ഷിക്കാഗോ: ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസിന്റെ കേരളാചാപ്റ്റർ നാഷണൽ കൺവെൻഷൻ സമാപന സമ്മേളനം നവംബർ നാലാം തീയതി ഷിക്കാഗോ പ്രോസ്പക്ട് ഹൈറ്റിസിലുള്ള കൺട്രി ഇൻ ബാങ്ക്വറ്റ് ഹാളിൽ വെച്ച് സാം പിട്രോഡാ ഉദ്ഘാടനം ചെയ്യുന്നതാണ്. ശാസ്ത്ര സാങ്കേതികരംഗത്ത് കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിലായി ഇന്ത്യ കൈവരിച്ച അതുല്യനേട്ടങ്ങളുടെ പിന്നണി ശിൽപികളിൽ അഗ്രഗണ്ണ്യനും ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ, കംപ്യൂട്ടർ നെറ്റ് വർക്ക് തുടങ്ങി ഭാരതത്തിന്റെ നവോത്ഥാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ടും രാജീവ് ഗാന്ധിക്കും മന്മോഹൻസിംഗിനും ശക്തിപകർന്നുകൊണ്ടും സ്വന്തം പ്രവർത്തനപാഠവം തെളിയിച്ചുകൊണ്ടും ലോകശക്തികളിൽ ഒന്നായി ഭാരതത്തെ ഉയർത്തുവാൻ ചുക്കാൻ പിടിച്ചവരിൽ പ്രമുഖനും  സയന്റിസ്റ്റുമാണ് സാം പിട്രോഡാ.

യോഗത്തെ അഭിസംബോധനം ചെയ്തുകൊണ്ട് മുൻ കേന്ദ്രമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമുന്നത നേതാവുമായ കൊടിക്കുന്നിൽ സുരേഷ് എംപി, ഓൾ കേരളാ പ്രൊഫഷണൽ കോൺഗ്രസ് പ്രസിഡന്റ് ഡോ.മാത്യു കുഴലനാടൻ ഐഎൻഓസിയുടെ സ്ഥാപക നേതാവും മുൻപ്രസിഡന്റും ഇപ്പോഴത്തെ ചെയർമാനുമായ ജോർജ് എബ്രഹാം തുടങ്ങിയ പ്രമുഖ നേതാക്കൾ സംസാരിക്കുന്നതാണ്.

കുട്ടികളുടെ കലാപരിപാടികൾ ജൂബി വള്ളിക്കളം നയിക്കുകയും വിവിധ കമ്മറ്റികളും അവയുടെ ഭാരവാഹികളും യോഗനടപടികൾ നിയന്ത്രിക്കുന്നതും സുവനീറിന്റെ പ്രകാശകർമ്മം നിർവ്വഹിക്കുന്നതുമായിരിക്കുമെന്ന് കൺവെൻഷൻ ചെയർമാൻ പോൾപറമ്പി അറിയിച്ചു.