കൊച്ചി: ഇൻഫോപാർക്കിന്റെ ഔദ്യോഗിക സൈറ്റ് ആയ http://infopark.in/ പാക്കിസ്ഥാൻ തീവ്രവാദ സംഘടന ഹാക്ക് ചെയ്തതായി സംശയം. ഇന്ന് ഉച്ചയ്ക്കാണ് സംഭവം.

ഒരു മണിക്കു http://infopark.in/ എന്നാ സൈറ്റ് ക്ലിക്ക് ചെയ്താൽ പാക് അനുകൂല മുദ്രവാക്യം വിളിക്കുന്ന തലയോട്ടിയുടെ മുദ്രയുള്ള കൊടിയും സൈറ്റ് ഹാക്ക് ചെയ്തതായുള്ള വാർത്തയുമാണ് വന്നത്. കൊച്ചി ഇൻഫോ പാർക്ക് ജീവനക്കാരനും പൊതുപ്രവർത്തകനുമായ ഹരി റാമിന്റെ ശ്രദ്ധയിലാണ് ഇത് ആദ്യം പെട്ടത്. തുടർന്ന് ഹരി റാം ഈ സംഭവം മറുനാടൻ മലയാളിയെയും ഇൻഫോ പാർക്ക് സൈറ്റ് ചുമതലയുള്ള കാൽപിൻ ഗ്രൂപ്പിന്റെ അധികൃതരെയും അറിയിച്ചു.

ഇതെന്തു സംഭവിച്ചതാണ് എന്നറിയാനായി മറുനാടൻ മലയാളി ഇൻഫോ പാർക്ക് അധികൃതരെ വിളിച്ചപ്പോൾ ആണ് ഇവിടെ ഔദ്യോഗിക പദവിയിലിരിക്കുന്ന പലരും ഈ സംഭവം അറിയുന്നത്. എന്നാൽ ഇതറിഞ്ഞ ഇവരിൽ ആരും തന്നെ ആദ്യം ഇതിനെകുറിച്ചു പ്രതികരിക്കാൻ തയാറായില്ല.

പിന്നീട് ഒരു മണിക്കുറിനകം സൈറ്റ് പഴയതുപോലെയായി. ഇതെന്തു സംഭവിച്ചതാണ് എന്നുള്ളതിനെ കുറിച്ച് സൈറ്റിന്റെ അറ്റകുറ്റപ്പണി നടത്തുന്ന കാൽ പിൻ കമ്പനിയോട് ഇൻഫോപാർക്ക് വിശദികരണം ചോദിച്ചു. ഇതിന്റെ ലോഗുകൾ പരിശോധിച്ചു വരികയാണ് എന്ന് ഇൻഫോപാർക് വൃത്തങ്ങൾ അറിയിച്ചു. ഇതൊരു പൂർണമായ ഹാക്കിങ് അല്ല എന്നാണ് ആദ്യഘട്ടത്തിൽ മനസിലാക്കാൻ സാധിക്കുന്നതെന്നും ഒരു ഹാക്കിങ് ശ്രമമാണ് നടന്നതെന്നുമാണ് ഇവരുടെ ആദ്യ നിഗമനം എന്നറിയുന്നു. ഒപ്പം ആരോ ഇൻഫോപാർക്കിന്റെ സൈറ്റിൽ എന്തോ ചെയ്തിട്ടുണ്ട് എന്നുറപ്പുള്ളതായും ഇൻഫോപാർക്ക് വൃത്തങ്ങൾ മറുനാടനോട് വെളിപ്പെടുത്തി. സൈബർ ആക്രമണം നടന്ന സ്ഥിതിക്കു ഇതിൽ എന്താണ് സംഭവിച്ചതെന്നു കാര്യമായി അറിയാണ് ഇൻഫോ പാർക്കിന്റെയും പദ്ധതി എന്നറിയുന്നു.

ലോകത്തിന്റെ വിവിധ ഭാഗത്തുള്ള ഐടി പ്രൊഫഷണലുകൾ കൂടുതലായി നോക്കുന്ന സൈറ്റാണ് ഇത്. എന്നാൽ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യവുമായി ഒരു നിമിഷം അടിമുടി മാറിയ ഇൻഫോപാർക്കിന്റെ ഔദ്യോഗിക സൈറ്റിന് സംഭവിച്ചത് എന്താണെന്നു അറിയാൻ ഇൻഫോ പാർക്ക് സൈബർ സെല്ലിന് ഇത് സംബന്ധിച്ചുള്ള അന്വേഷണം കൈമാറാൻ പോകുന്നു വെന്നും കേൾക്കുന്നു. തീവ്രവാദ പ്രവർത്തനമാണോ അതോ സൈബർ സെല്ലിൽ ഇതുപോലെ സംഭവങ്ങൾ ഉണ്ടാകുന്ന ആരുടെയെങ്കിലും കുസൃതിയാണോ ഇതിന്റെ .പുറകിൽ എന്നുമാണ് ഇൻഫോപാർക്ക് അധികൃതർ സംശയിക്കുന്നത്. ലോഗുകൾ പരിശോധിച്ചതിനു ശേഷമേ കൂടുതൽ വിവരങ്ങൾ ഇതിനെ കുറിച്ച് പറയാനാകൂ എന്നും ഇതിന്റെ കാര്യമായി തന്നെ കണ്ടു എന്താണ് ആരാണെന്നുള്ള അന്വേഷണ നടത്താനുള്ള പരിപാടിയാണ് ഇപ്പോൾ ഉള്ളതെന്നും ഇൻഫോപാർക്ക് വൃത്തങ്ങൾ മറുനാടനോട് പ്രതികരിച്ചു. ലോഗുകൾ പരിശോധന നടത്തിയതിനു ശേഷം ഇതിനു പുറകിലുള്ളവർക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതർ പറയുന്നു.