കോഴിക്കോട്: മുസ്ലിം ലീഗ് വിരുദ്ധരുടെ കൂട്ടായ്മയിൽ കോഴിക്കോട് സംഘടിപ്പിച്ച വഖഫ് ആക്ഷൻ കൗൺസിൽ ഐ എൻ എൽ പിളർപ്പിന് ആക്കം കൂട്ടിയെന്ന് സംസാരം. പാർട്ടി പ്രസിഡന്റായ എ പി അബ്ദുൾ വഹാബ്, ഇടത് സ്വതന്ത്രനായ പി ടി എ റഹീം എം എൽ എയ്‌ക്കൊപ്പം കോഴിക്കോട് വഖഫ് ഭൂമി സംരക്ഷണത്തിനായി ബഹുജന കൺവെൻഷൻ സംഘടിപ്പിച്ചത് ജനറൽ സെക്രട്ടറി കാസി ഇരിക്കൂർ വിഭാഗത്തെ ചൊടിപ്പിച്ചിരുന്നു. വഖഫ് സംരക്ഷണ ബഹുജന കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ കോഴിക്കോട് സൗത്ത് മണ്ഡലം എം എൽ എയും ഐ എൻ എൽ മന്ത്രിയുമായ ദേവർകോവിലിനെ ക്ഷണിച്ചെങ്കിലും അദ്ദേഹം മറ്റ് തിരക്കുകൾ അറിയിച്ച് പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.

മന്ത്രി വിട്ടുനിന്നതോടെ, സി പി എം നേതാവും വഖഫ് ബോർഡ് ചെയർമാനുമായ ടി കെ ഹംസയാണ് ബഹുജന കൺവെൻഷൻ ഉദ്ഘാടനം ചെയ്തത്. രാഷ്ട്രീയ പാർട്ടികൾക്കതീതമായി സമുദായ സംഘടനകൾ പങ്കെടുത്ത പരിപാടിയായിരുന്നു ഇത്. സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം പരിപാടിയിൽ പങ്കെടുക്കുകയും വഖഫ് സംരക്ഷണത്തിന് ഇടതുപക്ഷ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഐ എൻ എൽ സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടന്ന ബഹുജന കൺവെൻഷനിലെ ഏറെ ശ്രദ്ധേയമായ പ്രഖ്യാപനമായിരുന്നു ഇത്.

ഇടതുപക്ഷ ജനാധിപത്യമുന്നണിയിൽ രണ്ടര വർഷത്തേക്ക് മന്ത്രിസ്ഥാനം ലഭിച്ച ദേവർകോവിൽ വഖഫ് ആക്ഷൻ കൗൺസിലുമായി സഹകരിക്കാത്തത് ഇടതുപക്ഷ നേതൃത്വത്തെയും സഹയാത്രികരേയും അമ്പരപ്പിച്ചിരുന്നു. മുസ്ലിം ലീഗിനെതിരെ സമുദായത്തിനകത്തുനിന്ന് ബഹുജന അഭിപ്രായം സ്വരൂപിക്കപ്പെടുന്ന പരിപാടിയിൽ മന്ത്രി പങ്കെടുക്കാതിരുന്നത് ലീഗ് നേതൃത്വവുമായുള്ള ബാന്ധവം കൊണ്ടാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇത് ശരിവെക്കും വിധമാണ്, മുസ്ലിം ലീഗ് കോഴിക്കോട് സൗത്ത് മണ്ഡലം പിരിച്ചുവിട്ടത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർത്ഥിക്കായി പ്രവർത്തിച്ചില്ലെന്ന ആരോപണമാണ് സൗത്ത് മണ്ഡലത്തിനെതിരെ ഉയർന്നത്. ദേവർകോവിലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ലീഗ് നേതാവും വ്യവസായിയുമായ പി അബ്ദുൽവഹാബ് പണം നൽകി സഹായിച്ചതും വിവാദമായിരുന്നു. മന്ത്രിയായതിന് ശേഷം താമരശേരി ബിഷപ് ഹൗസ് സന്ദർശിച്ച ദേവർകോവിലിനെ പൊന്നാടയണിയിച്ച് സ്വീകരിച്ചത് യു ഡി എഫ് സ്ഥാനാർത്ഥിയായിരുന്ന സി എച്ച് ഇബ്രാഹിം കുട്ടിയായിരുന്നു. ഈ ഫോട്ടോ പുറത്തു വന്നപ്പോൾ സി പി എം ജില്ലാ നേതൃത്വം മന്ത്രിക്ക് താക്കീത് നൽകിയതായി വാർത്തയുണ്ടായിരുന്നു.

