- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തമ്മിലടിച്ച് പിരിഞ്ഞതിന് ശേഷം കരുത്ത് കാട്ടാൻ എ പി അബ്ദുൾവഹാബും കാസിം ഇരിക്കൂരും; ഇരുവരും ജില്ലാ കമ്മിറ്റികൾ വിളിച്ച് ചേർത്ത് പിന്തുണ ഉറപ്പാക്കാനുള്ള പരിശ്രമത്തിൽ; കാസിം വിളിച്ച കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ നിന്ന് പ്രധാന നേതാക്കൾ വിട്ടു നിന്നു; സംസ്ഥാന കമ്മിറ്റി ഓഫീസ് പിടിച്ചെടുക്കാൻ അനുവദിക്കില്ലെന്ന് വഹാബ്
കോഴിക്കോട്: തമ്മിലടിച്ച് പിരിഞ്ഞതിന് ശേഷം കരുത്തു കാട്ടി യഥാർത്ഥ ഐ എൻ എൽ തങ്ങളുടേതാണെന്ന് ഇടതു മുന്നണിയെ ബോധിപ്പിക്കാൻ എ വി അബ്ദുൾ വഹാബും കാസിം ഇരിക്കൂറും കഠിന പരിശ്രമത്തിൽ. പരസ്പരം പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി പ്രഖ്യാപിച്ച ഇരു നേതാക്കളും ജില്ലാ കമ്മിറ്റി യോഗങ്ങൾ വിളിച്ചു ചേർത്ത് തങ്ങളുടെ ആധിപത്യമുറപ്പിക്കാനുള്ള നീക്കമാണ് നടത്തുന്നത്.
ഇതിന്റെ ഭാഗമായി കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം വിളിച്ചു ചേർത്ത കാസിം ഇരിക്കൂറിന് തിരിച്ചടിയേറ്റു. പ്രധാന നേതാക്കളെല്ലാം യോഗത്തിൽ നിന്ന് വിട്ടു നിന്നതാണ് തിരിച്ചടിയായത്. ഐ എൻ എൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് മഹമ്മൂദ് പറക്കാട്ട്, വൈസ് പ്രസിഡന്റ് അഹമ്മദ് ഹാജി, ജോ. സെക്രട്ടറി ബി മുനീർ, ട്രഷറർ കെ പി യൂസഫ് തുടങ്ങിയവർ കാസിം ഇരിക്കൂർ വിളിച്ചുചേർത്ത ജില്ലാ ഭാരവാഹികളുടെയും പ്രവർത്തക സമിതി അംഗങ്ങളുടെയും യോഗത്തിൽ പങ്കെടുത്തില്ല. കെ പി യൂസഫ് കണ്ണൂർ ജില്ലയിൽ പാർട്ടിക്കുള്ള ഏക ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കൂടിയാണ്. തലശ്ശേരി മുൻസിപ്പൽ കൗൺസിലറായ ഷംസുദ്ദീൻ, കൂത്തുപറമ്പ് മുൻസിപ്പൽ കൗൺസിലർ എന്നിവരും യോഗത്തിനെത്തിയില്ല.
നാഷണൽ യൂത്ത് ലീഗ് പ്രതിനിധികളായ ജില്ലാ പ്രസിഡന്റ് കെ പി ഷമീർ, ജനറൽ സെക്രട്ടറി ബഷീർ മുണ്ടേരി എന്നിവരായിരുന്നു യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്നത്. ഇവരും പങ്കെടുത്തില്ല. പാർട്ടി സംസ്ഥാന കൗൺസിൽ അംഗം നാസർ കുറുമാത്തൂർ, നാഷണൽ പ്രവാസി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഷംസുദ്ദീൻ ഹാജി എന്നിവരും വിട്ടു നിന്നവരിൽ ഉൾപ്പെടുന്നു. കാസിം ഇരിക്കൂറിന്റെ നാടായ ഇരിക്കൂറിൽ നിന്നും തലശ്ശേരി, തളിപ്പറമ്പ് എന്നിവടങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ വിട്ടു നിന്നത് അദ്ദേഹത്തിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.
യോഗത്തിൽ നിന്ന് വിട്ടു നിന്നവർ ഐഎൻഎൽ സംസ്ഥാന പ്രസിഡന്റായിരുന്ന എസ് എ പുതിയവളപ്പിലിന്റെ തലശ്ശേരി ഓടത്തിൽ പള്ളിയിലെ ഖബറിടത്തിൽ സിയാറത്ത് നടത്തിയാണ് മടങ്ങിപ്പോയത്. കഴിഞ്ഞദിവസം എ പി അബ്ദുൾ വഹാബും ഖബർ സ്ഥാനത്തിൽ സിയാറത്ത് നടത്തിയിരുന്നു. എസ് എ പുതിയവളപ്പിൽ സംസ്ഥാന പ്രസിഡന്റായിരുന്നപ്പോൾ എ പി അബ്ദുൾ വഹാബായിരുന്നു ജനറൽ സെക്രട്ടറി.
