കോഴിക്കോട്; കാൽനൂറ്റാണ്ട് കാലം ഇടതുമുന്നണിക്ക് നൽകിയ നിരുപാധിക പിന്തുണക്കുള്ള അംഗീകാരമാണ് ഐഎൻഎല്ലിന് ലഭിച്ചിട്ടുള്ള ഈ മന്ത്രിസ്ഥാനമെന്ന് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ മറുനാടൻ മലയാളിയോട് പറഞ്ഞു.

ഐഎൻഎല്ലിന്റെ രാഷ്ട്രീയ വളർച്ചയിൽ പുതിയൊരു അദ്ധ്യായം തുടങ്ങുകയാണ്. ഇബ്രാഹിം സുലൈമാൻ സേഠ് ഏറെ ആഗ്രഹിച്ചിരുന്നതാണ് ഇടതുമുന്നണിയുടെ ഭാഗമായുള്ള ഐഎൻഎല്ലിന്റെ വളർച്ചയെന്നത്. മുന്നണിക്ക് പുറത്ത് നിന്ന സമയത്തും ഇടതുപക്ഷത്തിന് നിരുപാധിക പിന്തുണ ഞങ്ങൾ നൽകിയിരുന്നു. മുസ്ലിം ലീഗിന്റെ കുത്തക സീറ്റുകളിലൊന്നിൽ പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കാനായതും ഇടതുപക്ഷത്ത് ഉറച്ച് നിന്നതുകൊണ്ടാണ്. അതിനുള്ള പ്രതിഫലവും അംഗീകാരവുമായിട്ടാണ് പാർ്ട്ടി മന്ത്രിസ്ഥാനത്തെ കാണുന്നത് എന്നും ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസി ഇരിക്കൂർ മറുനാടൻ മലയാളിയോട് പറഞ്ഞു.

27 വർഷമായി ഇടതുമുന്നണിക്കൊപ്പമുള്ള പാർട്ടിയാണ് ഐഎൻഎൽ. 25 വർഷത്തിന് ശേഷമാണ് ഐഎൻഎല്ലിനെ മുന്നണിയിൽ ഉൾപ്പെടുത്തിയത്. ഇടതുപക്ഷം ഐഎൻഎല്ലിനെ അവഗണിക്കുന്നു എന്ന് പറഞ്ഞാണ് നേരത്തെ പാർട്ടിക്ക് കേരളത്തിൽ ആകെയുണ്ടായിരുന്ന എംഎൽഎ പിഎംഎ സലാം മുസ്ലിം ലീഗിലേക്ക് തന്നെ തിരിച്ചുപോയത്. അതിന് ശേഷം ഇപ്പോഴാണ് പാർട്ടിക്ക് ഒരു എംഎൽഎയുണ്ടാകുന്നത്.

ഇടതു മുന്നണിയിൽ പ്രവേശനം ലഭിച്ച ശേഷമുള്ള രാഷ്ട്രീയ അംഗീകാരമായിരുന്നു കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ നിന്നുള്ള അഹമ്മദ് ദേവർകോവിലിന്റെ വിജയം. ആ അംഗീകാരത്തിന് തിളക്കം കൂട്ടുന്നതാണ് ഇപ്പോഴത്തെ മന്ത്രിസ്ഥാനവും. 61 കാരനായ അഹ്മദ് ദേവർകോവിൽ ദേശീയ, സംസ്ഥാന തലത്തിൽ ഇന്ത്യൻ നാഷനൽ ലീഗിന്റെ മുൻനിര നേതാവാണ്. കോഴിക്കോട് കുറ്റ്യാടിക്കടുത്ത ദേവർകോവിൽ സ്വദേശിയായ അദ്ദേഹം എംഎസ്എഫിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്.

അടിയന്തരാവസ്ഥ കാലത്തെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു ജയിൽവാസം അനുഷ്ഠിച്ചിട്ടുമുണ്ട്. 1994ൽ ഡൽഹിയിൽ ചേർന്ന ഐഎൻഎൽ രൂപീകരണ കൺവൻഷൻ മുതൽ തുടങ്ങിയതാണ് അഹമ്മദ് ദേവർകോവിലിന് പാർട്ടിയുമായുള്ള ബന്ധം. ഇടതു മുന്നണിയുടെ അവഗണനയിൽ മനം മടുത്ത് പലരും പാർട്ടി വിട്ട് മുസ്ലിം ലീഗിലേക്ക് തിരികെ പോയപ്പോഴും അദ്ദേഹം പാർട്ടിയിൽ ഉറച്ചു നിന്നു. പ്രാദേശിക തലം മുതൽ ദേശീയ തലംവരെ ഉയർന്ന വരികയും ചെയ്തു.

ഐഎൻഎൽ നാദാപുരം മണ്ഡലം പ്രസിഡന്റ്, കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ സെക്രട്ടറി എന്നീ പദവികൾ വഹിച്ചു. നിലവിൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയാണ്. കേരള ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് അസോസിയേഷൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, കോഴിക്കോട് മെഡിക്കൽ കോളജ് ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന മെഹബൂബെ മില്ലത്ത് ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപക ചെയർമാൻ എന്നീ പദവികൾ വഹിച്ചു.

നിലവിൽ കോഴിക്കോട്ടെ സരോവരം പാർക്കിലെ സ്പോർട്സ് വിങിന്റെ സരോവരവാരം ഗ്രീൻ എക്സ്‌പ്രസ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെയർമാനാണ് അഹ്മദ് ദേവർകോവിൽ. മുസ്ലിം ലീഗിന്റെ സിറ്റിങ് സീറ്റായിരുന്ന കോഴിക്കോട് സൗത്തിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥി നൂർബിന റഷീദിനെ അട്ടിമറിച്ചാണ് ഐഎൻഎൽ പ്രതിനിധിയായ അഹമ്മദ് ദേവർകോവിൽ ജയിച്ച് മന്ത്രിസ്ഥാനത്തേക്കെത്തുന്നത്.