പി എം എ സലാമിനൊപ്പം മുസ്ലിം ലീഗിലേക്ക് ചേക്കേറാൻ ശ്രമിച്ച് പരാജയപ്പെട്ട ദേവർകോവിലിന് ഇപ്പോഴും ലീഗിനുള്ളിൽ വലിയ സ്വീകാര്യതയുണ്ടെന്നാണ് എതിർവിഭാഗം കുറ്റപ്പെടുത്തുന്നത്. കൊയിലാണ്ടിയിൽ പ്രാദേശിക ലീഗ് നേതാക്കൾക്കൊപ്പം ഹാർബർ സന്ദർശനം നടത്തിയ മന്ത്രി സ്ഥലത്തെ ഇടതുപക്ഷ നേതാക്കളെയോ ഐ എൻ എൽ പ്രവർത്തകരെയോ ബന്ധപ്പെടാതിരുന്നത് ചർച്ചയായിരുന്നു. മഞ്ചേരിയിൽ കൊടക്കല്ല് സന്ദർശിക്കാൻ എത്തിയ മന്ത്രി മഞ്ചേരി മുൻസിപ്പാലിറ്റിയിലെ ഇടത് ഭരണത്തെ അട്ടിമറിച്ച മുൻ ഐ എൻ എൽ കൗൺസിലർമാരും ഇപ്പോൾ മുസ്ലിം ലീഗുകാരുമായവരെ രഹസ്യമായി കണ്ടതും ഐ എൻ എൽ മെമ്പർഷിപ്പ് നൽകിയതും ഫോട്ടോ സഹിതമാണ് പുറത്തായത്. വഖഫ് ബോർഡ് മെമ്പറും വഖഫ് ഭൂമി വ്യാപകമായ തോതിൽ അന്യാധീനപ്പെടുത്തുന്നതിന് കൂട്ടു നിൽക്കുകയും ചെയ്തുവെന്ന് ആരോപണം നേരിടുന്ന മുസ്ലിം ലീഗ് നേതാവ് അഡ്വ. പി വി സൈനുദ്ദീനെ തലശ്ശേരിയിലെ വീട്ടിൽ സന്ദർശിച്ചത് കണ്ണൂർ ജില്ലയിലെ ഐ എൻ എൽ, ഇടതുപക്ഷ നേതൃത്വത്തെ ഞെട്ടിച്ചിരുന്നു.

വഖഫ് വിവാദം ഉയർന്നത് മുതൽ ഇടതുപക്ഷത്തിന് വേണ്ടി ചാനൽ ചർച്ചകളിൽ നിറഞ്ഞു നിന്നത് വഹാബ് വിഭാഗക്കാരനും ഐ എൻ എൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എൻ കെ അബ്ദുൽ അസീസ് ആയിരുന്നു. മുസ്ലിം ലീഗ് നേതാക്കന്മാരുടെ അഴിമതിക്കെതിരെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് നിരന്തരംവാർത്താ സമ്മേളനം നടത്തിയ എൻ കെ അബ്ദുൽ അസീസിനെ സീതാറാം മിൽസ് ചെയർമാൻ സ്ഥാനത്തേക്ക് അബ്ദുൾ വഹാബ് നിർദ്ദേശിച്ചപ്പോൾ അത് ഒരിക്കലും അംഗീകരിക്കില്ല എന്നായിരുന്നു കാസിം ഇരിക്കൂറും ദേവർകോവിലും അറിയിച്ചത്.

