ദോഹ: രാജ്യത്ത് നാണ്യപ്പെരുപ്പ നിരക്ക് കുറയുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഒരു വർഷത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 2.2 ശതമാനമാണ് ഒക്ടോബറിൽ രേഖപ്പെടുത്തിയത്. നാണ്യപ്പെരുപ്പം കുറഞ്ഞതോടെ പൊതുജനങ്ങൾക്ക് ചില മേഖലയിൽ ഏറെ ചെലവു വർധിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗതാഗതം, വിദ്യാഭ്യാസം, ഔട്ടിങ് എന്നിവയ്ക്കായി പൊതുജനങ്ങൾക്കുള്ള ചെലവ് വർധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

കഴിഞ്ഞ 12 മാസത്തിനിടയിൽ പ്രധാന 12 വിഭാഗങ്ങളിൽ എട്ടു മേഖലയിലും വിലക്കൂടുതൽ അനുഭവപ്പെടുകയായിരുന്നു. റിക്രിയേഷൻ, കൾച്ചറൽ മേഖലയിലാണ് ഏറ്റവും വലിയ കുതിപ്പ് അനുഭവപ്പെട്ടത്. 2015-നെ അപേക്ഷിച്ച് ഈ മേഖലകളിൽ 6.6 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളത്. ഗതാഗത മേഖളയിലും ചെലവുകൾ 4.6 ശതമാനം എന്ന തോതിൽ വർധിക്കുകയായിരുന്നു. ഇന്ധന വിലയിലുണ്ടായ കുതിച്ചുചാട്ടമാണ് ഗതാഗത മേഖലയിൽ വില വർധനയ്ക്കു കാരണമായി ചൂണ്ടിക്കാട്ടുന്നത്. ജനുവരിയിൽ ഒറ്റയടിക്ക് ഇന്ധനവില 30 ശതമാനം വർധിച്ചതോടെ ഈ മേഖലയിൽ വൻ ചെലവാണ് ജനങ്ങൾക്ക് ഉണ്ടായത്.

ഹൗസിങ്, വാട്ടർ, ഇലക്ട്രിസിറ്റ്, ഇന്ധനം എന്നീ മേഖലയിൽ ഓരോ വർഷവും 2.7 ശതമാനം വർധനയാണ് നേരിട്ടിട്ടുള്ളത്. ഫർണിച്ചർ, വീട്ടുപകരണങ്ങൾ എന്നീ മേഖലയിൽ രണ്ടു ശതമാനം വർധനയും ക്ലോത്തിങ്, ചെരുപ്പുകൾ എന്നിവയ്ക്ക് 0.2 ശതമാനവും കമ്യൂണിക്കേഷൻ മേഖലയിൽ 0.1 ശതമാനവുമാണ് വില വർധിച്ചിരിക്കുന്നത്.