കോട്ടയം: കാർഷികോല്പന്നങ്ങളുടെ ഉല്പാദനക്കുറവും വിലയിടിവും കാലാവസ്ഥാ വ്യതിയാനവും സൃഷ്ടിച്ചിരിക്കുന്ന വൻ സാമ്പത്തിക തകർച്ച കർഷകരിന്ന് നേരിടുമ്പോൾ കോടികൾ ചെലവഴിച്ച ്‌സംസ്ഥാന സർക്കാർ നടത്തുന്ന ചിങ്ങം ഒന്നിലെ കർഷകദിനാചരണവും ആഘോഷങ്ങളം പ്രഹസനമാണെന്നും ഇൻഫാം ഉൾപ്പെടെയുള്ള കർഷകപ്രസ്ഥാനങ്ങൾ സഹകരിക്കില്ലെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

കാർഷികത്തകർച്ചയിൽ ബദൽ സംവിധാനങ്ങളൊരുക്കുവാൻ സംസ്ഥാന സർക്കാരും പരാജയപ്പെട്ടിരിക്കുന്നു. കൃഷിവകുപ്പ് നിരന്തരം നടത്തുന്ന പ്രഖ്യാപനങ്ങളിൽ കർഷകർക്ക് വിശ്വാസ്യത നഷ്ടപ്പെട്ടു. റബർ, നാളികേരം, തേയില, കാപ്പി തുടങ്ങിയ വിവിധ വിളകളും വൻ തകർച്ച നേരിടുകയാണ്. ഏറെ പ്രതീക്ഷകൾ നൽകിയ നീര ഉല്പാദനം പെരുവഴിയിലായി. കാർഷികനയം നടപ്പിലാക്കുവാനോ 1000 രൂപ മാത്രമുള്ള കർഷകപെൻഷൻ അർഹതപ്പെട്ട കർഷകർക്ക് കൃത്യമായി നൽകുവാനോ സാധിച്ചിട്ടില്ല. ഈയവസ്ഥയിൽ സർക്കാരിനെങ്ങനെ കർഷകരുടെപേരിൽ ദിനമാചരിക്കാനാവും? മാസങ്ങൾക്കു മുമ്പു സർക്കാർ ഏജൻസികൾ സംഭരിച്ച നെല്ലിന്റെ പണം ലഭിക്കാൻ കർഷകരിന്ന് നെട്ടോട്ടമോടുകയാണ്.

വിവിധ കാർഷികോല്പന്നങ്ങൾക്ക് അടിസ്ഥാനവില നിശ്ചയിച്ചിട്ടില്ല. ഉല്പന്നങ്ങളുടെ സംഭരണമോ, സംഭരിച്ചവ കേടുകൂടാതെ സൂക്ഷിക്കുവാനുള്ള സംവിധാനമോ, മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ പ്രോത്സാഹനമോ വിപണനശൃംഖലയോ ഉൾപ്പെടെ ബദൽസംവിധാനങ്ങളൊരുക്കുവാൻ നടപടികളില്ലാത്തപ്പോൾ ഓണനാളുകളിൽ പച്ചക്കറിക്കിറ്റു വിറ്റതുകൊണ്ടോ, മെത്രാൻകായലിൽ വിത്തെറിഞ്ഞതുകൊണ്ടോ, കർഷകദിനം ആചരിച്ചതുകൊണ്ടോ കർഷകർ രക്ഷപെടില്ല. ഈ നില തുടർന്നാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേതുപോലെ സാക്ഷരകേരളത്തിലും കർഷക ആത്മഹത്യകൾക്ക് സാധ്യതകളേറും.

ന്യൂ ജനറേഷൻ ഇൻഷ്വറൻസ് കമ്പനികളുടെ ഏജന്റുമാരായി വിള ഇൻഷ്വറൻസ് പദ്ധതിയിലൂടെ കൃഷിവകുപ്പ് മാറിയിരിക്കുന്നു. വിള ഇൻഷ്വറൻസ് പദ്ധതിയിൽ ചേരാത്ത കർഷകർക്ക് ഇതര കാർഷികാനുകൂല്യങ്ങൾ ലഭിക്കില്ലെന്നുള്ള കൃഷിവകുപ്പിന്റെ നിലപാട് അംഗീകരിക്കാനാവില്ല. കർഷകദിനാഘോഷങ്ങളുടെ മറവിൽ ഖജനാവ് കൊള്ളയടിക്കുവാൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് അവസരമൊരുക്കുമെന്നതിനപ്പുറം കർഷകർക്കോ പൊതുസമൂഹത്തിനോ സർക്കാർ വക കർഷകദിനാചരണംകൊണ് നേട്ടമുണ്ടാവില്ലെന്ന് കഴിഞ്ഞകാല അനുഭവങ്ങൾ വ്യക്തമാക്കുന്നു. സംസ്ഥാന കൃഷിവകുപ്പ് പിരിച്ചുവിട്ടാൽപോലും കർഷകർക്ക് ഒന്നും നഷ്ടപ്പെടാനില്ലാത്ത സ്ഥിതിവിശേഷമാണ് ഇന്നുള്ളതെന്നും സർക്കാരിന്റെ കർഷകദിനം കേരളത്തിലെ കർഷകന് കണ്ണീർദിനമാണെന്നും വി സി.സെബാസ്റ്റ്യൻ സൂചിപ്പിച്ചു.