തിരുവനന്തപുരം: ബ്രേക്കിങ് ന്യൂസിനായി പഞ്ഞു പറഞ്ഞ് ഏതറ്റം വരെ പോകുന്ന ചില മാദ്ധ്യമപ്രവർത്തകരെ ചാനലുകളിൽ കാണാനാകും. അവേശം കൂട്ടാനായി പറഞ്ഞു കാടു കയറുമ്പോൾ പലർക്കും വസ്തുതകൾ തെറ്റിപ്പോയിരിക്കും. ഇത്തരക്കാരോടു ഒരു മുന്നറിയിപ്പു കഥ പറയുകയാണ് നടനും പാർലമെന്റ് അംഗവുമായ ഇന്നസെന്റ്.

ഇന്നസെന്റിന്റെ ഫേസ്‌ബുക് കുറിപ്പ്:

ഡൽഹിയിൽ പാർലമെന്റ് സമ്മേളനം കഴിഞ്ഞുവന്നാൽ പത്രം വായനയാണ് പ്രധാന വിനോദം. ഒരുദിവസം പത്രം എടുത്തപ്പോൾ ഒന്നാംപേജിൽത്തന്നെ നടുക്കുന്ന വാർത്തയായിരുന്നു. തീവണ്ടി പാളം തെറ്റി 120 മരണം. വലിയ വേദനയോടെ ആ വാർത്ത വായിച്ചുതീർന്നപ്പോൾ എന്റെ മനസ്സ് കുട്ടിക്കാലത്തേക്ക് തിരിച്ചുനടന്നു. ഇരിങ്ങാലക്കുടയിലെ ആ പഴയ ദിനങ്ങൾ. അവിടെ എന്നോട് പിണങ്ങിനിൽക്കുന്ന എന്റെ അമ്മാമ ചെർച്ചിക്കുട്ടി.

അമ്മാമയും ഞാനുംതമ്മിൽ നല്ല കൂട്ടായിരുന്നു. സ്കൂളിൽപ്പോകുക, പഠിക്കുക എന്നീ കാര്യങ്ങളിൽ മുഴുകേണ്ടതില്ലാത്തതിനാൽ വീട്ടിൽ ഏറ്റവുമധികം ഫ്രീ ടൈം ഉള്ളയാൾ ഞാനായിരുന്നു. അതുകൊണ്ടാണ് അമ്മാമയും ഞാനും തമ്മിൽ കൂടുതൽ അടുക്കാൻ കാരണം. അമ്മാമയുടെ ഉച്ചകളിൽ കൂട്ടായി എപ്പോഴും ഞാനുണ്ടാവും.

പത്രം വായിച്ചുകേൾക്കുക അമ്മാമയ്ക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമായിരുന്നു. എല്ലാദിവസവും എന്നെ വിളിച്ചിരുത്തി അതത് ദിവസത്തെ പത്രം ഉറക്കെ വായിപ്പിക്കും. അപകടവാർത്തകളോടായിരുന്നു അമ്മാമയ്ക്ക് കൂടുതൽ പ്രിയം. ‘ചേർത്തലയിൽ ബസും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു'; ‘ഒലവക്കോട് വെടിക്കെട്ടപകടത്തിൽ അഞ്ചുപേർ മരിച്ചു'. ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ അമ്മാമയുടെ മുഖത്ത് വിടരുന്ന തെളിച്ചം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.

