കൊച്ചി: പാവപ്പെട്ട രോഗികളെ ഡോക്ടർമാരും ലാബുകളും ചൂഷണം ചെയ്യുന്ന വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് ചാലക്കുടി എംപി ഇന്നസെന്റ്. അർബുദ രോഗത്തിൽ നിന്നു മോചിതനായ അദ്ദേഹം പൊതുരംഗത്തു സജീവമാകുന്നതിനൊപ്പം സിനിമയിലും സജീവമാകുകയാണ്.

സത്യൻ അന്തിക്കാടിന്റെ സിനിമയിലൂടെയാണ് അഭിനയരംഗത്ത് അദ്ദേഹം തിരികെയെത്തുന്നത്. ക്യാൻസറിന്റെ പിടിയിൽ നിന്ന് രണ്ടാമതും രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലുമാണ് ഇന്നസെന്റ്.

സ്വന്തം മണ്ഡലമായ ചാലക്കുടിയിൽ ഇനി വീണ്ടും സജീവമാകണം. മണ്ഡലത്തിൽ ആരോഗ്യ രംത്ത് വിവിധ വികസന പ്രവർത്തനങ്ങൾ നടത്തുന്നതിന് മുൻഗണന നൽകും. ആരോഗ്യം വീണ്ടെടുത്തു സത്യ അന്തിക്കാടിന്റെ സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വീണ്ടും വരുമെന്നും ഇന്നസെന്റ് പറഞ്ഞു.

രണ്ടാമത്തെ പുസ്തകമായ ക്യാൻസർ വാർഡിൽ നിന്നുള്ള കുറിപ്പുകളുടെ പണിപ്പുരയിലാണ് ഇന്നസെന്റ് ഇപ്പോൾ. ഇന്നസെന്റ് എഴുതിയ ക്യാൻസർ വാർഡിലെ ചിരി എന്ന പുസ്തകത്തിന്റെ ഹിന്ദി പതിപ്പ് ഉടൻ പുറത്തിറങ്ങും.

കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിലൂടെ രോഗബാധയിൽ നിന്നു മോചിതനായ വിവരം അദ്ദേഹം അറിയിച്ചിരുന്നു. രണ്ടു ദിവസം മുൻപ് നടത്തിയ സ്‌കാനിംഗിൽ രോഗം പൂർണമായി മാറിയതായി കണ്ടെത്തിയെന്ന് ഇന്നസെന്റ് പറഞ്ഞു. ഡൽഹി എയിംസിലെ ഡോ. ലളിത് കുമാറും ഡോ. ഗംഗാധരനും ഇക്കാര്യം സ്ഥിരീകരിച്ചുവെന്നും ഇന്നസെന്റ് വ്യക്തമാക്കുന്നു. 'ഇനിയുള്ള കാലം പഴയതുപോലെ ഞാൻ നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും. നിങ്ങളുടെ പ്രാർത്ഥനകൾക്ക് ഒരായിരം നന്ദി.' ഇന്നസെന്റ് പറഞ്ഞു.

നേരത്തെ ക്യാൻസർ രോഗികളുടെ പ്രശ്‌നങ്ങളും ചികിത്സക്കായി വേണ്ട കാര്യങ്ങളും സ്വന്തം അനുഭവം കൂടി വിശദീകരിച്ച് കൊണ്ട് ലോക്‌സഭയിൽ ഇന്നസെന്റ് മലയാളത്തിൽ നടത്തിയ പ്രസംഗം ഏറെ ചർച്ചയായിരുന്നു. ക്യാൻസർ ചികിത്സക്കായി രാജ്യത്ത് അത്യാധുനികസൗകര്യങ്ങൾ കൊണ്ട് വരണമെന്ന് ഇന്നസെന്റ് എം പി ആവശ്യപ്പെട്ടിരുന്നു. പല വിദേശരാജ്യങ്ങളിലും നാൽപത് വയസ് കഴിഞ്ഞാൽ ക്യാൻസർ പരിശോധന നിർബന്ധമാക്കിയിട്ടുണ്ടെന്നും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചേർന്ന് സൗജന്യ സംവിധാനം ഉണ്ടാക്കണമെന്നും ഇന്നസെന്റ് പാർലമെന്റിൽ സംസാരിക്കവെ ആവശ്യപ്പെട്ടിരുന്നു.