മുസ്ലിം ലീഗിനെ അടിമുടി പ്രതിരോധത്തിലാക്കുന്ന വഖഫ് ആക്ഷൻ കൗൺസിലുമായി അബ്ദുൾ വഹാബ് രംഗത്ത് വന്നപ്പോൾ അതിനെ പ്രതിരോധിക്കാനാണ് കാസിം ഇരിക്കൂർ വിഭാഗം ശ്രമിച്ചത്. ഇത് സംബന്ധിച്ച് മാധ്യമങ്ങളിൽ വാർത്തയും വന്നിരുന്നു. പാർട്ടി അറിയാതെ പ്രസിഡന്റിന്റെ വഖഫ് സമ്മേളനം; ഐ എൻ എല്ലിൽ വിവാദം എന്നായിരുന്നു വാർത്തയുടെ തലക്കെട്ട്. ഐ എൻ എൽ ഭാരവാഹിയെന്ന നിലയിലല്ല വഖഫ് ആക്ഷൻ കൗൺസിൽ ഭാരവാഹിയെന്ന നിലയിലാണു പരിപാടി നടത്തുന്നതെന്നാണ് എ പി അബ്ദുൽ വഹാബ് വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചത്.

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് സമസ്ത മുശാവറ അംഗം പോലും പിന്തുണ പ്രഖ്യാപിക്കാനുള്ള സാഹചര്യമുണ്ടാക്കിയ വഖഫ് ആക്ഷൻകൗൺസിലിനെ ഐ എൻ എൽ ജനറൽ സെക്രട്ടറിയും മന്ത്രി ദേവർകോവിലും എതിർക്കുന്നതിന്റെ രാഷ്ട്രീയം എന്താണെന്നാണ് വഹാബ് വിഭാഗം ഉയർത്തുന്ന ചോദ്യം. വഖഫ് ഉൾപ്പടെയുള്ള വിഷയങ്ങളിലെ ആശയപരമായ ഭിന്നത മറച്ചുവെച്ചു കൊണ്ട് ചെയർമാൻ, ബോർഡ് സ്ഥാനങ്ങളെ ചൊല്ലിയുള്ള തർക്കമാണ് ഭിന്നതക്കുള്ള ഏക കാരണമെന്ന് കാസിം വിഭാഗം പ്രചരിപ്പിക്കുന്നത് ഇടതുപക്ഷ നേതൃത്വത്തിന്റെ കണ്ണിൽ പൊടിയാനുള്ള കുതന്ത്രമായിട്ടാണ് വഹാബ് വിഭാഗം കാണുന്നത്.

മുസ്ലിം സമുദായത്തിന്റെ വലിയ ഐക്യവേദിക്കായി എ പി അബ്ദുൾ വഹാബ് നേതൃത്വം നൽകി വരുമ്പോഴാണ് കാന്തപുരത്തിന്റെ മധ്യസ്ഥതയിൽ എടുത്ത തീരുമാനങ്ങൾ റദ്ദ് ചെയ്തുകൊണ്ട് അഖിലേന്ത്യാ നേതൃത്വത്തെ കൂട്ടുപിടിച്ച് ഐ എൻ എൽ സംസ്ഥാന കമ്മിറ്റി രാത്രിക്ക് രാത്രിക്ക് പിരിച്ചുവിടപ്പെടുന്നതും മന്ത്രി ദേവർകോവിൽ അഡ്‌ഹോക് കമ്മിറ്റിയുടെ ചെയർമാനാകുന്നതും. നാളെ വൈകീട്ട് നാലിന് കോഴിക്കോട് ശിക്ഷക് സദനിൽ വഖഫ് സംരക്ഷണ സമിതി വിപുലീകരണ യോഗം കോഴിക്കോട് നടക്കാനിരിക്കുകയാണ്. നാളെ ഉച്ചയ്ക്ക് രണ്ടിന് കാസിം ഇരിക്കൂറും കോഴിക്കോട്ട് മാധ്യമപ്രവർത്തകരെ കാണുന്നുണ്ട്.