ഫരീദാബാദ്: കൊല്ലപ്പെട്ട 21 വയസ്സുകാരി നികിത തോമറിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷം. ജനങ്ങൾ മഹാപഞ്ചായത്ത് വിളിച്ചുചേർത്ത് ദേശീയ പാത ഉപരോധിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. ഹരിയാനയിലെ ബല്ലാബാഗഢിലായിരുന്നു സംഘർഷം.

നിയമം കയ്യിലെടുത്ത പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തതായി ഹരിയാന പൊലീസ് ഡിസിപി സുമേർ സിങ് പറഞ്ഞു. അനുമതി ഇല്ലാതെയാണ് മഹാപഞ്ചായത്ത് വിളിച്ചുചേർത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

നികിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണം സംഘത്തെ രൂപവത്കരിച്ചിട്ടുണ്ട്. നികിതയുടെ സുഹൃത്തും മുഖ്യപ്രതിയുമായ തൗസീഫ്, കൂട്ടാളിയായ രെഹാൻ എന്നിവരെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, നികിതയെ മതംമാറ്റാൻ തൗസീഫ് നിർബന്ധിച്ചതായി നികിതയുടെ കുടുംബം ആരോപിച്ചു. ഹരിയാനയിലെ കോൺഗ്രസ് നേതാവും മുന്മന്ത്രിയുമായ ചൗധരി അഫ്താബ് അഹമ്മദിന്റെ അടുത്ത ബന്ധുവാണ് തൗസീഫ്.

ഒക്ടോബർ 26നാണ് ഹരിയാനയെ നടുക്കിയ കൊലപാതകം നടന്നത്. നികിതയുമായി അടുപ്പമുണ്ടായിരുന്ന തൗസീഫിനെ അവഗണിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. നികിത മതം മാറാനായി തൗസീഫ് നിർബന്ധിച്ചിരുന്നു. എന്നാൽ നികിത ഇതിന് വിസമ്മതിച്ചതോടെ തട്ടിക്കൊണ്ടുപാവാൻ പദ്ധതി ആവിഷ്‌കരിച്ചു. കാറിലെത്തി തട്ടിക്കൊണ്ടുപാവാൻ ശ്രമിക്കുന്നതിനിടെ നികിത ഇത് ചെറുക്കുകയും തൗസീഫ് വെടിയുതിർക്കുകയായിരുമായിരുന്നു. പ്രതികൾ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

പെൺകുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വൻ പ്രതിഷേധമാണുയരുന്നത്. പ്രതിക്കെതിരേ ശക്തമായ നടപടി ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബവും നാട്ടുകാരും റോഡ് ഉപരോധിച്ചു. വിവിധയിടങ്ങളിൽ പ്രതിഷേധ സമരങ്ങളും അരങ്ങേറി. പെൺകുട്ടി പഠിച്ചിരുന്ന കോളേജിലെ വിദ്യാർത്ഥികളും പ്രതിഷേധവുമായി തെരുവിലിറങ്ങി. ഫരീദാബാദിൽ പ്രതിഷേധക്കാർ ഒരു കട അടിച്ചുതകർത്തിരുന്നു.