ശ്രീനഗർ: പാക്കിസ്ഥാനിൽ നിന്ന് നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ചയാൾ ഇന്ത്യൻ സൈന്യത്തിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടു. ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിലാണ് സംഭവം. കൃഷ്ണ ഘാട്ടി സെക്ടറിൽ പുലർച്ചെ രണ്ടരയ്ക്കാണ് ഇയാളെ കണ്ടെത്തിയതെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് ലഫ്. കേണൽ മനീഷ് മേത്ത അറിയിച്ചു. മരിച്ചയാളുടെ വ്യക്തിവിവരങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇയാൾ ഭീകരനാണെന്നാണ് റിപ്പോർട്ടുകൾ.

ഇതിനിടെ, നിയന്ത്രണരേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ചു വീണ്ടും പാക്ക് പ്രകോപനമുണ്ടായി. പാക്ക് സൈന്യം നടത്തിയ വെടിവയ്പിൽ കശ്മിരി യുവാവ് കൊല്ലപ്പെട്ടു. സൈന്യത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്യാനെത്തിയ പ്രദേശവാസിയായ തൊഴിലാളിയാണ് കുപ്‌വാര ജില്ലയിലെ കേരാൻ പ്രദേശത്തു കൊല്ലപ്പെട്ടത്.

പുൽവാമയിലെ ഏറ്റുമുട്ടലിനിടെ ഹിസ്ബുൽ മുജാഹിദ്ദീൻ ഭീകരൻ സബ്‌സർ ഭട്ടിനെ വധിച്ചതിനുപിന്നാലെ ശ്രീനഗറിലെ ഏഴു പൊലീസ് സ്റ്റേഷൻ പരിധിയിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. സൈനിക നടപടിയിൽ മുൻപ് കൊല്ലപ്പെട്ട ബുർഹാൻ വാനിയുടെ പിൻഗാമിയാണ് സബ്‌സർ ഭട്ട്. കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രതിഷേധം പടരുന്നത് തടയാനാണു നീക്കം.

ഖ്യാനർ, ഖർഖുണ്ട്, മഹാരാജ് ഗുഞ്ച്, മൈസുമ, നൗഹാട്ട, റൈനാവരി, സഫാകടൽ എന്നിവിടങ്ങളിലാണ് കർഫ്യൂ. നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുകയാണ്.