ഒരാഴ്ച ഞാൻ വായിച്ചുകൊടുത്ത വാർത്തകളും മനസ്സിൽനിറച്ചാണ് അമ്മാമ ഞായറാഴ്ച പള്ളിയിൽപ്പോകുക. പള്ളി പിരിയുമ്പോൾ അമ്മാമയും സുഹൃത്തുക്കളായ ചക്കച്ചാംപറമ്പിൽ മറിയം, പീതായി, ആലേങ്ങാടാൻ മേരിച്ചേച്ചി എന്നിവരും ഒത്തുചേരും. അവരോട് അമ്മാമ വായിച്ചുകേട്ട വാർത്തകൾ പറയും. പത്രം വായിക്കാത്ത അവർ വാർത്തകൾ കേട്ട് അമ്പരന്നിരിക്കും. അവരുടെ മുന്നിൽ അമ്മാമ ഹീറോയിൻ ആവും. പത്രം വായിച്ചുകൊടുക്കുന്നതിന് അമ്മാമ തരുന്ന ചില്ലറത്തുട്ടുകളാണ് അക്കാലത്തെ എന്റെ പോക്കറ്റ് മണി. ഈ കലാപരിപാടി തുടർന്നു. പതുക്കെപ്പതുക്കെ അമ്മാമയ്ക്ക് ഞാൻ വായിച്ചുകൊടുക്കുന്ന വാർത്തകൾ ഒരു എരം പോരാ എന്നായി. ‘പീരുമേട്ടിൽ വാൻ മറിഞ്ഞ് ഏഴുപേർ മരിച്ചു' എന്ന് ഞാൻ വായിച്ചാൽ അപ്പോൾ അമ്മാമ പറയും- ‘എടാ ഏഴുപേരേ മരിച്ചുള്ളൂ? കൊറച്ചൂടെ വലുതൊന്നുമില്ലേ? ‘അമ്മാമയ്ക്ക് വാർത്താലഹരി തലയ്ക്കുപിടിച്ചതായി എനിക്കു മനസ്സിലായി. ആ ലഹരിയുടെ പിച്ചിനനുസരിച്ച് പിടിച്ചില്ലെങ്കിൽ അമ്മാമയെന്ന കസ്റ്റമറെ എനിക്ക് നഷ്ടമാവും. എന്റെ വരുമാനം നിലയ്ക്കും. അക്കാലത്ത് അതെനിക്ക്‌ താങ്ങാനുമായിരുന്നില്ല. അതുകൊണ്ട് ഞാൻ അമ്മാമയ്ക്ക് തൃപ്തിയാവുന്ന തരത്തിൽ അപടത്തിന്റെ വലിപ്പവും മരണ സംഖ്യയുമൊക്കെ കൂട്ടിപ്പറഞ്ഞുതുടങ്ങി. ‘ബസും ലോറിയും കൂട്ടിയിടിച്ച് പുഴയിലേക്കു മറിഞ്ഞ് 50 പേർ മരിച്ചു; 20 പേർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ', 'വീടിനു തീപ്പിടിച്ച് പത്തംഗ കുടുംബം വെന്തുമരിച്ചു'. ഇങ്ങനെ വാർത്തകൾ ഉണ്ടാക്കിത്തുടങ്ങി. അത് അമ്മാമയ്ക്ക് രസിച്ചുംതുടങ്ങി. ഞാൻ എന്റെ ‘ലഹരിവിൽപ്പന' തുടർന്നു. കൂട്ടുകാരികൾക്കിടയിൽ അമ്മാമ വീരനായികയായിത്തുടർന്നു.
ഒരുദിവസം ഏതോ ഒരു വാർത്ത വായിച്ചപ്പോൾ അമ്മാമയ്ക്ക് അതുകൊണ്ട് മതിയായില്ല. അതൃപ്തിയോടെ അമ്മാമ എന്നെ നോക്കി. അപ്പോൾ പത്രത്തിലേക്ക് നോക്കി ഞാൻ വായിച്ചു- പീരുമേട്ടിൽ അംബാസഡർ കാർ കൊക്കയിലേക്കു മറിഞ്ഞ് 17 പേർ തത്‌ക്ഷണം മരിച്ചു; 12 പേരെ മൂന്നാറിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു' എന്നിട്ട് ഞാൻ അമ്മാമയുടെ മുഖത്തേക്ക് ഒരു കള്ളനോട്ടം നോക്കി. അമ്മാമയുടെ മനസ്സുവായിച്ച് ഞാൻ പറഞ്ഞു- മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ട്. അമ്മാമയുടെ മുഖം പൂർണചന്ദ്രനെപ്പോലെ തെളിഞ്ഞുവിടർന്നു. എനിക്ക്‌ സമാധാനമായി. അന്ന് എനിക്ക്‌ ഒറ്റ രൂപയുടെ നാണയമാണ് തന്നത്. അതുംകൊണ്ട് കൂട്ടുകാരൻ ജോയിയെയും കൂട്ടി ഞാൻ എം.ജി.ആറിന്റെ ‘നാടോടി മന്നൻ' സിനിമ കണ്ടു; ഇസ്‍ലാമിയ ഹോട്ടലിൽനിന്ന്‌ വയറുനിറച്ച് കാപ്പിയും പലഹാരവും കഴിച്ചു. ഞാൻ ജോയിയോട് പറഞ്ഞു- എടാ എത്രപേരെ കൊന്നിട്ടാണ് ഈ സിനിമകാണലും കാപ്പികുടിയും നടന്നത് എന്ന് നിനക്കറിയുമോ?' ഞാൻ വായിച്ചുകൊടുത്ത വാർത്തയുമായാണ് പിറ്റേന്ന് അമ്മാമ പള്ളിയിൽപ്പോയത്.

