കൊച്ചി: കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹനയങ്ങൾക്കെതിരെയുള്ള കർഷകരോഷവും അധികാര അഹങ്കാരത്തിനുള്ള മറുപടിയുമാണ് വിവിധ സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ പ്രതിഫലിച്ചതെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

നോട്ടുനിരോധനവും ജിഎസ്ടിയും വിവിധ രാജ്യാന്തര കരാറുകളുടെ മറവിലുള്ള അനിയന്ത്രിത കാർഷികോല്പന്ന ഇറക്കുമതിയും സൃഷ്ടിച്ച കടക്കെണിയും വിലത്തകർച്ചയും കർഷക ആത്മഹത്യകളും ഗ്രാമീണമേഖലയിൽ കർഷകരുടെ സംഘടിത സർക്കാർ വിരുദ്ധനീക്കത്തിന് കളമൊരുക്കി. ഇത് കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ കക്ഷികൾ അവസരോചിതമായി ഉപയോഗിച്ചു. കാർഷികവിഷയങ്ങളെ അവഗണിച്ച് വർഗീയവിഷം ചീറ്റി ഇതിനെ അതിജീവിക്കുവാൻ കേന്ദ്രസർക്കാരിനായില്ല. തെരഞ്ഞെടുപ്പുകളിൽ ആരു ജയിക്കണമെന്ന് ഇന്ത്യയിലെ കർഷകർ നിശ്ചയിക്കുന്ന കാലം വന്നിരിക്കുന്നത് ശുഭസൂചനയാണ്.
രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ നേതൃത്വത്തിൽ സ്വതന്ത്ര കർഷകപ്രസ്ഥാനങ്ങൾ സംഘടിച്ചു നീങ്ങിയുള്ള സർക്കാർ വിരുദ്ധ നീക്കമാണ് വിവിധ സംസ്ഥാനങ്ങളിൽ ഭരണമാറ്റത്തിന് വിത്തുപാകിയത്. വരാൻ പോകുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ കർഷകരുടെ സ്ഥാനാർത്ഥികളുണ്ടാകും.

കർഷകരെ സംരക്ഷിക്കുന്നവരെ കർഷകർ സംരക്ഷിക്കുമെന്നതാണ് കർഷകപ്രസ്ഥാനങ്ങളുടെ നയം. കോൺഗ്രസും ഈ തെരഞ്ഞെടുപ്പിൽ നിന്ന് കർഷകശക്തി തിരിച്ചറിഞ്ഞ് പാഠം പഠിക്കണം. രാഷ്ട്രീയനേതൃത്വങ്ങളുടെ അടിമത്വത്തിൽ നിന്ന് കർഷകർ മോചിതരാകണം. സംഘടിച്ചുനീങ്ങിയാൽ മാത്രമേ വരും നാളുകളിൽ രക്ഷപെടാനാവുകയുള്ളൂവെന്ന് കേരളത്തിലെ കർഷകരും തിരിച്ചറിയണമെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.