതിക്കുഴിയിലേയ്ക്ക് തള്ളിവിടുകയാണ്. രാജ്യാന്തര മാർക്കറ്റിൽ റബർവില ഉയർന്നിട്ടും കേരളത്തിൽ വിലയിടിയുമ്പോൾ റബർ ബോർഡ് നോക്കുകുത്തിയായി മാറുന്നു. സെപ്റ്റംബറിൽ അന്താരാഷ്ട്രവില 106 ൽ നിന്ന് 111 ആയി ഉയർന്നു. എന്നാൽ ആഭ്യന്തരവിപണി 127ൽ നിന്ന് 119ഉം വ്യാപാരിവില 116 റുമായി താണിരിക്കുമ്പോൾ റബർബോർഡിന്റെ വിലപ്രഖ്യാപനം വിപണിക്ക് ഗുണം ചെയ്യാത്ത വെറും പാഴ്‌വേലയാണെന്ന് കർഷകർ തിരിച്ചറിയുന്നുവെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.