കനംവച്ച മുഖവുമായാണ് അന്ന് അമ്മാമ പള്ളിയിൽ നിന്നും വന്നത്. വന്നയുടനെ ഒന്നുമിണ്ടാതെ ഒരിടത്തുചെന്നിരുന്നു. കാര്യമൊന്നുമറിയാത്തതുകൊണ്ട് ഞാൻ നേരേ അമ്മാമയുടെ അടുത്തേക്കുചെന്നു. അപ്പോൾ അമ്മാമ പറഞ്ഞു- ‘ഇന്നസെന്റേ നീ ഇനി എന്റെ മുന്നിൽ വരേണ്ട. സ്കൂളിൽ തോറ്റുതോറ്റ് നീ വരുമ്പോഴെല്ലാം ഞാനേ ഈ വീട്ടിൽ നിന്നെ പിന്തുണയ്ക്കാനുണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്ന് ഞാൻ എന്റെ സുഹൃത്തുക്കൾക്കുമുന്നിൽ നാണംകെട്ടു, നീ കാരണം'

എനിക്കൊന്നും മനസ്സിലായില്ല. ഞാൻ മിണ്ടാതെ നിൽക്കുന്നതു കണ്ടപ്പോൾ അമ്മാമ തുടർന്നു- ‘എന്താ നീ ഇന്നുരാവിലെ എനിക്ക് പത്രംവായിച്ചു പറഞ്ഞുതന്നത്? അംബാസഡർ കാർ മറിഞ്ഞ് 17 പേർ മരിച്ചു, 12 പേർ ആശുപത്രിയിലായി എന്ന്. എങ്ങനെയാടാ ഒരു കാറിൽ 17 പേർ കയറുക? നിനക്ക് 100 പേരെക്കൂടിക്കൂട്ടാമായിരുന്നില്ലേ? മറിയത്തിന്റെയും പീതായിയുടെയും മുന്നിൽ ഞാൻ ആകെ നാണംകെട്ടുപോയി'.

ഞാൻ ഒന്നുംമിണ്ടാതെ നിന്നു. എന്റെ പോക്കറ്റ്മണി ഇനിമുതൽ ഇല്ല എന്നകാര്യം തീരുമാനമായി.
എന്റെ ജീവിതത്തിൽ എപ്പോഴും ഏത് പ്രതിസന്ധിയിലും രക്ഷകനായി എത്തുക എന്റെ അപ്പനാണ്. ഞാൻ ഒന്നും മിണ്ടാതെ നിൽക്കുമ്പോൾ തൊട്ടപ്പുറത്തുനിന്ന് അപ്പന്റെ ശബ്ദം ഉയർന്നു, അമ്മാമയോടായി- ‘അമ്മ എന്തിനാ അവനെ ഇങ്ങനെ വഴക്കുപറേണേ? ഒരു കാറിൽ 29 പേർക്ക് കയറാൻ പറ്റില്ല എന്ന കാര്യം സത്യമാണ്. എന്നാൽ അവന് അതറിയില്ലാലോ. അവൻ കണക്കില് മോശാണ് എന്ന് അമ്മയ്ക്കറിയില്ലേ? കഴിഞ്ഞതവണ അവന് ഒന്നര മാർക്കല്ലേ കണക്കിൽ കിട്ടിയത്?'

അമ്മാമ അതുകേട്ട് ഒന്നും മിണ്ടാതെ എന്നെത്തന്നെ നോക്കി. എന്നിട്ടെന്റെ തലയിൽ ഒന്നു തലോടി. എന്നിട്ട് പറഞ്ഞു- ഇന്നസെന്റേ നീ കണക്കിൽ ശ്രദ്ധിക്കണം. പിൻകുറിപ്പ്: കാഴ്ചക്കാരെ പിടിച്ചുനിർത്താൻ ഒന്നിനുപിറകെ ഒന്നായി ബ്രേക്കിങ്‌ ന്യൂസ് നിരത്തുന്ന മാദ്ധ്യമപ്രവർത്തകരുടെ ശ്രദ്ധയ്ക്ക്: ആളുകളെ ഹരംപിടിപ്പിച്ച് പറഞ്ഞുപറഞ്ഞ് കൈവിട്ടുപോയാൽ നിങ്ങളെ രക്ഷിക്കാൻ എന്റെ അപ്പൻ തെക്കേത്തല വറീതിനെപ്പോലുള്ള ആളുകൾ ഉണ്ടായി എന്നുവരില്ല.