ന്യൂഡൽഹി: പ്രാദേശിക ചാനൽ തൊട്ട് അന്താരാഷ്ട്ര ചാനലുകൾ വരെ കേന്ദ്ര സർക്കാർ കണ്ണും കാതും കൂർപ്പിച്ചു നോക്കിക്കൊണ്ടിരിക്കുകയാണ്. എ പടം പ്രദർശിപ്പച്ചതിന് ഒരു ദിവസത്തെ പ്രക്ഷേപണ വിലക്ക് നേരിടേണ്ടി വന്നത് കേരളത്തിലെ കോൺഗ്രസിന്റെ സ്വന്തം ചാനലായ ജയ്ഹിന്ദിനാണ്. ഇന്ത്യയുടെ ഭൂപടം തെറ്റായി കാണിച്ചതിന് ഇപ്പോൾ അന്താരാഷ്ട്ര വാർത്താ ചാനലായ അൽ ജസീറയ്ക്കും വിലക്കു വന്നിരിക്കുന്നു. വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയ സമിതിയാണ് അൽ ജസീറ ഇന്ത്യയിലെ പ്രക്ഷേപണ ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയത്. 2013ലും 2014ലും ഇന്ത്യയുടെ തെറ്റായ ഭൂപടം പല തവണ ചാനൽ പ്രക്ഷേപണം ചെയ്തതായി സമിതി കണ്ടെത്തിയെന്ന് മന്ത്രാലയ വൃത്തങ്ങൾ പറയുന്നു. ഇത് കണക്കിലെടുത്ത് ചാനലിന് പ്രക്ഷേപണ വിലക്കേർപ്പെടുത്തണമെന്ന് സമിതി നിർദേശിക്കുകയായിരുന്നു.

സർവേയർ ജനറൽ ഓഫ് ഇന്ത്യ (എസ്ജിഐ) ഇക്കാര്യം പരിശോധിക്കുകയും ചാനൽ കാണിച്ചത് ഇന്ത്യയുടെ തെറ്റായ ഭൂപടമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തതോടെ ചാനലിന് അഞ്ചു ദിവസത്തെ പ്രക്ഷേപണ വിലക്കേർപ്പെടുത്തി കൊണ്ട് ഈ മാസം 10-നാണ് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്. ഇന്ത്യൻ അതിർത്തിയുടെ ഭാഗമായ ചില പ്രദേശങ്ങളെ പൂർണമായും ഒഴിവാക്കിയും ശരിയായ അതിർത്തികൾ വ്യക്തമായി കാണിക്കാതിരിക്കുകയും ചാനൽ ചെയ്തതായി എസ്ജിഐ വ്യക്തമാക്കുന്നുണ്ട്. പ്രക്ഷേപണം ചെയ്ത ചില ഭൂപടങ്ങളിൽ ആന്തമാൻ ദ്വീപുകളേയും ലക്ഷദ്വീപിനെയും ചാനൽ കാണിച്ചില്ലെന്നും എസ്ജിഐ ചൂണ്ടിക്കാട്ടി.

2014ൽ തെറ്റായ ഭൂപടം പ്രക്ഷേപണം ചെയ്തതിന് മന്ത്രാലയം ചാനലിനോട് വിശദീകരണം തേടിയിരുന്നതായും ഉത്തരവിൽ സർക്കാർ പറയുന്നുണ്ട്. ഗ്ലോബൽ ന്യൂസ് പ്രൊവൈഡേഴ്‌സ് ഉപയോഗിക്കുന്ന അന്താരാഷ്ട്ര തലത്തിൽ സ്വീകാര്യമായ സോഫ്റ്റ് വെയർ ഉപയോഗിച്ച് വരക്കുന്ന മാപ്പുകളാണ് തങ്ങൾ പ്രക്ഷേപണം ചെയ്തതെന്ന് അൽ ജസീറ നൽകിയ മറുപടിയിൽ പറഞ്ഞിരുന്നു. ഭൂപടങ്ങളെ സംബന്ധിച്ച് ഇന്ത്യൻ സർക്കാരിന്റെ ആശങ്ക തങ്ങൾ ഗൗരവത്തിലെടുക്കുന്നുവെന്നും എല്ലാ ഇന്ത്യാ, പാക്കിസ്ഥാൻ ഭൂപടങ്ങളും ഔദ്യോഗിക യുഎൻ ഭൂപടങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കുമെന്ന് ഉറപ്പു വരുത്തുമെന്നും ചാനൽ വ്യക്തമാക്കിയിരുന്നു.