- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മന്ത്രി അഹമ്മദ് ദേവർ കോവിലിനെ ശാസിക്കും; കോവിഡുകാലത്തെ തമ്മിൽ തല്ലിൽ ഇരു വിഭാഗത്തിനേയും അതൃപ്തി അറിയിച്ച് സിപിഎം; ഐഎൻഎൽ വിഷയത്തിൽ അനുരജ്ഞന സാധ്യതകൾ തേടാൻ സിപിഎം; സിപിഐയുടെ നിലപാടും നിർണ്ണായകം; ഇടതു മുന്നണി തീരുമാനം കരുതലോടെ
തിരുവനന്തപുരം: ഐഎൻഎൽ പിളർപ്പിൽ സിപിഎം കടുത്ത അതൃപ്തയിൽ. ഇക്കാര്യം ദേശീയ നേതൃത്വത്തെ സിപിഎം അറിയിക്കും. ഇടതുപക്ഷത്തും ചർച്ച നടക്കും. സിപിഐയുട നിലപാടും ഇക്കാര്യത്തിൽ നിർണ്ണായകമാകും. കോവഡ് കാലത്തെ തെരുവു യുദ്ധത്തിലൂടെ ഐ എൻ എൽ ഇടതുപക്ഷത്തിന് തലവേദനയായി എന്നാണ് പൊതു അഭിപ്രായം.
ഐഎൻഎൽ കേന്ദ്ര നേതൃത്വത്തിന്റെ നിലപാടാകും സിപിഎം പ്രധാനമായി കണക്കിലെടുക്കുക. കാസിം ഇരിക്കൂർ വിഭാഗത്തിനൊപ്പമാണ് ദേശീയ നേതൃത്വമെന്നാണു സൂചന. എന്നാൽ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ വഹാബിനോടാണ് കൂടുതൽ താൽപ്പര്യം. ഈ സാഹചര്യത്തിൽ പ്രശ്‌ന പരിഹാരം വരെ രണ്ടു കൂട്ടരേയും ഇടതു യോഗത്തിൽ പങ്കെടുപ്പിക്കില്ല. അനുരഞ്ജനമാണ് സിപിഎം ആഗ്രഹിക്കുന്നത്. പക്വതയോടെ പ്രവർത്തിക്കണമെന്ന് രണ്ട് കൂട്ടരേയും സിപിഎം അറിയിച്ചിട്ടുണ്ട്. മന്ത്രി ദേവർകോവിലിനോടും സിപിഎം ആശയ വിനിമയം നടത്തിയിട്ടുണ്ട്. ഇനി മുഖ്യമന്ത്രിയുടെ ശാസനയും മന്ത്രിക്ക് കിട്ടും.
ഐഎൻഎൽ ഭരണഘടന അനുസരിച്ച് ദേശീയ നേതൃത്വത്തിനും പ്രസിഡന്റിനും വിപുലമായ അധികാരങ്ങളുണ്ട്. പ്രസിഡന്റ് അടക്കം ഒരു വിഭാഗം നേതാക്കൾ ഇടഞ്ഞ സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം ആലുവയിൽ ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ ഭൂരിപക്ഷം അംഗങ്ങളും ജില്ലാ പ്രസിഡന്റുമാരും പങ്കെടുത്തതായി കാസിം വിഭാഗം അവകാശപ്പെടുന്നു. മന്ത്രി അഹമ്മദ് ദേവർ കോവിലും കാസിം പക്ഷത്താണ്.
എൽഡിഎഫിൽ മുസ്ലിം വിഭാഗത്തെ പ്രതിനിധീകരിക്കുന്ന കക്ഷി കൂടി ആയതിനാൽ മുന്നണിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കും ഈ ഭിന്നത ദോഷം ചെയ്യുമെന്ന വിലയിരുത്തൽ ഇടതുപക്ഷത്ത് സജീവമാണ്. അടുത്ത എൽഡിഎഫ് യോഗത്തിനു മുൻപായി ഇക്കാര്യത്തിൽ തീരുമാനം എടുക്കാനാണ് സിപിഎം ശ്രമം. സിപിഐയുമായും ഇക്കാര്യത്തിൽ ചർച്ച നടത്തും. അതിന് ശേഷം നിലപാട് എടുക്കും. അതുവരെ ദേവർകോവിലിന് മന്ത്രിയായി തുടരാനും തടസ്സമുണ്ടാകില്ല.
