ലണ്ടൻ: ഈശ്വരൻ സത്യം എന്തെന്നറിയും പക്ഷെ വൈകിയേക്കും എന്നത് ലിയോ ടോൾസ്റ്റോയിയുടെ ഒരു ചെറുകഥയുടെ പേരാണ്. ഇത് അന്വർത്ഥമാക്കുന്ന ഒന്നാണ് ബ്രിട്ടനിലെ വനിത വികാരിയുമായി ബന്ധപ്പെട്ട ഈ സംഭവം. 40 വർഷങ്ങൾക്ക് മുൻപ്, വെറും 13 വയസ്സുമാത്രം പ്രായമുള്ളപ്പോൾ അഞ്ചും പതിനൊന്നും വയസ്സുവീതം പ്രായമുള്ള രണ്ടു പെൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കി എന്നതായിരുന്നു വെറോണിക്ക ഗ്രീൻ എന്ന ഈ വനിതാ വികാരിക്ക് എതിരെ ഉയർന്ന ആരോപണം. നോർത്ത് സ്റ്റഫോർഡ്ഷയറിൽ താമസിക്കുന്ന കാലത്തായിരുന്നു ഇത് സംഭവിച്ചതെന്നും പരാതിയിൽ പറഞ്ഞിരുന്നു.

2020-ലായിരുന്നു ഇതുമായി ബന്ധപ്പെട്ട പരാതി പൊലീസിന് ലഭിക്കുന്നത്. തുടർന്ന് ഇവരെ മാർബറി, ടുഷ്ണിങ്ഹാം ആൻഡ് വൈറ്റ്‌വെല്ലിലെ റെവറെൻഡ് സ്ഥാനത്തുനിന്നും താത്ക്കാലികമായി മാറ്റിനിർത്തിയിരിക്കുകയായിരുന്നു. 40 വർഷം മുൻപാണ് സംഭവം നടക്കുന്നതെന്ന് പരാതിയിൽ പറഞ്ഞിരുന്നു. അന്ന് 13 വയസ്സുണ്ടായിരുന്ന വെറോണിക്ക ഗ്രീൻ ഒരു ബേബിസിറ്റർ ആയി ജോലിനോക്കുന്നുണ്ടായിരുന്നു. ഈ അവസരത്തിലാണ് അഞ്ചും പതിനൊന്നും വയസ്സുള്ള രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ചത് എന്നായിരുന്നു ആരോപണം.

അഞ്ചുവയസ്സുള്ള കുട്ടിയുടെ മുൻപിൽ താൻ നഗ്‌നത പ്രദർശിപ്പിച്ചു എന്നകാര്യം വിചാരണയ്ക്കിടെ അവർ സമ്മതിച്ചു. എന്നാൽ, ഏതെങ്കിലും വിധത്തിലുള്ള ലൈംഗികബന്ധം നടത്തിയിട്ടില്ലെന്നും അവർ പറഞ്ഞു. മാത്രമല്ല, അന്ന് കേവലം 13 വയസ്സ് മാത്രം പ്രായമുള്ള തനിക്ക് താൻ ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന കാര്യം അറിയില്ലായിരുന്നു എന്നും അവർ പറഞ്ഞു. വിശദമായ വാദം കേട്ട കോടതി വെറോണിക്ക കുറ്റക്കാരിയല്ലെന്ന് വിധിക്കുകയായിരുന്നു.

അശ്ലീലമായി പെരുമാറി എന്ന അഞ്ച് കൗണ്ടുകളും ലൈംഗിക പീഡനത്തിന്റെ ഒരു ആരോപണവും തെളിയിക്കാൻ പ്രോസിക്യുഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. സ്റ്റോക്ക്-ഓൺ-ടേന്റിലെ ക്രൗൺ കോർട്ടിലായിരുന്നു കേസ് വിചാരണയ്ക്കെത്തിയത്. വിധി പ്രസ്താവം കേട്ട ഉടനെ ഇപ്പോൾ 53 കാരിയായ വെറോണിക്ക ഗ്രീൻ കോടതിമുറിയിൽ തന്നെ പൊട്ടിക്കരഞ്ഞു. ഒരു കുടുംബം എന്ന നിലയിൽ, സ്വസ്ഥമായി ജീവിക്കാൻ ആഗ്രഹിക്കുന്നു എന്നു മാത്രമായിരുന്നു അവർ പ്രതികരിച്ചത്.

എന്നാൽ അച്ചടക്ക നടപടികൾ പൂർത്തിയാകും വരെ വെറോണിക്ക സസ്പെൻഷനിൽ തന്നെ തുടരുമെന്ന് ചെസ്റ്റർ രൂപത ഒരു പത്രക്കുറിപ്പിൽ അറിയിച്ചു. വെറോണിക്കയെ കോടതി കുറ്റവിമുക്തയാക്കിയതിനെ തുടർന്ന് സഭയ്ക്കുള്ളിൽ ചില ഔപചാരിക നടപടികൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും സാഹചര്യം വിലയിരുത്തേണ്ടതുണ്ടെന്നും ബിഷപ്പ് ജൂലി കൊണാൾട്ടി പറഞ്ഞു. അതിനുശേഷമായിരിക്കും അവരുടെ സസ്പെൻഷൻ കാര്യത്തിൽ തീരുമാനമെടുക്കുക.