തൃശൂർ: മലയാള ഭാഷാ ചിത്രങ്ങളുടെ പ്രദർശനം നിർത്തിവച്ചു അന്യഭാഷാ ചിത്രങ്ങൾ മാത്രം പ്രദർശിപ്പിക്കുന്നത് തിയേറ്റർ ഉടമകളുടെ ധിക്കാരമാണെന്ന് നടനും പാർലമെന്റ് അംഗവുമായ ഇന്നസെന്റ് പറഞ്ഞു. ഇത് മലയാള ഭാഷയെയും മലയാളിയെയും അപമാനിക്കുന്നതാണെന്നും തിയേറ്റർ ഉടമകളുടെ ധിക്കാരം ഓർത്ത് ഓരോ കേരളീയനും തല താഴ്‌ത്തണമെന്നും താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടിയായ ഇന്നസെന്റ് പറഞ്ഞു. അയൽ സംസ്ഥാനങ്ങളിൽ എവിടെയെങ്കിലുമായിരുന്നു ഇതു സംഭവിച്ചിരുന്നതെങ്കിൽ തിയറ്ററിനും ഉടമയ്ക്കും എന്തു സംഭവിക്കുമെന്നു താൻ പറയാത്തത് സമാധാനം ആഗ്രഹിക്കുന്നതിനാലാണെന്നും ഇന്നസെന്റ് പറഞ്ഞു.

മലയാളഭാഷയ്ക്കു നേരിട്ട ഈ അപമാനത്തിൽ അമ്മയുടെ പ്രസിഡന്റെന്ന നിലയിൽ എനിക്ക് വേദനയുണ്ട്. തിയേറ്ററുകളിൽ ടിക്കറ്റ് നൽകുന്നതിന് യന്ത്രം സ്ഥാപിക്കാൻ സർക്കാർ നീക്കം നടത്തുന്ന വിവരം പുറത്തായതാണ് സമരത്തിനിടയാക്കിയതെന്ന് ആരോപണമുണ്ട്. തിയേറ്ററുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനു നൽകേണ്ട നികുതിയിലും ക്ഷേമനിധിയിലേക്ക് ഓരോ പ്രേക്ഷകനും നൽകുന്ന മൂന്നു രൂപയിലും വൻ വെട്ടിപ്പു നടക്കുന്നുണ്ടെന്ന ആരോപണമുണ്ട്. ഇതു ശരിയാണെങ്കിൽ ജനപ്രതിനിധി എന്ന നിലയിൽ ഞാൻ അത് ഗൗരവത്തോടെ കാണും. ഇന്നസെന്റ് പറഞ്ഞു.