ഐഎൻഎല്ലിലെ തമ്മിൽ പോര് എൽഡിഎഫിനാകെ നാണക്കേടായതോടെ മുന്നണിയിൽ ഇനി എന്ത് നിലപാട് എടുക്കണം എന്നത് ചർച്ചയാകും. വീണ്ടും ഇരു വിഭാഗത്തെയും എകെജി സെന്ററിൽ വിളിപ്പിച്ച് സിപിഎം കർശന നിലപാട് അറിയിക്കാനാണ് സാദ്ധ്യത. ഐഎൻഎൽ പ്രശ്‌നം എൽഡിഎഫിൽ ചർച്ച ചെയ്യുമെന്ന് സിപിഐയും വ്യക്തമാക്കി കഴിഞ്ഞു.
അതിനിടെ ഐഎൻഎൽ ദേശീയ നേതൃത്വത്തിന്റെ പിന്തുണ കാസിം ഇരിക്കൂർ പക്ഷം ഉറപ്പിച്ചു എന്നും സൂചനയുണ്ട്. സംസ്ഥാന പ്രസിഡന്റിനെയും 7 നേതാക്കളെയും നീക്കം ചെയ്തതായും അച്ചടക്ക ലംഘനം അംഗീകരിക്കാനാവില്ലെന്നും ദേശീയ പ്രസിഡന്റ് മുഹമ്മദ് സുലൈമാൻ പറഞ്ഞു. കൊച്ചിയിലെ സംഭവങ്ങൾ പൊതുജനമധ്യത്തിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയായ മന്ത്രി അഹമ്മദ് ദേവർകോവിലും കാസിം ഇരിക്കൂറിനൊപ്പമാണ്.
കാസിം ഇരിക്കൂർ ഏറെക്കാലമായി പലർക്കെതിരെയും ദേശീയ പ്രസിഡന്റിനെക്കൊണ്ട് നടപടി എടുപ്പിച്ചുവരികയാണെന്ന ആരോപണമാണ് അബ്ദുൽ വഹാബ് ഉന്നയിച്ചത്. ദേശീയ പ്രസിഡന്റ് കേരളത്തിൽ ഐഎൻഎല്ലുകാരനാണെങ്കിലും പുറത്ത് അദ്ദേഹത്തിന്റെ ബന്ധങ്ങൾ എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് തുടങ്ങിയ സംഘടനകളുമായാണ്. മന്ത്രി അഹമ്മദ് ദേവർകോവിലിനെ പുറത്താക്കണമെന്നോ രാജിവയ്ക്കണമെന്നോ ഉള്ള ആവശ്യം തങ്ങൾക്കില്ലെന്നും വഹാബ് പറഞ്ഞിരുന്നു.
പാർട്ടി പിളർന്നതോടെ ഇരുവിഭാഗങ്ങളും ശക്തി തെളിയിക്കാനുള്ള കരുനീക്കം തുടങ്ങി. ഞായറാഴ്ച തന്നെ കോഴിക്കോട് പാളയത്തെ സംസ്ഥാന കമ്മിറ്റി ഓഫിസിന് പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. കോഴിക്കോട് ജില്ലാ കമ്മിറ്റി സംസ്ഥാന പ്രസിഡന്റ് എ. പി. അബ്ദുൽ വഹാബിനൊപ്പമായതിനാൽ ഓഫിസ് വഹാബ് പക്ഷം കയ്യടക്കുമെന്ന് അഭ്യൂഹങ്ങൾ പരന്നു.
എന്നാൽ ഓഫിസിന്റെ താക്കോൽ തന്റെ പക്കലുണ്ടെന്നും മറ്റ് അവകാശവാദങ്ങൾക്ക് ഇടയില്ലെന്നും കാസിം ഇരിക്കൂർ പറഞ്ഞു. അബ്ദുൽ വഹാബിന്റെ വിഭാഗം ഓഗസ്റ്റ് മൂന്നിന് കോഴിക്കോട്ട് സംസ്ഥാന കൗൺസിൽ യോഗം വിളിച്ചുചേർത്തിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