മസ്‌കത്ത്: രാജ്യത്ത് മാർച്ച് മാസത്തിൽ നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ വർധനവുണ്ടായെന്ന് ദേശീയ സ്ഥിതിവിവര മന്ത്രാലയം. ഫെബ്രുവരിയെ അപേക്ഷിച്ച് പണപ്പെരുപ്പ നിരക്കിൽ കുറവും രേഖപ്പെടുത്തി. എന്നാൽ കഴിഞ്ഞ വർഷം ഫെബ്രുവരിയെ അപേക്ഷിച്ച് നോക്കുമ്പോൾ 0.11 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.

നിത്യോപയോഗ സാധനങ്ങളുടെ വിലയിലും കഴിഞ്ഞ വർഷം മാർച്ചിനെ അപേക്ഷിച്ച് വർധനവുണ്ടായിട്ടുണ്ട്. ഭവനം, ജലം, വൈദ്യുതി, ഗ്യാസ് അടക്കമുള്ളവയുടെ ചെലവ് 0.44 ശതമാനം വർധിച്ചു. ഗതാഗത ചെലവ് 1.31 ശതമാനം കൂടി. ഫർണിച്ചറുകളുടെയും വീട്ടുപകരണങ്ങളുടെയും അറ്റകുറ്റപ്പണിയുടെയും ചെലവിൽ 0.8 ശതമാനത്തിൻെ വർധനവാണ് രേഖപ്പെടുത്തിയത്. കൂടാതെ വിദ്യാഭ്യാസ ചെലവ് 3.03 ശതമാനവും ആരോഗ്യ ചെലവ് 1.46 ശതമാനവും വർധിച്ചു.

വർധവിനിടയിൽ വിലക്കുറവും ഉണ്ടായിട്ടുണ്ട്. ഭക്ഷണ പാനീയങ്ങളുടെ വിഭാഗത്തിൽ 1.38 ശതമാനത്തിന്റെയും വസ്ത്രങ്ങളുടെയും പാദരക്ഷകളുടെയും വിഭാഗത്തിൽ 0.34 ശതമാനത്തിന്റെയും കുറവുണ്ടായിട്ടുണ്ട്. വാർത്താവിനിമയത്തിൽ 0.12 ഉം വിനോദ വിഭാഗത്തിൽ 0.24 ശതമാനത്തിന്റെയും കുറവുണ്ടായി.

അതേസമയം, ഫെബ്രുവരിയെ അപേക്ഷിച്ച് ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം മാർച്ചിൽ കുറഞ്ഞു. ഭക്ഷണപാനീയങ്ങളുടെ വിലയിൽ 0.46 ശതമാനത്തിന്റെയും ഗതാഗത ചെലവിൽ 1.02 ശതമാനത്തിന്റെയും കുറവുണ്ടായി.