- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബർ പ്രതിസന്ധി-ഭരണനേതൃത്വത്തിലുള്ളവരുടെ സമരപ്രഖ്യാപനങ്ങൾ വിരോധാഭാസം: ഇൻഫാം
കോട്ടയം: റബർ മേഖലയിലെ പ്രതിസന്ധി അതിരൂക്ഷമായി തുടരുമ്പോൾ നടപടികൾ എടുക്കുവാൻ ഉത്തരവാദിത്വപ്പെട്ടവർ അധികാരത്തിലിരുന്നു നടത്തുന്ന സമരപ്രഖ്യാപനങ്ങൾ വിരോധാഭാസവും ജനങ്ങളെ വിഢികളാക്കുന്നതും കർഷകരുടെ കണ്ണിൽ പൊടിയിടുന്ന രാഷ്ട്രീയ തന്ത്രവുമാണെന്ന് ഇൻഫാം ദേശീയ സമിതി.റബർ പ്രതിസന്ധി പരിഹരിക്കുവാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് റബർ കർഷ
കോട്ടയം: റബർ മേഖലയിലെ പ്രതിസന്ധി അതിരൂക്ഷമായി തുടരുമ്പോൾ നടപടികൾ എടുക്കുവാൻ ഉത്തരവാദിത്വപ്പെട്ടവർ അധികാരത്തിലിരുന്നു നടത്തുന്ന സമരപ്രഖ്യാപനങ്ങൾ വിരോധാഭാസവും ജനങ്ങളെ വിഢികളാക്കുന്നതും കർഷകരുടെ കണ്ണിൽ പൊടിയിടുന്ന രാഷ്ട്രീയ തന്ത്രവുമാണെന്ന് ഇൻഫാം ദേശീയ സമിതി.
റബർ പ്രതിസന്ധി പരിഹരിക്കുവാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് റബർ കർഷകരെ കണ്ണീർക്കയത്തിലേയ്ക്ക് തള്ളിയിട്ടവർതന്നെ പ്രഖ്യാപിക്കുന്നത് സൗകര്യപൂർവ്വം വസ്തുതകൾ മറന്നാണ്. കേന്ദ്രത്തിൽ യുപിഎയും കേരളത്തിൽ യുഡിഎഫും ഒരുമിച്ചു ഭരിച്ചിരുന്ന നാളുകളിലെ കർഷകദ്രോഹത്തിന്റെ ബാക്കിപത്രമാണ് ഇന്ന് റബർ മേഖലയിലെ പ്രതിസന്ധിയുടെ അടിസ്ഥാന കാരണമെന്നതാണ് യാഥാർത്ഥ്യം. വിദേശത്തുനിന്നുമുള്ള അനിയന്ത്രിതമായ റബർ ഇറക്കുമതിക്ക് പച്ചപ്പരവതാനി വിരിച്ചത് ആരാണെന്ന് കർഷകർക്കറിയാം. റബർ പ്രതിസന്ധി അതിരൂക്ഷമായപ്പോൾ അധികാരത്തിലിരുന്ന് അനങ്ങാപ്പാറനയവും, കർഷകവിരുദ്ധ നിലപാടുകളും സ്വീകരിച്ചവർ ഇന്നു നടത്തുന്ന അധരവ്യായാമവും വഴിപാടുസമരങ്ങളും കേന്ദ്രസർക്കാരിന്റെയടുക്കൽ ചെന്നുള്ള സഹായാഭ്യർത്ഥനയും എങ്ങനെ മുഖവിലയ്‌ക്കെടുക്കാനാവും. കേന്ദ്രമന്ത്രിസഭയിൽ കേരളത്തിൽ നിന്ന് അരഡസനിലേറെ മന്ത്രിമാർ ഉണ്ടായിരുന്നപ്പോൾ ഉടലെടുത്ത റബർ പ്രതിസന്ധിയിൽ നടപടിയെടുക്കുവാൻ സാധിക്കാത്തവർ ഇപ്പോൾ നടത്തുന്ന രാഷ്ട്രീയ അടവുനയം ജനങ്ങൾക്ക് ബോധ്യപ്പെടുന്നുവെന്നും ഇൻഫാം സൂചിപ്പിച്ചു.
