കോട്ടയം: നിരന്തരം ഉറപ്പുകളും വാഗ്ദാനങ്ങളും വാരിക്കോരി നൽകി റബർ പ്രതിസന്ധിയിൽ എടുത്ത നടപടികളെല്ലാം പരാജയപ്പെട്ട് ഇന്നും വഴിപാടു സമരങ്ങൾ നടത്തി കർഷകരെ വിഢികളാക്കുന്ന രാഷ്ട്രീയ ഭരണ നേതൃത്വങ്ങളുടെ വരാൻ പോകുന്ന തെരഞ്ഞെടുപ്പുകൾ ലക്ഷ്യം വച്ചുള്ള കുതന്ത്രങ്ങൾ കർഷകരുടെയടുത്ത് വിലപ്പോവില്ലെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ. വി സി സെബാസ്റ്റ്യൻ പ്രസ്താവിച്ചു.

കേന്ദ്രത്തിൽ യുപിഎയും കേരളത്തിൽ യുഡിഎഫും ഒരുമിച്ചു ഭരിച്ചിരുന്ന നാളുകളിലെ കർഷക ദ്രോഹത്തിന്റെ ബാക്കി പത്രമാണ് ഇന്ന് റബർ മേഖലയിലെ പ്രതിസന്ധിയുടെ അടിസ്ഥാന കാരണം. വിദേശത്തു നിന്നുമുള്ള അനിയന്ത്രിതമായ റബർ ഇറക്കുമതിക്ക് പച്ചപ്പരവതാനി വിരിച്ചത് ആരാണെന്ന് കർഷകർക്കറിയാം. റബർ പ്രതിസന്ധി അതിരൂക്ഷമായപ്പോൾ അധികാരത്തിലിരുന്ന് അനങ്ങാപ്പാറ നയവും, കർഷക വിരുദ്ധ നിലപാടുകളും സ്വീകരിച്ചവർ ഇന്നു നടത്തുന്ന അധരവ്യായാമവും വഴിപാടുസമരങ്ങളും കേന്ദ്രസർക്കാരിന്റെയടുക്കൽ ചെന്നുള്ള സഹായാഭ്യർത്ഥനയും എങ്ങനെ മുഖവിലയ്‌ക്കെടുക്കാനാവും. കേന്ദ്രമന്ത്രിസഭയിൽ കേരളത്തിൽ നിന്ന് അര ഡസനിലേറെ മന്ത്രിമാർ ഉണ്ടായിരുന്നപ്പോൾ ഉടലെടുത്ത റബർ പ്രതിസന്ധിയിൽ നടപടിയെടുക്കുവാൻ സാധിക്കാത്തവർ ഇപ്പോൾ നടത്തുന്ന രാഷ്ട്രീയ അടവുനയം ജനങ്ങൾക്ക് ബോധ്യപ്പെടുന്നു വെന്നും വി സി സെബാസ്റ്റ്യൻ പറഞ്ഞു.

സംസ്ഥാന സർക്കാർ 2014 ഓഗസ്റ്റിൽ റബർ കിലോഗ്രാമിന് 2 രൂപ അധികം നൽകുമെന്നു പറഞ്ഞു. ഒക്‌ടോബർ 14-ന് 5 രൂപ അധികം പ്രഖ്യാപിച്ചു. ഡിസംബർ 18-ന് 131.50 രൂപയ്ക്ക് 2015 മാർച്ച് 31 വരെ റബർ സംഭരിക്കുമെന്നു ഉത്തരവിറക്കി 2015 മാർച്ച് 13-ന് 150 രൂപ അടിസ്ഥാന വിലയായി 300 കോടി രൂപയ്ക്ക് 20,000 ടൺ റബർ സംഭരിക്കുമെന്ന് ബജറ്റും അവതരിപ്പിച്ചു. ഇവയെല്ലാം ഫലപ്രദമായി നടപ്പിലാക്കുവാൻ ഭരണസംവിധാനങ്ങൾ പരാജയപ്പെട്ടിരിക്കുകയും കർഷക വഞ്ചന നിരന്തരം തുടരുകയും ചെയ്യുമ്പോൾ കർഷകരെ പ്രതിനിധാനം ചെയ്യുന്നുവെന്ന് ആവർത്തിച്ചു പറയുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് അധികാരത്തിൽ തുടരുവാൻ എന്ത് ധാർമ്മിക അവകാശമാണുള്ളതെന്നും വിസി സെബാസ്റ്റ്യൻ ചോദിച്ചു. 

കേരളം വിട്ടാൽ കേരളത്തിൽ നിന്നുള്ള എംപിമാരെല്ലാം ഒരേ തൂവൽ പക്ഷികളാണ്. പാർലമെന്റിൽ ഒറ്റക്കെട്ടായി സംസ്ഥാനത്തെ ജനങ്ങൾക്കുവേണ്ടി വാദിക്കുവാൻ ഇവർക്കാകുന്നില്ലെങ്കിൽ കർഷക വിരുദ്ധ കേന്ദ്രങ്ങളോടുള്ള ഇവരുടെ അവിശുദ്ധ കൂട്ടുകെട്ടുകളാണ് കാരണമെന്ന് ജനങ്ങൾ വിശ്വസിക്കും. അധികാരത്തിലിരുന്നപ്പോൾ കേന്ദ്ര വില സ്ഥിരതാ ഫണ്ട് കർഷക രക്ഷയ്ക്കായി ഉപയോഗിക്കാത്തവർ ഇന്ന് ഈ ഫണ്ടു തേടി നിവേദനങ്ങൾ സമർപ്പിക്കുന്നതും കൂടിക്കാഴ്ചകൾ നടത്തുന്നതും വിരോധാഭാസമാണ്. കേന്ദ്രസർക്കാർ കേരളത്തിലെ റബർ കർഷകരോട് കാണിക്കുന്ന അവഗണനയും പ്രതിഷേധാർഹമാണ്. കാർഷിക പ്രതിസന്ധിയിൽ ഇടപെടുവാൻ ഉത്തരവാദിത്വപ്പെട്ട കേന്ദ്രസർക്കാർ കേരളത്തിലെ കർഷകരോട് കാണിക്കുന്ന നിരുത്തരവാദപരമായ നിലപാട് തിരുത്തണമെന്നും വി സി സെബാസ്റ്റ്യൻ പറഞ്ഞു.