- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ അപൂർവ്വ സുന്ദരമായ ആഡംബര സൗധത്തിൽ ഒരു ഇന്ത്യൻ ജീൻ വാണരുളുമെന്ന് ആരെങ്കിലും കരുതിയോ? അമേരിക്കൻ വൈസ് പ്രസിഡണ്ട് കമലയുടെ ഔദ്യോഗിക വസതിയിലെ സുന്ദരം കാഴ്ച്ചകൾ
വാഷിങ്ടൺ: അമേരിക്കയുടെ വൈസ് പ്രസിഡണ്ട് എന്നനിലയിൽ തന്റെ ആദ്യ വാരാന്ത്യം കമലാ ഹാരിസ് ചെലവഴിക്കുക വാഷിങ്ടൺ ഡി സിയിലെ ഔദ്യോഗിക വസതിയിലായിരിക്കും. വൈറ്റ്ഹൗസിന്റെ നേരെ എതിർഭാഗത്ത് 1651 പെൻസിൽവാനിയ അവന്യു എന്ന വിലാസത്തിലുള്ള വസതിയിൽ കമലയും ഭർത്താവ് ഡഗ് എംഹോഫും ആണ് താമസിക്കുക. വൈസ് പ്രസിഡണ്ടാകുന്നതിനു മുൻപ് വരെ 56 കാരിയായ കമലാ ഹാരിസ് താമസിച്ചിരുന്നത ലോസ് ഏഞ്ചലസിലായിരുന്നു.
ഇടക്ക് ഒറ്റ ചുമരുകൊണ്ട് വേർതിരിച്ചിട്ടുള്ള നാല് വീടുകൾ ഒരുമിച്ചുചേർത്ത ഈ സൗധം 19-)0 നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണ്. അമേരിക്കൻ സൈന്യത്തിന്റെ ആദ്യ ജനറലനിനായി 1824-ൽ പണികഴിപ്പിച്ച ഈ വീട്ടിൽ ചരിത്രത്തിൽ ഇടം നേടിയ നിരവധി വസ്തുക്കളുണ്ട്. ഫ്രാങ്ക്ളിൻ ഡി റൂസ്വെൽറ്റ് പ്രസിഡണ്ടായിരുന്ന കാലത്ത് 1924-ൽ ആണ് സർക്കാർ ഈ വീട് വാങ്ങുന്നത്. അമേരിക്കയുടെ ചരിത്രവും സംസ്കാരവുമായി ബന്ധപ്പെട്ട 1,500 ഓളം പുസ്തകങ്ങൾ അടങ്ങിയ ഒരു വലിയ ലൈബ്രറിയോട് കൂടിയുള്ളതാണ് ഈ വീട്.
60,600 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ സൗധത്തിൽ 119 മുറികൾ, 14 കിടപ്പുമുറികൾ, 35 ശുചിമുറികൾ എന്നിവയുമുണ്ട്. മാത്രമല്ല, വൈറ്റ്ഹൗസിനേക്കാൾ വലിപ്പമുള്ളതുമാണ് ബ്ലെയർ ഹൗസ് എന്ന് പേരുള്ള ഈ സൗധം. ചരിത്രം ഉറങ്ങുന്നയിടം എന്നാണ് ഈ സൗധത്തെ വിശേഷിപ്പിക്കുന്നത്. കറുപ്പും വെളുപ്പും മാർബിൾ പാകിയ ഈ ഇടനാഴിയിലൂടെ നടന്നുപോയവരിൽ ലോകനേതാക്കളിൽ പലരുണ്ട്.
ശുചിമുറികളോടുകൂടിയ നാല് അതിഥിമുറികൾ ഉള്ള ഇവിടെ നാല് ഡൈനിങ് റൂമുകളും ഉണ്ട്. ഇതുകൂടാതെ വലിയൊരു കോൺഫറാൻസ് മുറീയും. സാധാരണയായി ഈ സൗധം അമേരിക്കൻ പ്രസിഡണ്ടിന്റെ അതിഥികൾക്കുള്ള ഗസ്റ്റ്ഹൗസ് ആയാണ് ഉപയോഗിക്കാറുള്ളത്. വൈസ്പ്രസിഡണ്ടിന്റെ ഔദ്യോഗിക വസതി ഇവിടെനിന്നും മൂന്ന് മൈൽ അകലെയുള്ള നേവൽ ഒബ്സർവേറ്ററിയിലാണ്.എന്നാൽ, മൈക്ക് പെൻസ് ഒഴിഞ്ഞുപോയതിനു ശേഷം അവിടെ അറ്റകുറ്റപ്പണികൾ നടക്കുകയാണ്.
പാചകക്കാർ ഉൾപ്പടെ ഈ സൗധത്തിന്റെ ദൈനംദിന കാര്യങ്ങളിൽ ശ്രദ്ധിക്കുവാൻ 18 ജീവനക്കാർ ആവശ്യമാണ്. എലിസബത്ത് രാജ്ഞി, മാർഗരറ്റ് താച്ചർ, വ്ളാഡിമർ പുട്ടിൻ, ജസ്റ്റിൻ ട്രൂഡോ തുടങ്ങിയ പല പ്രമുഖരും തങ്ങളുടെ അമേരിക്കൻ സന്ദർശനവേളയിൽ ഇവിടെ അതിഥികളായി തങ്ങിയിട്ടുണ്ട്. ബുധനാഴ്ച്ച സ്ഥാനാരോഹണത്തിനു മുൻപായി ചൊവ്വാഴ്ച്ച രാത്രി ജോ ബൈഡൻ തങ്ങിയതും ഇവിടെയായിരുന്നു.
മറുനാടന് ഡെസ്ക്