സംസ്ഥാന സർക്കാർ 2014 സെപ്റ്റംബറിൽ റബർ കിലോഗ്രാമിന് 2 രൂപ അധികം നൽകുമെന്നു പറഞ്ഞു. ഒക്‌ടോബർ 14 ന് 5 രൂപ അധികം പ്രഖ്യാപിച്ചു. ഡിസംബർ 18 ന് 131.50 രൂപയ്ക്ക് 2015 മാർച്ച് 31 വരെ റബർ സംഭരിക്കുമെന്നു ഉത്തരവിറക്കി 2015 മാർച്ച് 13 ന് 150 രൂപ അടിസ്ഥാന വിലയായി 300 കോടി രൂപയ്ക്ക് 20,000 ടൺ റബർ സംഭരിക്കുമെന്ന് ബജറ്റും അവതരിപ്പിച്ചു. ഇവയിലൊന്നുപോലും ഫലപ്രദമായി നടപ്പിലാക്കുവാൻ സംസ്ഥാന സർക്കാരിന് ഇതിനോടകം കഴിഞ്ഞിട്ടില്ലെന്ന് ഇൻഫാം ദേശീയ സമിതി കുറ്റപ്പെടുത്തി. പാർലമെന്റിൽ ഒറ്റക്കെട്ടായി സംസ്ഥാനത്തെ കർഷകർക്കുവേണ്ടി വാദിക്കുവാൻ നമ്മുടെ എംപിമാർക്കാകുന്നില്ലെങ്കിൽ കർഷകവിരുദ്ധ കേന്ദ്രങ്ങളോടുള്ള ഇവരുടെ അവിശുദ്ധ കൂട്ടുകെട്ടുകളാണ് കാരണമെന്ന് ജനങ്ങൾ വിശ്വസിക്കും. അധികാരത്തിലിരുന്നപ്പോൾ കേന്ദ്ര വിലസ്ഥിരതാഫണ്ട് കർഷകരക്ഷയ്ക്കായി ഉപയോഗിക്കാത്തവർ ഇന്ന് ഈ ഫണ്ടുതേടി നിവേദനങ്ങൾ സമർപ്പിക്കുന്നതും കൂടിക്കാഴ്ചകൾ നടത്തുന്നതും വിരോധാഭാസമാണ്. കേന്ദ്രസർക്കാർ കേരളത്തിലെ റബർ കർഷകരോട് കാണിക്കുന്ന അവഗണനയും പ്രതിഷേധാർഹമാണെന്നും ഇൻഫാം പറഞ്ഞു.
ദേശീയ ചെയർമാൻ ഫാ. ജോസഫ് ഒറ്റപ്ലാക്കൽ അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് പിസി സിറിയക്, ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ. വിസി സെബാസ്റ്റ്യൻ, ഡോ. എംസി ജോർജ്, ജനറൽ സെക്രട്ടറി ഫാ. ആന്റണി കൊഴുവനാൽ, കെ മൈതീൻ ഹാജി, ജോയി തെങ്ങുംകുടിയിൽ, ഫാ. ജോസഫ് കാവനാടി, ഫാ. ജോർജ്ജ് പൊട്ടയ്ക്കൽ, ഫാ. ജോസ് തറപ്പേൽ, ജോസഫ് കരിയാങ്കൽ, ബേബി പെരുമാലിൽ, ജോസ് എടപ്പാട്ട്, കെഎസ് മാത്യു മാമ്പറമ്പിൽ, ജോയി പള്ളിവാതുക്കൽ എന്നിവർ സംസാരിച്ചു.
മെയ് ദിനം പ്രമാണിച്ച് നാളെ (01.05.2015) ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