തിരുവനന്തപുരം: മനുഷ്യനെ അലട്ടുന്ന പ്രശ്‌നം എന്താണെന്ന് ചോദിച്ചാൽ ഉരുളയ്ക്ക് ഉപ്പേരി പോലെ കിട്ടുന്ന മറുപടി ആണ് ടെൻഷനും പ്രഷറും. എന്നാൽ ജീവിതത്തിൽ സ്വാഭാവികമായുണ്ടാകുന്ന ഈ രണ്ടു വില്ലന്മാരെയും തകർത്ത് മാനസികൻേമേഷം പകരാനുള്ള ഏറ്റവും നല്ല മാർഗമാണ് യാത്ര. അത് ഒരേ മാനസിക ഐക്യം ഉള്ളവരോടൊപ്പമാണെങ്കിൽ ആ യാത്രാനുഭവത്തിന്റെ സുഖം പറയുകയും വേണ്ട. ഈ പറഞ്ഞ ടെൻഷനും പ്രഷറും അൽപം അധികം അനുഭവിക്കുന്നവരാണ് ടെക്കികൾ. യാത്ര തരുന്ന അനുഭൂതി തേടി ഇറങ്ങിയ തിരുവനന്തപുരം ഇൻഫോസിസിലെ നാലു പേർ ഒരു യാത്രയ്ക്ക് പദ്ധതിയിട്ടു. തിരുവനന്തപുരത്ത് നിന്ന് ലേയിലേക്ക് കാറിൽ ഒരു യാത്ര.

തിരുവനന്തപുരം ഇൻഫോസിസിലെ അജയൻപിള്ള, രാമകൃഷ്ണൻ പരമേശ്വരൻ, അലോക് കുമാർ ഗാർഗും അവരുടെ സുഹൃത്തായ പ്രറ്റ് ജോസഫുമായിരുന്നു സാഹസിക യാത്രയിലെ കൂട്ടാളികൾ. 18 ദിവസം കൊണ്ട് 14 സംസ്ഥാനങ്ങളിലൂടെ 9672 കിലോമീറ്ററുകൾ താണ്ടി കഴിഞ്ഞ ശനിയാഴ്ച തലസ്ഥാനത്ത് തിരിച്ചെത്തുമ്പോൾ നാലുപേർക്ക് പറയാനുള്ളത് കണ്ടിട്ടും മതിവരാത്ത, അറിഞ്ഞിട്ടും അറിയാതെ പോയ വ്യത്യസ്ത നാടുകളെ കുറിച്ചും ജനങ്ങളെ കുറിച്ചുമായിരുന്നു. ഓഗസ്റ്റ് 12നാണ് ടൊയോട്ട ഫോർച്യൂണറിൽ തിരുവനന്തപുരത്ത് നിന്നും യാത്ര ആരംഭിച്ചത്. സാഹസികയാത്രയെ സ്‌നേഹിക്കുന്ന നാൽവർ സംഘത്തിന്റെ റൂട്ട് ഇങ്ങനെയായിരുന്നു. തിരുവനന്തപുരം-ബാംഗ്ലൂർ-മുംബൈ-ജയ്പൂർ-അമൃത്സർ-പട്‌നിടോപ്-സോനാമർഗ്-കാർഗിൽ-ലേ-നുബ്ര-പാൻഗോങ്-കാരു-മണാലി-ചണ്ഡിഗഡ്- നാഗപൂർ-ഹൈദരാബാദ് വഴി ഓഗസ്റ്റ് 29ന് തിരുവനന്തപുരത്ത് എത്തിച്ചേർന്നത്.

യാത്രാനുഭവങ്ങളുടെ ഓർമയ്ക്കായി എടുത്ത ചിത്രങ്ങളും അജയൻ പിള്ള ഫേസ്‌ബുക്കിൽ നൽകിയിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ സ്ഥലത്തെ റോഡായ ഖാർദുള ടോപ്പ്, രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ സ്ഥലത്തെ റോഡായ ടാങ്‌ലഗ്‌ള റോഡ് അടക്കമുള്ള ഏറ്റവും പ്രാധാന്യമേറിയതും അപകടം നിറഞ്ഞതുമായ സ്ഥലങ്ങളിൽ കൂടിയായിരുന്നു ഈ യാത്ര.

ഒരിക്കലും മറക്കാൻ കഴിയാത്ത യാത്രാനുഭവങ്ങളാണ് ഈ യാത്രസമ്മാനിച്ചതെന്ന് ടീമംഗമായ അജയൻപിള്ള ഓർമിക്കുന്നു. ' നഗരങ്ങളിലെ ട്രാഫിക് കുരുക്കുകളിൽ പെടാതിരിക്കാൻ വെളുപ്പിനെ മൂന്നരയ്ക്ക് യാത്ര ആരംഭിക്കും. ലേയിൽ സാധാരണ ഓഗസ്റ്റ് മാസം വളരെ സുഖകരമായ കാലാവസ്ഥായാണ് ഉണ്ടാകേണ്ടത്. മഞ്ഞുവീഴ്ചയൊന്നും ഉണ്ടാകാറില്ല. ഞങ്ങൾ എത്തിയപ്പോൾ കാറ്റും മഴയും കനത്ത മഞ്ഞുവീഴ്ചയും മണ്ണിടിച്ചിലും വരെ ഉണ്ടായി. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്' യാത്രയിൽ പങ്കെടുത്ത മറ്റൊരംഗമായ ജോസഫിനെ ഹിമാചൽ പ്രദേശിലെയും കശ്മീരിലെയും റോഡുകളെ കുറിച്ച് പറയാനാണ് താൽപര്യം. ' മറ്റേത് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്തെ ഏറ്റവും നല്ല റോഡുകളാണ് കശ്മീരിലെയും ഹിമാചൽ പ്രദേശിലെയും. നമ്മുടെ റോഡുകളുമായി ഈ റോഡുകളെ താരതമ്യം പോലും ചെയ്യാൻ കഴിയില്ല.

ഈ സാഹസികയാത്രയുടെ ഏറ്റവും വലിയ വിജയമായ അലോക് കുമാർ ഗാർഗ് ചൂണ്ടിക്കാണിക്കുന്നത് 'കൃത്യമായ പ്ലാനിങിന്റെ വിജയം കൂടിയാണ്. ഓഗസ്റ്റ് 31 വരെയായിരുന്നു അവധിയുണ്ടായിരുന്നത്. 30ന് ഹൈദരാബാദിൽ നിന്ന് മടങ്ങി 31 ജോലിക്ക് കയറനായിരുന്നു പ്ലാൻ. എന്നാൽ ശനിയാഴ്ച മടങ്ങിയാൽ ഞായറാഴ്ച വീട്ടിലെത്തി യാത്രാക്ഷീണം മാറ്റി തിങ്കാളാഴ്ച ഓഫീസിലെത്താമെന്നുള്ള തീരുമാനം നാലുപേരും ഐക്യകണ്ഠനേ സമ്മതിക്കുകയായിരുന്നു. ഇങ്ങനെ ഓരോ കാര്യത്തിലും കൃത്യമായ പ്ലാനിങും അഭിപ്രായസമന്വതയുമാണ് ഈ യാത്രയെ കൂടുതൽ മനോരഹരമാക്കിയത്'. ഇനിയെന്താ പ്ലാൻ എന്ന് ചോദിച്ചാൽ നാലു പേരും ഏകസ്വരത്തിൽ പറയും. ' മാനസരോവോർ-കൈലാസ യാത്ര'