- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അബ്ദുൾ വഹാബിന് മേധാവിത്വം സംസ്ഥാന സെക്രട്ടേറിയറ്റിലും കാസിം ഇരിക്കൂറിന് പ്രവർത്തക സമിതിയിലും; 25 ന് പ്രവർത്തക സമിതി വിളിച്ചു ചേർക്കാൻ കാസിം ഇരിക്കൂറും സെക്രട്ടറിയേറ്റ് ചേരാൻ വഹാബും; പി ടി എ റഹീമുമായുള്ള ചർച്ചകൾ സജീവമാക്കി വഹാബ് പക്ഷം; കാര്യങ്ങൾ ഇങ്ങനെ മുന്നോട്ട് പോയാൽ ഐ എൻ എൽ പിളരുമെന്നുറപ്പ്
കോഴിക്കോട്: ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് എ.പി.അബ്ദുൾ വഹാബിന്റെ ശബ്ദസന്ദേശം പുറത്തുവന്നതിന് പിന്നാലെ പാർട്ടിയിൽ തമ്മിൽ തല്ല് രൂക്ഷമാകുന്നു. പാർട്ടി സെക്രട്ടറിയേറ്റ് ഉടൻ വിളിച്ചു ചേർക്കണമെന്ന് ആവശ്യപ്പെടുന്ന വഹാബിന്റെ ശബ്ദസന്ദേശമായിരുന്നു പുറത്തുവന്നത്. ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ സെക്രട്ടറിയേറ്റ് വിളിച്ചു ചേർക്കുന്നില്ലെങ്കിൽ താനതിന് തയ്യാറാകുമെന്നും ഭരണഘടനാ പ്രകാരം തനിക്ക് അധികാരമുണ്ടെന്നുമാണ് അബ്ദുൾ വഹാബ് പറയുന്നത്.
എന്നാൽ പാർട്ടി സെക്രട്ടറിയേറ്റ് ചേരാൻ കാസിം ഇരിക്കൂറിന് താത്പര്യമില്ലെന്നാണ് വ്യക്തമാകുന്നത്. 25 ന് പാർട്ടി പ്രവർത്തക സമിതി എറണാകുളത്ത് വിളിച്ചു ചേർക്കാനാണ് കാസിം ഇരിക്കൂറിന്റെ തീരുമാനം. എന്നാൽ പ്രവർത്തക സമിതി ചേർന്നാൽ അതേ ദിവസം തന്നെ കോഴിക്കോട്ട് പാർട്ടി സെക്രട്ടറിയേറ്റ് അബ്ദുൾ വഹാബ് വിളിച്ചുചേർക്കും. വഹാബിനെ അനുകൂലിക്കുന്നവർ പ്രവർത്തക സമിതിയിലും കാസിം ഇരിക്കൂർ പക്ഷം സെക്രട്ടറിയേറ്റിലും പങ്കെടുക്കാൻ സാധ്യതയില്ല. ഇതോടെ പാർട്ടി പിളർപ്പിലേക്ക് നീങ്ങുമെന്നാണ് ഐ എൻ എൽ പ്രവർത്തകർ തന്നെ വ്യക്തമാക്കുന്നത്.
22 ഓളം പേരാണ് സെക്രട്ടറിയേറ്റിൽ ഉള്ളത്. ഇതിൽ വഹാബിന് മേധാവിത്വമുണ്ട്. എന്നാൽ 75 ഓളം അംഗങ്ങളുള്ള പ്രവർത്തക സമിതിയിൽ കാസിം ഇരിക്കൂറിനാണ് മേധാവിത്വം. കഴിഞ്ഞ തവണ കോഴിക്കോട് ചേർന്നത് പ്രവർത്തക സമിതിയായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളപ്പോഴായിരുന്നു കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് പ്രവർത്തക സമിതി ചേരാൻ കാസിം ഇരിക്കൂർ തീരുമാനിച്ചത്. എന്നാൽ കോർപ്പറേഷന്റെ ഇടപെടലിനെത്തുടർന്ന് ആദ്യം നിശ്ചയിച്ച കാലിക്കറ്റ് ടവറിൽ നിന്ന് പരിപാടി മാറ്റേണ്ടിവന്നു. തുടർന്ന് മറ്റൊരു ഹോട്ടലിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കോവിഡ് വ്യാപിക്കുന്ന സമയത്ത് കൂടുതൽ പേരെ വെച്ച് പ്രവർത്തക സമിതി ചേരുന്നത് ശരിയല്ലെന്ന നിലപാടാണ് വഹാബ് പക്ഷത്തിനുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തിൽ സെക്രട്ടറിയേറ്റ് ചേരുന്നതാണ് നല്ലതെന്നും ഇവർ പറയുന്നു. എന്നാൽ ഇത് ഒരു തരത്തിലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് കാസിം ഇരിക്കൂർ.
പി എസ് സി കോഴ വിവാദത്തിൽ ഉൾപ്പെടെ ഐ എൻ എല്ലിനെ സി പി എം താക്കീത് ചെയ്തിട്ടുണ്ട്. ഐ എൻ എല്ലിന് ലഭിച്ച പി എസ് സി അംഗത്വം നാൽപത് ലക്ഷം രൂപ കോഴ വാങ്ങി പാർട്ടി മറിച്ചുവിറ്റെന്നായിരുന്നു ആരോപണമുയർന്നത്. മുന്നണിയിൽ ശക്തമായ വിമർശനങ്ങൾ ഉയരുമ്പോഴും തമ്മിൽത്തല്ലും തർക്കവുമായി മുന്നോട്ട് പോവുകയാണ് ഐ എൻ എൽ. ഇരുവിഭാഗവും ഇതേ നിലപാടിൽ പോയാൽ പാർട്ടി പിളരാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. അങ്ങിനെ സംഭവിച്ചാൽ പി ടി എ റഹീമിനെ പ്രസിഡന്റാക്കി പുതിയൊരു പാർട്ടിക്കായുള്ള നീക്കങ്ങളും വഹാബ് പക്ഷം ആരംഭിച്ചിട്ടുണ്ട്. ദേശീയ നേതൃത്വത്തിന്റെ കീഴിലല്ലാതെ സ്വതന്ത്രമായൊരു പാർട്ടി എന്ന ആശയത്തിലൂന്നിയാണ് ഇവർ മുന്നോട്ട് പോകുന്നത്.
പി ടി എ റഹീം എം എൽ എയുടെ നേതൃത്വത്തിലുള്ള നാഷണൽ സെക്യുലർ കോൺഫറൻസ് (എൻ എസ് സി) ഐ എൻ എല്ലിൽ ലയിച്ചിട്ടുണ്ടെങ്കിലും കാര്യമായ നീക്കുപോക്കുകളൊന്നും ഇതുവരെ നടന്നിട്ടില്ല. പി ടി എ റഹീം സജീവമാകുന്നതിനോട് കാസിം ഇരിക്കൂറിന് താത്പര്യമില്ലെന്നാണ് അറിയുന്നത്. ഈ സാഹചര്യത്തിലാണ് വഹാബും പി ടി എ റഹീമും തമ്മിൽ ചർച്ചകൾ സജീവമാകുന്നത്.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.