കോട്ടയം: വിലത്തകർച്ചമൂലം പ്രതിസന്ധിയിലായിരിക്കുന്ന കാർഷികമേഖലയ്ക്കും കർഷകസമൂഹത്തിനും വൻപ്രഹരമാണ് നോട്ട് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നതെന്നും ഉല്പന്നങ്ങൾ വിറ്റഴിക്കാനാവാതെയും വിറ്റതിന് പണം ലഭിക്കാതെയും കർഷകർ കഷ്ടപ്പെടുന്ന സ്ഥിതിവിശേഷം അടിയന്തരമായി പരിഹരിക്കപ്പെടണമെന്നും ഭൂമിയുടെ വിലയിടിയുവാനുള്ള സാധ്യതയേറുന്നുവെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ സൂചിപ്പിച്ചു.

കള്ളപ്പണവും കള്ളനോട്ടും തടയപ്പെടേണ്ടതു നല്ലകാര്യം തന്നെ. നോട്ടുകൾ പിൻവലിച്ചതും പുതിയവ അടിച്ചിറക്കുന്നതും സാമ്പത്തിക പരിഷ്‌കരണത്തിന്റെ ഭാഗമായി സ്വാഗതാർഹവുമാണ്. പക്ഷെ ജനങ്ങൾക്ക് ക്രയവിക്രയങ്ങൾ നടത്തുവാൻ സാധിക്കാതെ ജീവിതത്തെ പ്രതിസന്ധിയിലാക്കുന്നത് ന്യായീകരിക്കാനാവില്ല. ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്ന പണം പിൻവലിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തുന്നതുകൊണ്ട് തൊഴിലാളികൾക്ക് കൂലികൊടുക്കുവാൻ സാധിക്കാത്ത തോട്ടമുടമകളുടെ അവസ്ഥയും നിസാരവൽക്കരിച്ചു കാണരുത്. കേന്ദ്രസർക്കാരിന്റെയും ബാങ്കിങ് സംവിധാനങ്ങളുടെയും കെടുകാര്യസ്ഥതയിലേക്കാണ് നോട്ടുവിതരണത്തിലെ പാളിച്ചകൾ വിരൽചൂണ്ടുന്നത്. പ്രഖ്യാപിച്ച തീരുമാനത്തിൽനിന്ന് കേന്ദ്രസർക്കാരിന് ഇനി പിന്നോട്ടുപോകാനാവില്ല. ബദൽ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമവും സജീവവുമാക്കിയില്ലെങ്കിൽ വരുംദിനങ്ങൾ കൂടുതൽ സങ്കീർണ്ണമാകും.


സഹകരണബാങ്കുകളോടുള്ള കേന്ദ്രസർക്കാരിന്റെയും ദേശസാൽകൃതബാങ്കുകളുടെയും നിഷേധനിലപാട് നീതീകരിക്കാനാവില്ല. കാർഷികമേഖലയുടെ നട്ടെല്ലും ഗ്രാമീണമേഖലയിലെ ചെറുകിട കർഷകരുടെ ആശ്രയവും എക്കാലവും സഹകരണബാങ്കുകളാണ്. ഇവിടെ നോട്ടുമാറിക്കിട്ടുവാൻ സൗകര്യമില്ലാത്തത് വലിയപ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ന്യൂ ജനറേഷൻ ബാങ്കുകളുടെ നിലനിൽപിനായി പതിറ്റാണ്ടുകൾകൊണ്ട് പടുത്തുയർത്തിയ സഹകരണപ്രസ്ഥാനങ്ങളെ തകർക്കുന്ന സമീപനവും ഈ സ്ഥാപനങ്ങളെല്ലാം അഴിമതിയുടെയും കള്ളപ്പണത്തിന്റെയും താവളങ്ങളാണെന്നുള്ള രീതിയിൽ ദുർവ്യാഖ്യാനവും ശരിയല്ല. 1551 പ്രാഥമിക കാർഷിക സഹകരണസംഘങ്ങളാണ് വിലത്തകർച്ചമൂലമുള്ള കാർഷികപ്രതിസന്ധിയിൽ കർഷകനെ കഴിഞ്ഞ നാളുകളിൽ പിടിച്ചുനിർത്തിയത്. സാമ്പത്തിക പരിഷ്‌കരണത്തിന്റെ മറവിൽ ജനങ്ങളെ ദുരിതത്തിലേയ്ക്ക് തള്ളിയിടുമ്പോൾ ഭരണവിരുദ്ധവികാരം സൃഷ്ടിക്കപ്പെടും.

കള്ളപ്പണത്തിന്റെയും കള്ളനോട്ടിന്റെയും പിന്നിൽ സാധാരണ ജനവിഭാഗമല്ല; രാജ്യാന്തര മാഫിയസംഘങ്ങളാണുള്ളത്. രാഷ്ട്രീയനേതാക്കളുൾപ്പെടെ ഉന്നതങ്ങളിലുള്ളവരുടെ രാജ്യാന്തരബന്ധങ്ങളും സാമ്പത്തിക ഇടപാടുകളുമാണ് കേന്ദ്രസർക്കാർ അടിയന്തരമായി അന്വേഷിക്കേണ്ടതും നടപടിവിധേയമാക്കേണ്ടതും. ഇതിനു ശ്രമിക്കാതെ ബഹൂഭൂരിപക്ഷം കർഷകരുൾപ്പെടെ സാധാരണ ജനങ്ങളെ ദുരിതത്തിലാക്കുന്നതിന് നീതീകരണമില്ല. ജനരോഷം കൂടുതൽ വ്യാപകമാകുന്നതിനുമുമ്പ് പുതിയ നോട്ടുകളുടെ വിതരണം ഗ്രാമീണമേഖലയിൽ ശക്തമാക്കാനുള്ള സംവിധാനങ്ങൾ അധികൃതർ ഒരുക്കണമെന്ന് വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.