തിരുവനന്തപുരം: ഒടുവിൽ ആ വിപ്ലവ ഗീതത്തിന് വരികൾ എഴുതിയ രചയിതാവും ശബ്ദം കൊണ്ട് പുതുതലമുറയിൽ വിപ്ലവഗാനം പകർന്നു നൽകുകയും ചെയ്ത ഗായികയും കണ്ടുമുട്ടി. നിൽപ്പ് സമരത്തിന്റെ മുഖഗീതമായി മാറി സോഷ്യൽ മീഡിയയിൽ വൈറലായ 'ഇനിവരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ' എന്ന ഗാനം ആലപിച്ച രശ്മി സതീഷും തലമുറകളെ സ്വാധീനിക്കുന്ന ഈ ഗാനത്തിന് വരികൾ എഴുതിയ ഇഞ്ചക്കാട് ബാലചന്ദ്രനുമാണ് ആദ്യമായി കണ്ടുമുട്ടിയത്. ഗാനം വീഡിയോയായിൽ പകർത്തി പ്രചരിപ്പിച്ച ബിജിത് ചന്ദ്രന്റെ നാടായ തിരുവാണിയൂർ വണ്ടിപ്പേട്ടയിൽ വച്ചാണ് ഈ അപൂർവ്വ സംഗമം നടന്നത്.

രശ്മിയുടെ ശബ്ദഗാംഭീര്യത്തിൽ ശ്രദ്ധനേടിയ ഈ ഇനിവരുന്നൊരു തലമുറയ്ക്ക് എന്ന ഗാനം വരികളെഴുതിയ ഇഞ്ചക്കാട് തന്നെ രശ്മിയിൽ നിന്നും നേരിട്ടുകേട്ടു. അദ്ദേഹം താനെഴുതിയ കൂടുതൽ ചിത്രങ്ങളും കവിതകളും രശ്മിക്ക് കൈമാറുകയും ചെയ്തു. കൂടാതെ രശ്മിക്ക് അടുത്തകാലത്ത് ഏറ്റവും കൂടുതൽ പ്രശസ്തി നൽകിയ ഗാനം താനൊരുക്കുന്ന ആൽബത്തിനായി ആലപിക്കാമോയെന്ന് കവി തിരക്കിയപ്പോൾ സന്തോഷപൂർവ്വം ഗായിക അത് സ്വീകരിക്കുകയും ചെയ്തു. 'ഇനി വരുന്നൊരു തലമുറയ്ക്ക് ' എന്ന പേരിലൊരുക്കിയ ഗാനം ഒരിക്കൽ കൂടി ഇഞ്ചക്കോടിന് വേണ്ടി രശ്മി സതീഷ് ആലപിക്കും.

ഇനിവരുന്നൊരു തലമുറയ്ക്ക് എന്നാ ഗാനവും ഇതിനൊപ്പം സമാനമായ ഏഴ് ഗാനങ്ങളും ഉൾപ്പെടുത്തി ആൽബത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇനി വരുന്നൊരു തലമുറയ്ക്ക് എന്നാ ഗാനത്തെ നെഞ്ചോട് ചേർത്ത മുഴുവൻ സുഹൃത്തുക്കൾക്കും ഒരു സംഗീത വിരുന്നു തരാനാണ് ഞങ്ങൾ ശ്രമിക്കുന്നതെന്നും. ഒപ്പം നാളെകൾ ഉണ്ടാകാനുള്ള അഭിലാഷം മുഴുവൻ മലയാളി മനസ്സിലും ഉണ്ടാക്കാനാണ് തങ്ങളുടെ പരിശ്രമമെന്നും അവർ വ്യക്തമാക്കി.

ഉണ്ണി നടരാജൻ, ബിനോയ്, ബിജോയ് തുടങ്ങിയവരും ഇഞ്ചക്കാടിന്റെ ആരാധകരും ചേർന്നാണ് ആൽബത്തിന് മുൻകൈയെടുക്കുന്നത്. നിൽപ്പ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫോർട്ട്‌കൊച്ചിയിൽ നടന്ന രാത്രിനിൽപ്പ് വേദിയിലാണ് രശ്മി വൈറലായ ഗാനം അവതരിപ്പിച്ചത്. ഈ ഗാനം ബിജിത്ത് ചന്ദ്രൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതോടെ ഒരു ലക്ഷത്തിലേറെ പേരാണ് കണ്ടത്. തുടർന്ന് വാട്‌സ് ആപ്പ് വഴിയും മറ്റും അതിവേഗം പ്രചരിക്കുകയായിരുന്നു.

22 വർഷങ്ങൾക്ക് മുമ്പ് ഇഞ്ചക്കാട് എഴുതിയ കവിതാഗാനം സോഷ്യൽ മീഡിയയിൽ വൻ തരംഗമാണ് തീർത്തത്. കായംകുളത്തിനു സമീപത്തുള്ള ആലപ്പാട് ഗ്രാമത്തിലെ കുടിവെള്ള പ്രക്ഷോഭവുമായി ബന്ധപ്പെട്ടായിരുന്നു ഇഞ്ചക്കാട് ബാലചന്ദ്രൻ ഈ കവിത രചിച്ചത്. അന്ന് നാട്ടുകാർക്കിടയിൽ പ്രചാരമുണ്ടായിരുന്ന കവിത പതിയെ പലഭാഗത്തേക്കും ചിതറി. ഒടുവിൽ വയനാട്ടിലെ കെ ജെ ബേബിയുടെ കനവ് സന്ദർശിച്ചപ്പോൾ അവിടെ നിന്നുമാണ് രശ്മിക്ക് ഈ ഗാനം കിട്ടിയത്. അതിനി ശേഷം ആറ് വർഷങ്ങൾക്ക് ശേഷം രശ്മി ഈ ഗാനം നിൽപ്പ് സമരത്തിന്റെ വേദിയിൽ ആലപിച്ചതോടയാണ് ഗാനം വൻ ഹിറ്റായത്.