കോട്ടയം: ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഉൾക്കൊള്ളുന്ന വില്ലേജുകൾ പരിപൂർണ്ണമായി ഒഴിവാക്കി സംരക്ഷിത വനമേഖല മാത്രം ഇ.എസ്.എ.യിൽ ഉൾപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ ശുപാർശ സ്വാഗതാർഹമാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

ഇൻഫാം ഇക്കാലമത്രയും നിരന്തരമായി ആവശ്യപ്പെട്ടിരുന്ന ഈ നിർദ്ദേശം സംസ്ഥാനസർക്കാർ ഗൗരവപൂർവ്വം പരിഗണിച്ചത് അഭിനന്ദനീയമാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളും കർഷക ജനകീയ പ്രസ്ഥാനങ്ങളും ജനപ്രതിനിധികളും പശ്ചിമഘട്ടജനതയുടെ സംരക്ഷണത്തിനായി സംസ്ഥാനസർക്കാരിന്റെ ഈ നിർദ്ദേശം നടപ്പിലാക്കുവാൻ വിഘടിച്ചുനിന്ന് പ്രക്ഷോഭം നടത്താതെ ഒറ്റക്കട്ടായി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുവാൻ തയ്യാറാകണ

ബിജെപി ഭരിക്കുന്ന ഗോവ സർക്കാർ ജനവാസമേഖലകളെ പരിപൂർണ്ണമായി ഒഴിവാക്കി വനമേഖലമാത്രം ഉൾക്കൊള്ളുന്ന റിപ്പോർട്ടാണ് നൽകിയത്. തമിഴ്‌നാടാകട്ടെ തങ്ങളുടെ പരിസ്ഥിതിലോലപ്രദേശങ്ങൾ തങ്ങൾ തന്നെ നിശ്ചയിക്കുമെന്ന ഉറച്ചനിലപാടെടുത്ത് ഒരു റിപ്പോർട്ടും നൽകിയിട്ടില്ല. അതിനാൽ തന്നെ സംരക്ഷിത വനമേഖലമാത്രമേ പരിസ്ഥിതിലോലമാക്കാവൂ എന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത തീരുമാനം എന്തുവിലകൊടുത്തും നടപ്പിലാക്കാൻ എല്ലാവരും സംഘടിതരായി ആത്മാർത്ഥതയോടെ ശ്രമിക്കണമെന്നും പശ്ചിമഘട്ടജനത ഒന്നടങ്കം ഇതിനെ പിന്തുണയ്ക്കുമെന്നും വി സി.സെബാസ്റ്റ്യൻ സൂചിപ്പിച്ചു.

ഉമ്മൻ വി. ഉമ്മൻ കമ്മീഷൻ റിപ്പോർട്ട് പശ്ചിമഘട്ടജനതയ്ക്ക് ചതിക്കുഴി ഒരുക്കിയെന്ന് ഇൻഫാം പലതവണ പറഞ്ഞത് വൈകിയ വേളയിലെങ്കിലും സർക്കാരിന് ബോധ്യപ്പെട്ടതിൽ സന്തോഷമുണ്ട്. ഇഎസ്എയുടെ അടിസ്ഥാനഘടകം വില്ലേജായിരിക്കുമ്പോൾ വില്ലേജിനുള്ളിൽ പരിസ്ഥിതിലോലപ്രദേശം സൃഷ്ടിച്ചാൽ ആ വില്ലേജ് ഒന്നാകെ പരിസ്ഥിതിലോല വില്ലേജായി മാറുമെന്ന ഇഎസ്എയുടെ പൊതുതത്വം ഉൾക്കൊള്ളാതെ ഉമ്മൻ വി.ഉമ്മൻ കമ്മീഷൻ പരിസ്ഥിതിലോലമേഖലയിലെ പ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുകയാണുണ്ടായത്. ഇതിന്റെ അനന്തരഫലമാണ് ഇക്കാലമത്രയും നിലനിന്ന ആശങ്കകളും തെറ്റിദ്ധാരണകളും. 2017 മാർച്ച് നാലിന് അവസാനിക്കുന്ന രണ്ടാം കരടുവിജ്ഞാപനത്തിൽ പൊളിച്ചെഴുത്ത് നടത്തി സംസ്ഥാന സർക്കാരിന്റെ പുതിയ നിർദ്ദേശം ഉൾക്കൊള്ളിച്ചുകൊണ്ട് മൂന്നാം കരടുവിജ്ഞാപനമാണ് കേന്ദ്രസർക്കാർ അടിയന്തരമായിട്ടിറക്കേണ്ടത്. മൂന്നാം കരടുവിജ്ഞാപനമിറക്കാതെ ഇനി അന്തിമവിജ്ഞാപനമിറക്കാനാവില്ല. 2013 നവംബർ 13ലെ കേന്ദ്രസർക്കാർ ഉത്തരവിൽ നിന്ന് ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളുമുൾക്കൊള്ളുന്ന വില്ലേജുകൾ പരിപൂർണ്ണമായി ഒഴിവാക്കിയും അതേസമയം ഈ പ്രദേശങ്ങളിൽ ക്വാറി ഖനന മാഫിയകൾക്ക് നിരോധനമേർപ്പെടുത്തിയും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഇനി പുത്തൻ ഉത്തരവിറക്കണമെന്നാണ് ഇൻഫാമിന്റെ ആവശ്യം. ഇതിന് അന്തിമവിജ്ഞാപനംവരെ കാത്തിരിക്കേണ്ട ആവശ്യമില്ലെന്ന് വി സി.സെബാസ്റ്റ്യൻ സൂചിപ്പിച്ചു.