ഇതേ സമയം അഖിലേന്ത്യാ പ്രസിഡന്റ് പ്രഖ്യാപിച്ച ബി. ഹംസ ഹാജി പ്രസിഡന്റും കാസിം ഇരിക്കൂർ ജനറൽ സെക്രട്ടറിയുമായ കേരള സംസ്ഥാന ഐഎൻഎൽ കമ്മിറ്റിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കാൻ നാഷണൽ യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.
ഐ എൻ എൽ പാർട്ടി ഭരണഘടന പ്രകാരം അഖിലേന്ത്യാ പാർട്ടിയാണ്. അഖിലേന്ത്യാ കമ്മിറ്റി പ്രഖ്യാപിക്കുന്ന കമ്മിറ്റികളാണ് ഐഎൻഎലിന്റെ ഔദ്യോഗിക സംസ്ഥാന കമ്മിറ്റികളെന്ന് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് അഡ്വ: ഷമീർ പയ്യനങ്ങാടിയുടെ അധ്യക്ഷതയിൽ ചേർന്ന നാഷണൽ യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളുടെ യോഗം വ്യക്തമാക്കി. സംസ്ഥാന ജനറൽ സെക്രട്ടറി ഫാദിൽ അമീൻ, സംസ്ഥാന ട്രഷറർ റഹീം ബെണ്ടിച്ചാൽ, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ അഷ്റഫ് പുതുമ, നാസർ കൂരാറ, ജെയിൻ ജോസഫ്, സംസ്ഥാന സെക്രട്ടറിമാരായ ഷാജി ഷമീർ, റയാൻ പറക്കാട് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
ഇതേ സമയം പാർട്ടി ഓഫീസ് പിടിച്ചെടുക്കുമെന്ന കാസിം ഇരിക്കൂറിന്റെ വെല്ലുവിളിയോട് അബ്ദുൾ വഹാബ് ശക്തമായ ഭാഷയിൽ പ്രതികരിച്ചിട്ടുണ്ട്. പ്രവർത്തകർ തെരുവിൽ പാട്ടപ്പിരിവ് നടത്തി പണം പിരിച്ചുണ്ടാക്കിയതാണ് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ്. സേട്ടു സാഹിബ് സാംസ്കാരിക കേന്ദ്രത്തിന്റെ നിർമ്മാണത്തിന് ഒരു ചില്ലിക്കാശ് പോലും നൽകാത്ത പാർട്ടിയുമായി ബന്ധപ്പെട്ട ആളുകളാരെങ്കിലുമുണ്ടെങ്കിൽ അത് കാസിം ഇരിക്കൂർ മാത്രമാണ്. ഒരു നായാപൈസ പോലും അദ്ദേഹം ആസ്ഥാന മന്ദിരത്തിന് നൽകിയിട്ടില്ല.
ഇപ്പോൾ പാർട്ടി ഓഫീസ് പിടിച്ചെടുക്കാൻ അദ്ദേഹം ശ്രമം നടത്തിയാൽ കോഴിക്കോട്ടെ പാർട്ടി പ്രവർത്തകരുടെ നെഞ്ചിൽ ചവിട്ടി മാത്രമെ ഓഫീസിൽ അദ്ദേഹത്തിന് കയറാൻ അദ്ദേഹത്തിന് കഴിയുകയുള്ളു. ഒരു ആവേശത്തിന് അനാവശ്യപ്രശ്നങ്ങളുണ്ടാക്കരുതെന്നും എ പി അബ്ദുൾ വഹാബ് കാസിം ഇരിക്കൂറിന് മുന്നറിയിപ്പ് നൽകി.
പാർട്ടി പിളർന്നതോടെ കാസിം ഇരിക്കൂറിന് പകരം നാസർ കോയ തങ്ങളെയാണ് അബ്ദുൾ വഹാബ് വിഭാഗം പുതിയ ജനറൽ സെക്രട്ടറിയായി നിയമിച്ചത്. വർക്കിങ് പ്രസിഡന്റായിരുന്ന ഹംസ ഹാജിയെയാണ് കാസിം വിഭാഗം പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തത്. മന്ത്രി അഹമ്മദ് ദേവർ കോവിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി അബ്ദുൾ വഹാബബും വ്യക്തമാക്കിയിട്ടുണ്ട്. ഇതേ സമയം ദേശീയ നേതൃത്വം തങ്ങൾക്കൊപ്പമാണെന്നാണ് കാസിം ഇരിക്കൂർ അവകാശപ്പെടുന്നത്.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.