മലപ്പുറം: തമ്മിൽ തല്ലിനും പിളർപ്പിനും ഇടയിൽ ഐ.എൻ.എൽ മെമ്പർഷിപ്പ് ക്യാംപയിന് മലപ്പുറത്ത് ഉജ്ജ്വല തുടക്കം. വരുന്ന മൂന്നു വർഷത്തേക്കുള്ള പാർട്ടി ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള ക്യാംപയിനാണ് ആരംഭിച്ചത്.

ക്യാംപയിനിന്റെ ജില്ലാ തല ഉൽഘാടനം ജില്ലയിലെ സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള സഹ വരണാധികാരിയും ഐ.എൻ.എൽ പാലക്കാട് ജില്ല പ്രസിഡന്റുമായ അശ്റഫ് അലി വല്ലപ്പുഴ നിർവ്വഹിച്ചു.

സംസ്ഥാന പ്രസിഡന്റും ജനറൽ സെക്രട്ടറിയും തമ്മിലടിച്ചു പിരിഞ്ഞതിന് പിന്നാലെയാണു ഔദ്യോഗിക വിഭാഗത്തിന്റെ നേതൃത്വത്തിൽ ക്യാമ്പയിൻ ആരംഭിച്ചത്. ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് കെ.പി അബ്ദുറഹിമാൻ ഹാജി വെട്ടം മെമ്പർഷിപ്പുകൾ ഏറ്റുവാങ്ങി. ജില്ല പ്രസിഡന്റ് സമദ് തയ്യിൽ അധ്യക്ഷത വഹിച്ചു. താനാളൂർ പകരയിൽ ചേർന്ന ജില്ല പ്രവർത്തക സമിതിയോഗത്തിൽ ജില്ലയിൽ നിന്നുള്ള സംസ്ഥാന കൗൺസിൽ അംഗങ്ങളും പങ്കെടുത്തു.

പാർട്ടിയുടെ നയനിലപാടുകൾ അംഗീകരിക്കുകയും പാർട്ടിയുടെ നിലവിലെ ദേശീയ-സംസ്ഥാന നേതൃത്വത്തെ അംഗീകരിക്കാനും സന്നദ്ധമാകുന്നവരെയെല്ലാം ഐ.എൻ എൽ സ്വാഗതം ചെയ്യും. പാർട്ടിയെ മുന്നണിയിൽ നിന്നും മന്ത്രിസഭയിൽ നിന്നും പുറത്തെത്തിക്കാൻ ഉപജാപം നടത്തുന്നവർ ഉണ്ടാക്കിയ വിവാദങ്ങളാണ് ഐ.എൻഎല്ലുമായി ബന്ധപ്പെട്ട് സമീപകാലത്ത് മാധ്യമങ്ങളിൽ വന്ന് കൊണ്ടിരിക്കുന്ന വാർത്തകളെന്ന് യോഗം അഭിപ്രായപ്പെട്ടു.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഒ.ഒ ശംസു, ദേശീയ സമിതി അംഗം കുഞാവുട്ടി എ കാദർ, നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് അഡ്വ: ഷമീർ പയ്യനങ്ങാടി ഭാരവാഹികളായ നാസർ ചിനക്കലങ്ങാടി,കെ.പി അബ്ദു ഹാജി, എൻവൈഎൽ ജില്ലാപ്രസിഡന്റ് നൗഫൽ തടത്തിൽ, സെക്രട്ടറിയേറ്റ് അംഗങ്ങളായ സി.പി അബ്ദുൽ വഹാബ്, മുജീബ് പുള്ളാട്ട്, കെ.കെ.എം കുറ്റൂർ, എ.കെ സിറാജ്, റഫീഖ് പെരുന്തല്ലൂർ, ഇല്യാസ് പൊന്നാനി, നൗഷാദ് തൂത, എൻ പി. .ഷംസു, അക്‌ബർ പൊന്നാനി, മുഹമ്മദ്കുട്ടി കല്ലുങ്ങൽ, മജീദ് ചിറ്റാങ്ങാടൻ എന്നിവർ പ്രസംഗിച്ചു